ഇന്ന് ഗൂഗ്ൾ തുറന്നവർക്ക് അവർ ഒരുക്കി വെച്ചത് വാഴയിലയിൽ വിളമ്പിയ ആവി പറക്കുന്ന ഇഡലിയും സാമ്പാറും ചമ്മന്തിയും മറ്റ് കൂട്ടു കറികളുമൊക്കെയുള്ള മനം നിറക്കുന്ന കാഴ്ചയായിരുന്നു. ദക്ഷിണേന്ത്യയുടെ പ്രധാന ഭക്ഷണമായ ഇഡലിയെ ആദരിക്കാനാണ് ഗൂഗ്ൾ ഈ വിഭവ സമൃദ്ധമായ ഡൂഡ്ൽ അവതരിപ്പിച്ചത്.
ഗൂഗ്ളിന്‍റെ ഓരോ അക്ഷരത്തിലും ഓരോ വിഭവങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരം 'ജി' അരി, ആദ്യത്തെ 'ഒ' വെള്ള നിറത്തിലുള്ള കറിയും( ഇഡലിക്കൊഴിച്ചുകൂടാൻ കഴിയാത്ത ചമ്മന്തിയാകാനാണ് സാധ്യത), രണ്ടാമത്തെ 'ഒ'യിൽ പാരമ്പരാഗതമായി ഇഡലി ഉണ്ടാക്കുന്ന പാത്രവും, 'ജി'യിൽ ഇഡലികളും 'എൽ' സാമ്പാറും മറ്റൊരു കറിയും അവസാന അക്ഷരമായ 'ഇ' ഒരു സൈഡ് ഡിഷ്, ഇങ്ങനെയാണ് ഡൂഡ്ൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ ഇഡലിയെക്കുറിച്ചൊരു ലഘു വിവരണവും ഗൂഗ്ൾ ഒരുക്കിയിട്ടുണ്ട്. ഫുഡ് ആന്‍റ് ഡ്രിങ്ക് ഡൂഡ്ൽ തീമിന്‍റെ ഭാഗമായാണ് ഇഡലി ഡൂഡ്ൽ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യക്ക് വേണ്ടി പ്രത്യേകം തയാറാക്കിയതാണിത്.
ഇന്ത്യയാണ് ഇഡലിയുടെ ജന്മദേശം എന്നാണ് പൊതുവായൊരു വിശ്വാസം. എന്നാൽ ചിലർ പറയുന്നത് ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് രൂപം കൊണ്ടതാവാം എന്നാണ്. മധ്യകാല ഇന്തോനേഷ്യൻ ഭക്ഷണമാണ് ഇഡലി എന്ന് കെ.ടി അചയ എന്ന ചരിത്രകാരൻ പറയുന്നുണ്ട്. ഇന്തോനേഷ്യയിലേക്ക് പോയിരുന്ന കപ്പലിലെ പാചകക്കാരാണ് ഈ വിഭവം ഉണ്ടാക്കുന്ന രീതി പഠിച്ചെടുത്ത് ഇന്ത്യയിൽ പ്രചരിപ്പിച്ചതെന്നാണ് പറയുന്നത്. എന്നാൽ അറേബ്യയിൽ നിന്നാണ് ഇഡലിയടെ വരവെന്ന് മറ്റൊരു തിയറി പറയുന്നു. ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്ന അറബ് വ്യാപാരികൾ ഉണ്ടാക്കി ഭക്ഷിച്ചിരുന്ന റൈസ് കേക്കാണ് ഇഡലി ആയി മാറിയതെന്നാണ് ഇത് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.