കോഴിക്കോട്: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയാണ് വർധിച്ചിരിക്കുന്നത്.
എല്ലാ ഇനം അരിക്കും അഞ്ചുമുതൽ 10 രൂപ വരെ കിലോക്ക് വർധിച്ചിട്ടുണ്ട്. അരിവില കൂടുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണ സാധനങ്ങൾ, പലഹാരങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെയും വില വർധിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ചരക്കു കൂലി കൂടിയതും അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മഴക്കുറവുമാണ് വിലക്കയറ്റത്തിന് കാരണം. മഴയും ജലസംഭരണികളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞതാണ് ഇതരസംസ്ഥാനങ്ങളിലെ നെൽകൃഷിയെ ബാധിച്ചത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഓണക്കാലത്ത് അരിവില ഇനിയും വർധിക്കുമെന്നും വ്യാപാരികൾ പറയുന്നു.
പൊതുവിപണിയിൽ വില കൂടുമ്പോൾ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറുകളിൽ പലപ്പോഴും ആവശ്യത്തിന് സബ്സിഡി അരി ലഭ്യമല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
പൊന്നി അരിക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. ഒരു കിലോ പൊന്നി അരിയുടെ വില 48-50 രൂപയിൽനിന്ന് 56-70 രൂപയായി ഉയർന്നു. തമിഴ്നാട് കുറുവ 35ൽ നിന്ന് 40 രൂപയായും ആന്ധ്ര കുറുവ 40 ൽ നിന്ന് 42 രൂപയുമായി. ബംഗാൾ സ്വർണ 35.50 ൽ നിന്ന് 37 രൂപയായി വർധിച്ചു. ജയ അരിക്ക് നാലു രൂപ കൂടി 46 രൂപയായി. ജയ പച്ചരി (ഗുജറാത്ത്) ക്ക് 44.20ൽ നിന്ന് 45.50 രൂപയായി. മട്ടക്ക് ഒന്നര രൂപ കൂടി. കോല അരി 61 രൂപയിൽ നിന്ന് 71 ആയി കുതിച്ചു. നിലവിൽ നെല്ല് സ്റ്റോക്ക് കുറവാണ്. ഈ വർഷത്തെ കാലാവസ്ഥ കണക്കിലെടുത്ത് അടുത്ത വർഷത്തേക്ക് കർഷകർ നെല്ല് സംഭരിച്ചു വെക്കും.
അതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് അസോസിയേഷൻ പ്രസിഡന്റ് ബഷീർ അഹ്മദ് പറയുന്നു. ചരക്ക് കൂലിയും ലോറി വാടകയും വർധിച്ചു. അരിയുമായി വരുന്ന ട്രക്കിന് മൂന്ന് മാസം മുമ്പ് നൽകിയതിനേക്കാൾ 10,000 മുതൽ 20,000 രൂപ വരെ നിലവിൽ മൊത്തക്കച്ചവടക്കാർ വാടക നൽകേണ്ടി വരുന്നുണ്ട്.
ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ അരി ഇറക്കുമതി കുറഞ്ഞു. അതുപോലെ ഓണച്ചന്തയിലേക്ക് സർക്കാർ നന്നായി അരി വാങ്ങുന്നുണ്ട്. ഇതും മാർക്കറ്റിൽ അരി ലഭ്യതയെ ബാധിച്ചതായി കാലിക്കറ്റ് ഫുഡ്ഗ്രെയിൺ അസോസിയേഷൻ മുൻ പ്രസിഡന്റ് എ. ശ്യാംസുന്ദർ ഏറാടി ചൂണ്ടിക്കാട്ടി.
പലചരക്ക് സാധനങ്ങളിൽ ഉഴുന്നിനും പഞ്ചസാരക്കും ആണ് ഏറ്റവും കൂടുതൽ വില കൂടിയത്. ഒരു കിലോ ഉഴുന്നിന് 115 മുതൽ 130 വരെയാണ് വില കൂടിയിരിക്കുന്നത്. നേരത്തേയത് 90 മുതൽ 105 രൂപയായിരുന്നു. പഞ്ചസാരയുടെ വില 42 ൽ നിന്ന് 50 ആയി. കിലോക്ക് എട്ടു രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. കടല, ചെറുപയർ, കടല വർഗങ്ങൾക്കും നേരിയ വിലവർധനയുണ്ട്. നാളികേരത്തിന് ക്ഷാമമുള്ളതിനാൽ വെളിച്ചെണ്ണക്കും ചെറിയ തോതിൽ വില കൂടിയിട്ടുണ്ട്. ആട്ട, മൈദ, റവ എന്നീ സാധനങ്ങൾക്കും വില വർധനയുണ്ട്. അതോടൊപ്പം ബദാം, കാരക്ക എന്നിവയുടെ വിലയിലും മാറ്റം വന്നിട്ടുണ്ട്. ബദാമിന് കിലോഗ്രാമിന് 180 രൂപയോളമാണ് വർധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.