പഴത്തൊലി വലിച്ചെറിയല്ലേ..., പോഷക ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ പഴത്തൊലിയാകും കഴിക്കുക

വാഴപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ അപൂർവമാണ്. ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നതും കഴിക്കാൻ ഏറ്റവും എളുപ്പമുള്ളതുമായ പഴമാണ് വാഴപ്പഴം. തൊലിയുരിഞ്ഞ് അങ്ങ് കഴിച്ചാൽ മതി. വാഴപ്പഴം കഴിക്കുകയും തൊലിയെടുത്ത് ദൂരേക്ക് വലിച്ചെറിയുകയുമാണല്ലോ നമ്മുടെ ശീലം. എന്നാൽ, പഴത്തൊലിയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഇനി നിങ്ങൾ പഴത്തൊലി വലിച്ചെറിയാൻ ഒന്നു മടിക്കും.

വാഴപ്പഴത്തേക്കാൾ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങൾ പഴത്തൊലിയിലുണ്ടത്രെ. പഴത്തൊലിയുടെ പോഷക ഗുണങ്ങളെ കുറിച്ച് ഡയറ്റീഷ്യൻ പറയുന്ന കാര്യങ്ങൾ ഇങ്ങനെ- വാഴപ്പഴത്തൊലി കഴിക്കാൻ കൊള്ളാമെന്ന് മാത്രമല്ല പോഷകസമൃദ്ധവുമാണ്. പൊട്ടാസ്യം, ഫൈബർ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ്, എസൻഷ്യൽ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. ആന്‍റി ഓക്സിഡന്‍റുകളും ധാരാളമുണ്ട്. ആന്‍റി ഓക്സിഡന്‍റുകൾ ശരീരത്തിന് ഗുണകരമാണെന്ന് മാത്രമല്ല, ഹൃദയ അസുഖങ്ങൾ, അർബുദം, പ്രമേഹം എന്നിവക്കും അത്യുത്തമമാണെന്ന് ഗവേഷണങ്ങൾ പറയുന്നു.




 

വാഴപ്പഴത്തിൽ ധാരാളമുള്ള ട്രിപ്റ്റോഫാൻ, പഴത്തൊലിയിലെ വിറ്റാമിൻ B6മായി കൂടിച്ചേരുമ്പോൾ വിഷാദം പോലെയുള്ള മാനസിക സമ്മർദങ്ങൾക്ക് വളരെ ഫലപ്രദമാണ്. ട്രിപ്റ്റോഫാൻ സെറോടോണിനായി മാറുന്നു. ഇത് മാനസികാരോഗ്യം നിലനിർത്തുന്നു. വിറ്റാമിൻ B6ന് ഉറക്കം മെച്ചപ്പെടുത്താനാകും. ഇതും മാനസികാരോഗ്യത്തിന് നല്ലതാണ്. ഫൈബറുകളാൽ സമ്പന്നമായ പഴത്തൊലി ദഹനപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്. വയർ സ്തംഭനത്തിനും വയറിളക്കത്തിനും ഒരുപോലെ പഴത്തൊലി ഉപയോഗിക്കാം.

പഴത്തൊലി എങ്ങനെ കഴിക്കാം എന്നത് സംബന്ധിച്ചും വിശദീകരണമുണ്ട്. നന്നായി പഴുത്ത വാഴപ്പഴത്തിന്‍റെ തൊലി വേണം കഴിക്കാൻ എടുക്കാൻ. ഇവ മധുരമുള്ളതും കനം കുറഞ്ഞതുമായിരിക്കും. ഇത് നന്നായി കഴുകിയെടുത്ത ശേഷം മിക്സിയിലിട്ട് അടിക്കാം. ഇത് നിങ്ങൾക്കിഷ്ടമുള്ള ജ്യൂസിനൊപ്പം ചേർത്ത് കഴിക്കുകയോ അല്ലെങ്കിൽ ബ്രഡിനൊപ്പം കഴിക്കുകയോ ചെയ്യാം. ബേക്ക് ചെയ്യുകയോ പുഴുങ്ങുകയോ ഫ്രൈ ചെയ്യുകയോ ചെയ്യാം. ഇത് പഴത്തൊലിയെ കൂടുതൽ മൃദുലമാക്കും.




 

പഴത്തൊലി പൗഡർ ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. വാഴപ്പഴത്തൊലി കഴിക്കുകയാണെങ്കിൽ ഒരു ഫുഡ് സപ്ലിമെന്‍റായി കരുതാം. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുകയും വെളുത്ത രക്താണുക്കളുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഉദരസംബന്ധമായ അസുഖങ്ങൾക്കും നല്ലതാണ്. പഴത്തൊലി ശരിയായ രീതിയിൽ വൃത്തിയാക്കുകയും തയാറാക്കുകയും ചെയ്താൽ ദഹനപ്രശ്നങ്ങളുമുണ്ടാകില്ല. എന്നാൽ, കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ച് സൂപ്പാക്കിയും സാലഡിന്‍റെ കൂടെയും പഴത്തൊലി കഴിക്കുന്നത് നല്ലതാണ്. 

Tags:    
News Summary - Don’t throw away the banana peel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.