ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കരുതെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞതിനെതിരെ നാഷണൽ റസ്റ്ററന്‍റ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് വീണ്ടും നവംബർ 25ന് പരിഗണിക്കും.

വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ളതല്ല ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവെന്ന് ഹരജിക്കാർ വാദിച്ചു. എല്ലാ ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് മെനുവിലും മറ്റിടങ്ങളിലും പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് വാദം കേട്ട ജസ്റ്റിസ് യശ്വന്ത് വർമ നിർദേശിച്ചു. കേസിൽ കക്ഷികളോട് മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ജൂലൈ നാലിനാണ് ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് ഉത്തരവിറങ്ങിയത്. സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സർവിസ് ചാർജ് ഉപഭോക്താവിന് താൽപര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം. സർവിസ് ചാർജ് നൽകൽ ഉപഭോക്താവിന്‍റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയത്. സർവിസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Delhi HC stays order barring restaurants from levying service charge on customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.