ലോകത്തിലെ ഏറ്റവും 'ദുർഗന്ധമുള്ള' ഭക്ഷണങ്ങളുടെ പട്ടികയിൽ കായവും; സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഇന്ത്യക്കാർ

പ്രശസ്ത അന്താരാഷ്ട്ര ഫുഡ് ഗൈഡായ 'ടേസ്റ്റ് അറ്റ്‌ലസ്' ലോകത്തിലെ ഏറ്റവും ദുർഗന്ധമുള്ള ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഇന്ത്യൻ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായ കായവും ഇടംപിടിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ഒരു തരത്തിലുമുള്ള റേറ്റിങും നൽകാതെ 'രൂക്ഷഗന്ധമുള്ള ഉണക്കമുന്തിരി പോലെയുള്ള സുഗന്ധവ്യഞ്ജനം' എന്നാണ് അവർ കായത്തെ വിശേഷിപ്പിച്ചത്. എന്നാൽ കായത്തിന്റെ മണം ദുർഗന്ധമല്ലെന്നും അതിന്റെ യഥാർത്ഥ രുചിയും ഉപയോഗവും അറിയാത്തതുകൊണ്ടാണ് ഇത്തരമൊരു പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും പറഞ്ഞ് ധാരാളം ഇന്ത്യക്കാരാണ് ഇതിനെതിരെ രംഗത്തുവന്നത്.

ശക്തമായ മണമുള്ള ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ടേസ്റ്റ് അറ്റ്‌ലസ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇതെല്ലാം വെറുതെ ഉണ്ടാക്കിയ ഭക്ഷണങ്ങളല്ലെന്നും വ്യക്തമാക്കിയിരുന്നു. തണുപ്പുകാലത്തോ മറ്റ് പ്രതികൂല സാഹചര്യങ്ങളിലോ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ മുൻകാലങ്ങളിൽ മനുഷ്യർ കണ്ടെത്തിയ വഴികളാണ് ഇത്തരം ഭക്ഷണരീതികൾക്ക് പിന്നിലെന്ന് അവർ വിശദീകരിച്ചു. ഫ്രിഡ്ജുകളും മറ്റും വരുന്നതിന് മുൻപ് അഴുകിച്ചേർത്തും ഉപ്പിലിട്ടും കുഴിച്ചിട്ടുമാണ് ഭക്ഷണങ്ങൾ സംരക്ഷിച്ചിരുന്നത്. കഠിനമായ മണത്തിന് പിന്നിൽ അതിജീവനത്തിന്റെ ചരിത്രവും നൂറ്റാണ്ടുകളുടെ പ്രാദേശിക സംസ്കാരവുമാണെന്ന് ടേസ്റ്റ് അറ്റ്‌ലസ് വ്യക്തമാക്കുന്നു.

എന്നാൽ ഈ വിശദീകരണം ഇന്ത്യൻ ഭക്ഷണപ്രേമികളെ തൃപ്തിപ്പെടുത്തിയില്ല. വെളുത്തുള്ളിയും സവാളയും ഉപയോഗിക്കാത്ത വിഭവങ്ങൾക്ക് മികച്ച രുചിയും മണവും നൽകാൻ കായത്തിന് സാധിക്കുമെന്നും ഇത് ദുർഗന്ധമല്ലെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ പച്ചക്കായത്തിലുള്ള സൾഫർ സംയുക്തങ്ങളാണ് ഇതിന് കടുപ്പമുള്ള മണം നൽകുന്നതെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൂടുള്ള എണ്ണയിലോ നെയ്യിലോ വഴറ്റുമ്പോൾ ഈ മണം മാറി വിഭവത്തിന് അപാരമായ രുചിയും സുഗന്ധവും ലഭിക്കും. കൂടാതെ വയറു വീർക്കുന്നതിനും ഗ്യാസ് പ്രശ്നങ്ങൾക്കും കായം മികച്ചൊരു ഔഷധം കൂടിയാണ്. ഒരു നുള്ളു കായം കൊണ്ട് വിഭവങ്ങളുടെ മാറ്റ് കൂട്ടാമെങ്കിലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ഗർഭിണികളും ഇത് അമിതമായി ഉപയോഗിക്കരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - World’s Stinkiest Foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-02 10:04 GMT