സച്ചിൻ അമ്മയോടൊപ്പം
‘വിദേശ പര്യടനങ്ങളിൽ ഏറ്റവും മിസ് ചെയ്തത് ആയിയുടെ കൈപ്പുണ്യം’; അമ്മയുടെ ഭക്ഷണത്തോടുള്ള ഇഷ്ടം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ
കളിക്കളത്തിന് പുറത്തുള്ള തന്റെ ജീവിതത്തിലെ ഹൃദ്യമായ ഓർമകൾ ആരാധകരുമായി പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ. അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി എത്രത്തോളം തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു ഇൻസ്റ്റഗ്രാം വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം രണ്ട് കോടിയിലധികം പേരാണ് ഈ വിഡിയോ കണ്ടത്. പത്ത് ലക്ഷത്തിലധികം ലൈക്കുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്.
നീണ്ട വിദേശ പര്യടനങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മയെ മുൻകൂട്ടി വിളിച്ച് തനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി വെക്കാൻ ആവശ്യപ്പെടുമായിരുന്ന കാര്യമാണ് സച്ചിൻ വിഡിയോയിൽ പറയുന്നത്. ‘ഞാൻ ദീർഘദൂര ടൂറുകളിൽ ആയിരിക്കുമ്പോൾ എപ്പോഴും മിസ്സ് ചെയ്തിരുന്ന ഒരു പ്രധാന കാര്യമുണ്ടായിരുന്നു. അത് എന്റെ അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ആ സ്വാദിഷ്ടമായ ഭക്ഷണമാണ്. വീട്ടിലെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഞാൻ അമ്മയെ വിളിച്ച് എനിക്കായി എന്തൊക്കെയാണ് പാകം ചെയ്യേണ്ടതെന്ന് ഓർമിപ്പിക്കുമായിരുന്നു’ പഴയകാല ഓർമകൾ പുതുക്കിക്കൊണ്ട് സച്ചിൻ വിഡിയോയിൽ പറഞ്ഞു.
മഹാരാഷ്ട്രയുടെ തനത് വിഭവങ്ങളായ വരൺ ഭാത്ത് (പരിപ്പും ചോറും), ബട്ടാറ്റ ഭാജി (ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം), ചെമ്മീൻ ഫ്രൈ എന്നിവയായിരുന്നു സച്ചിന്റെ ഇഷ്ടവിഭവങ്ങൾ. കുടുംബത്തിൽ തലമുറകളായി കൈമാറി വരുന്ന ഒരു പ്രത്യേക വിഭവത്തിന്റെ രുചി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, അതിന്റെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും എല്ലാവർക്കും അറിയാമെങ്കിലും അമ്മ ഉണ്ടാക്കുന്നതിന്റെ അതേ രുചി കിട്ടാൻ പ്രയാസമാണെന്നും സച്ചിൻ പറഞ്ഞു.
മഹാരാഷ്ട്രക്കാരുടെ പരമ്പരാഗത വിഭവങ്ങളോടായിരുന്നു സച്ചിന് എന്നും പ്രിയം കൂടുതൽ. ധാരാളം നെയ്യ് ചേർത്ത് കൈ കൊണ്ട് കഴിക്കുമ്പോഴാണ് ആ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി ആസ്വദിക്കാൻ കഴിയുകയെന്നും സച്ചിൻ കൂട്ടിച്ചേർത്തു. വിഡിയോക്ക് സച്ചിൻ നൽകിയ രസകരമായ അടിക്കുറിപ്പും ശ്രദ്ധേയമായി. ‘സിന്ദഗി ഏക് സഫർ ഹെ സുഹാന, ജബ് തക് ബൻതാ ഹെ ഘർ പെ ഐസാ ഖാനാ’ എന്നാണ് അദ്ദേഹം കുറിച്ചത്. അതായത് ഇത്രയും രുചികരമായ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി കിട്ടുന്നിടത്തോളം കാലം ജീവിതം മനോഹരമായ ഒരു യാത്രയാണ് എന്നാണ് ഇതിന്‍റെ അർത്ഥം.
കഴിഞ്ഞ മാസമായിരുന്നു സച്ചിന്റെ അമ്മ രജനി ടെണ്ടുൽക്കറുടെ 89-ാം ജന്മദിനം കുടുംബം ആഘോഷിച്ചത്. അമ്മയുടെ പിറന്നാൾ ദിനത്തിൽ ഒപ്പമുള്ള മനോഹരമായ ചിത്രങ്ങളും ദൃശ്യങ്ങളും സച്ചിൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. ‘ജന്മദിനാശംസകൾ ആയി, വ്യക്തമായും നിങ്ങൾ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ടവരാണ്’ അന്ന് സച്ചിൻ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.