മുംബൈ: വ്യാജ ഡെയറി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിന്‍റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തുടനീളം നോൺ-ഡെയറി അല്ലെങ്കിൽ അനലോഗ് പനീറിന്റെ നിർമാണവും വിൽപ്പനയും പൂർണമായി നിരോധിച്ചു. ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുകാറാം മുണ്ടെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇത്തരം വ്യാജ പനീറുകളുടെ നിർമാണം, സംസ്കരണം, പാക്കിങ്, സംഭരണം, കൈമാറ്റം, മൊത്ത-ചില്ലറ വിൽപ്പന തുടങ്ങി എല്ലാത്തരം ഇടപാടുകൾക്കും പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പാൽ കൊഴുപ്പിന് പകരം സസ്യ എണ്ണകളും മറ്റ് ഇതര ഘടകങ്ങളും ഉപയോഗിച്ചാണ് സാധാരണയായി അനലോഗ് പനീർ നിർമിക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ കാണാൻ യഥാർഥ പനീർ പോലെ തോന്നിക്കുമെങ്കിലും കൃത്യമായ വിവരങ്ങൾ ഉപഭോക്താക്കളെ അറിയിക്കാതെ യഥാർത്ഥ ഡെയറി ഉൽപ്പന്നമെന്ന വ്യാജേന വിൽക്കുന്നത് വലിയ രീതിയിലുള്ള തട്ടിപ്പാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിരീക്ഷിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് ഏതെങ്കിലും തരത്തിൽ മരണം സംഭവിച്ചാൽ കുറ്റക്കാർക്ക് ജീവപര്യന്തം തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളും നിലവിലുണ്ട്.
ഛത്തീസ്ഗഡിന് ശേഷം ഇത്തരമൊരു നിർണായക തീരുമാനമെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്തുടനീളം നടന്ന ശക്തമായ പരിശോധനകളുടെയും റെയ്ഡുകളുടെയും തുടർച്ചയായാണ് ഈ തീരുമാനം. അടുത്തിടെ പൂനെയിലെ മഞ്ചരി ഖുർദിൽ നടന്ന റെയ്ഡിൽ ഏകദേശം 1,400 കിലോഗ്രാം വ്യാജ പനീറും അത് നിർമിക്കാൻ ഉപയോഗിച്ചിരുന്ന പാൽപൊടി, പാം ഓയിൽ, ജി.എം.എസ് പൗഡർ തുടങ്ങിയ വൻ ശേഖരവും പിടിച്ചെടുത്തിരുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഇപ്പോൾ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.