അൽഖോബാർ: സൗദിയിൽ മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി (സെലക്ടീവ് ടാക്സ്) ഏർപ്പെടുത്തുന്ന പുതിയ നയം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് അറിയിച്ചു. പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതി ഉയർത്തുന്നതാണ് ഇത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പഞ്ചസാര ഉള്ളിൽ പോകുന്നത് കുറക്കുകയാണ് ലക്ഷ്യം. വ്യവസായികൾ മുൻകാലങ്ങളിൽ ഉയർത്തിയ പ്രധാന ആശങ്കകളിലൊന്നായിരുന്ന ഈ വിഷയത്തിന് ഇപ്പോൾ പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.
പാനീയങ്ങളിലെ പഞ്ചസാര നികുതി പ്രശ്നം പരിഹരിക്കുന്നതിനായി ധനമന്ത്രാലയം, സകാത്-നികുതി-കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ നടത്തിയ സമഗ്രമായി ചർച്ചകൾക്കൊടുവിലാണ് തീരുമാനം. പൊതുജനാരോഗ്യ സംരക്ഷണവും പഞ്ചസാര ഉപഭോഗം കുറക്കലും ലക്ഷ്യമാക്കി, അതേസമയം വ്യവസായങ്ങൾക്ക് പുതുമകളും ഉൽപന്ന വികസനവും നടത്താൻ അവസരം നൽകുന്ന തരത്തിലുള്ള ഒരു സമതുലിത നയം രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) തലത്തിലുള്ള ഏകോപനവുമായി ബന്ധപ്പെട്ടതിനാൽ വിഷയം കൂടുതൽ സങ്കീർണമായിരുന്നുവെന്നും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും തമ്മിൽ സമഗ്രമായ ധാരണയിലെത്തിയ ശേഷമാണ് നികുതി നയത്തിലെ മാറ്റങ്ങൾ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയിലെ വ്യവസായ മേഖലയും ലോകത്തിലെ മറ്റ് രാജ്യങ്ങളിലേതുപോലെ തന്നെ നിരവധി മാറ്റങ്ങളും പ്രതിസന്ധികളും നേരിടുന്നുണ്ട്. ഗൾഫ് സഹകരണ കൗൺസിലിന്റെ ധന-സാമ്പത്തിക സഹകരണ സമിതിയാണ് കഴിഞ്ഞ മാസം മധുരപാനീയങ്ങൾക്കുള്ള നികുതി ഏർപ്പെടുത്തൽ രീതിയിൽ മാറ്റം വരുത്തിയ തീരുമാനം കൈക്കൊണ്ടത്. പുതിയ ടിയേർഡ് വോള്യൂമെട്രിക് സമീപനം പ്രകാരം 100 മില്ലിലിറ്റർ റെഡി-ടു-ഡ്രിങ്ക് പാനീയത്തിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി വിവിധ നിരക്കുകളിൽ നികുതി ചുമത്തും. നിലവിലുള്ള റീട്ടെയിൽ വിലയുടെ 50 ശതമാനം നിരക്കിൽ ഏർപ്പെടുത്തിയിരുന്ന ഫ്ലാറ്റ്-റേറ്റ് നികുതി സംവിധാനം ഇതോടെ മാറും.
പഞ്ചസാര, കൃത്രിമ മധുരങ്ങൾ എന്നിവ ചേർത്ത് പാനീയമായി ഉപയോഗിക്കാൻ തയാറാക്കുന്ന എല്ലാ ഉൽപന്നങ്ങളും, റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ, കോൺസൻട്രേറ്റുകൾ, പൊടികൾ, ജെല്ലുകൾ, എക്സ്ട്രാക്റ്റുകൾ, പാനീയമായി മാറ്റാവുന്ന മറ്റ് രൂപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയും മറ്റ് ജി.സി.സി രാജ്യങ്ങളും പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയുള്ള പുതിയ നിരക്കുകളിലേക്ക് മാറുകയാണ്. കൂടുതൽ പഞ്ചസാര ഉള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്ന രീതിയിലാണ് പുതിയ സംവിധാനം. ഇതിലൂടെ കമ്പനികളെ പഞ്ചസാര ഉപയോഗം കുറക്കാൻ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഉപഭോക്തൃ തെരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുക, അമിതവണ്ണം, പല്ല് ദ്രവിക്കൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുക എന്നിവയും ലക്ഷ്യങ്ങളാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.