തക്കാളി വിലക്കയറ്റം താൽക്കാലിക പ്രതിഭാസമെന്ന്​ അധികൃതർ; കാരണം ഇതാണ്​

ന്യൂഡൽഹി: തക്കാളി വിലക്കയറ്റം താൽക്കാലികമാണെന്ന്​ വിശദീകരിച്ച്​ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ. രാജ്യത്ത്​ തക്കാളി വില കിലോക്ക്​ നൂറും കടന്ന്​ കുതിക്കുമ്പോഴാണ്​ വിശദീകരണവുമായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ രംഗത്ത്​ എത്തിയത്​. എല്ലാ വർഷത്തിലും ഈ സമയം ഇത്തരമൊരു പ്രതിഭാസം സ്ഥിരമാണെന്നും കേന്ദ്ര ഉപഭോക്​തൃകാര്യ സെക്രട്ടറി രോഹിത്​ കുമാർ സിങ്​ പറയുന്നു.

‘തക്കാളി വേഗം നശിച്ചുപോകുന്ന ഒരു പച്ചക്കറിയാണ്​. കനത്ത മഴ കാരണം തക്കാളിയുടെ വിതരണം പലയിടങ്ങളിലും തടസപ്പെട്ടിട്ടുണ്ട്​. ഇതൊരു താൽക്കാലിക പ്രശ്നമാണ്​. വില ഉടൻ കുറയും. എല്ലാവർഷവും ഈ സമയം ഇത്തരമൊരു പ്രതിഭാസം സംഭവിക്കാറുണ്ട്​’-രോഹിത്​ കുമാർ സിങ് ദേശീയമാധ്യമതേതാട്​ പറഞ്ഞു.

തക്കാളി വരവ് കുറഞ്ഞതോടെയാണ്​ വില കുതിച്ചുയരാൻ തുടങ്ങിയത്​. രണ്ടാഴ്ചയ്ക്കിടെ ചില്ലറവിപണിൽ 40 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോഗ്രാം തക്കാളി വില 100 കടന്നു. കർണാടകയിൽ നിന്നാണ് മുംബൈ വിപണിയിലേക്കുള്ള തക്കാളി കൂടുതലായി എത്തിക്കുന്നത്. അവിടെ മഴയെത്തുടർന്ന് ഉൽപാദനവും വരവും കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞിട്ടുണ്ട്.

മെയിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്​.

ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി ഉത്പാദനം കുറഞ്ഞു. ഇപ്പോൾ ബാംഗ്ലൂരിൽ നിന്നാണ് പല സംസ്ഥാനങ്ങൾക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയിൽ നിലത്ത് പടർത്തിയിരുന്ന തക്കാളിച്ചെടികൾ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികൾ മാത്രം അതിജീവിച്ചു എന്ന് കർഷകർ പറയുന്നു.

തക്കാളിയുടെ വില മെയ് മാസത്തിൽ കുറഞ്ഞത് കാരണം കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതും ഇപ്പോഴത്തെ മോശമായ ഉൽപാദനത്തിന് കാരണമായി. വില ആദായകരമല്ലാത്തതിനാൽ കർഷകർ കീടനാശിനികൾ തളിക്കുകയോ വളങ്ങൾ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വർധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ച പയർ കൃഷിയിലേക്ക് ഭൂരിഭാഗം കർഷകരും മാറിയതും പ്രതിസന്ധിക്ക്​ കാരണമാണ്​.

Tags:    
News Summary - Spike in tomato prices temporary phenomenon; prices will cool down soon: Govt official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.