Representational Image 

കേരളത്തിൽ നാലിടങ്ങളിൽ ഫുഡ് സ്ട്രീറ്റ് വരുന്നു; തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളിൽ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃകാ പദ്ധതിയാണ് ഇതെന്നും ഒരു കോടി രൂപ വീതം ചെലവഴിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിർമിച്ച ആധുനിക ഫുഡ് സ്ട്രീറ്റുകളാവും ഇവയെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ പദ്ധതിയിലൂടെ കൂടുതല്‍ മികവുറ്റതാക്കും. ഭക്ഷ്യജന്യ രോഗങ്ങള്‍ കുറച്ച് പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിച്ചത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജി.സി.ഡി.എ സഹകരണത്തോടെയും മലപ്പുറത്ത് ഡി.ടി.പി.സിയുടെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നിർമാണം പൂര്‍ത്തിയാക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷണ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും. ടോയിലെറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

Tags:    
News Summary - Food streets coming up in four places in Kerala goal is to ensure food safety and public health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.