തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് വകുപ്പ് ഉത്തരവിറക്കി. കള്ളുഷാപ്പുകളിൽ പരിശോധന നടത്താനും ലൈസൻസില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കതിരെ കർശന നടപടിയെടുക്കാനും എക്സൈസ് കമീഷണർ നിർദേശം നൽകി.
വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പു നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. ‘ഓപറേഷൻ ശുദ്ധി’യുടെ ഭാഗമായി കള്ളുഷാപ്പുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഉത്തരവ്. കഴിഞ്ഞ മാസം കോട്ടയം കുമരകത്ത് കള്ളുഷാപ്പിൽനിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിക്കുകയും നിരവധി പേർ ചികിത്സയിലാവുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
കള്ളുഷാപ്പുകൾ റസ്റ്ററന്റുകളായാണ് പലയിടങ്ങളിലും പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിക്കാൻമാത്രം കള്ളുഷാപ്പുകളിലെത്തുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് കള്ളുഷാപ്പുകൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാക്കിയത്. വ്യാജ കള്ള് നിർമാണം തടയുന്നതിനും ഷാപ്പുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘ഓപറേഷൻ ശുദ്ധി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.