കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച് ഫിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം മേയർ ബീനാഫിലിപ്പ് കപ്പയും മീനും കഴിക്കുന്നു
കോഴിക്കോട്: പുഴുങ്ങിയ കപ്പയും മത്തിയും കണ്ടാൽ നാവിൽ വെള്ളമൂറാത്തവരുണ്ടോ? പക്ഷേ, കടലിൽ കപ്പൽ മറിഞ്ഞതിനെ തുടർന്ന് കുറച്ചുദിവസമായി മത്സ്യത്തെക്കുറിച്ചോർക്കുമ്പോൾ ചെറിയൊരു പേടിയാണ്. എന്നാൽ, ആ പേടി വേണ്ടെന്നും മത്സ്യം സുരക്ഷിതമാണെന്നും പറയാൻ ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിൽ ഫിഷ് ഫുഡ് ഫെസ്റ്റിവൽതന്നെ സംഘടിപ്പിച്ചു.
500 കിലോ കപ്പയും മത്തിയും അയക്കൂറയും തിണ്ടയും ഉൾപ്പെടുന്ന 250 കിലോയോളം മത്സ്യ വിഭവങ്ങളും ഫെസ്റ്റിൽ നിരന്നതോടെ മലയാളി തനിമലയാളിയായി. രണ്ടു മണിക്കൂർകൊണ്ട് വിഭവങ്ങളെല്ലാം കാലിയായി.
2000ത്തോളം പേരാണ് ഈ സമയത്തിനകം ഫെസ്റ്റിലെത്തി ഭക്ഷണം കഴിച്ചത്. മേയർ ഡോ. ബീന ഫിലിപ്പ്, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് പിന്തുണയുമായെത്തി സംസാരിച്ചു, ഭക്ഷണവും കഴിച്ചു.
ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി. ജാബിർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.പി. ശ്യാംപ്രസാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.