ലോക ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന മഹാ മാമാങ്കം അരങ്ങേറാൻ ഇനി നിമിഷങ്ങൾ മാത്രം. ലോകത്തിന്റെ നാനാഭാഗത്തും പ്രായഭേദമന്യേ ആദ്യപന്ത് ഉരുളുന്ന മഹത്തായ സമയത്തിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. ഫിഫ ലോകകപ്പിലെ ഓരോ ടീമുമാകട്ടേ.. ഒരേ ലക്ഷ്യത്തിന് പൊരുതാൻ കളിക്കളത്തിലേക്ക് ബൂട്ടുകൾ അണിഞ്ഞ് കച്ചക്കെട്ടി കാത്തിരിക്കുന്നു. വിലമതിക്കാനാകാത്ത കനകക്കിരീടത്തിന് മുത്തമിടുക എന്ന ഏക ലക്ഷ്യത്തിന്.. എന്നാൽ, ലോകകപ്പിന് തങ്ങളുടെ ടീം തന്നെ ചുംബനം നൽകണമെന്ന് ആഗ്രഹിക്കുന്ന ആരാധകർക്കറിയുമോ ആ സുവർണ ശിൽപത്തിന്റെ മൂല്യവും കഥയും. ഫുട്ബാൾ ലോകം ഒന്നടങ്കം തിരയുന്ന ചോദ്യമാണ് ഫിഫ ലോകകപ്പ് ട്രോഫിക്ക് എത്ര വിലവരും?
1970ൽ ഫിഫ നടത്തിയ അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിനൊടുവിലാണ് ഇറ്റാലിയൻ ശിൽപിയായ സിൽവിയോ ഗസാനിഗ ഈ ലോകകപ്പ് ട്രോഫി രൂപകൽപന ചെയ്തത്. 1970ൽ മൂന്നാം തവണയും ലോകകിരീടം ചൂടിയ ബ്രസീലിന് പഴയ 'ജൂൾസ് റിമെ ട്രോഫി' സ്ഥിരമായി നൽകിയതിനെ തുടർന്നാണ് പുതിയ ട്രോഫി ഫിഫ അവതരിപ്പിച്ചത്. 1974ൽ പശ്ചിമ ജർമനിയാണ് ഈ പുതിയ ട്രോഫി കൈകളിൽ ഏന്തിയത്.
37 സെന്റീമീറ്റർ ഉയരമുള്ള ഈ ട്രോഫിയുടെ ആകെ ഭാരം ഏകദേശം 6 കിലോഗ്രാമാണ്. 18 കാരറ്റ് സ്വർണത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ആഗോള ഫുട്ബാൾ ജനപ്രീതിയെ പ്രതീകമായ ഭൂഗോളത്തെ കൈകളിലേന്തിയ രണ്ട് മനുഷ്യരൂപങ്ങളാണ് ട്രോഫിയിലുള്ളത്.
എന്നാൽ, ഈ ട്രോഫി പൂർണമായും ഉൾക്കാമ്പുള്ള സ്വർണമല്ല, മറിച്ച് ഉൾഭാഗം പൊള്ളയായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ട്രോഫിയുടെ ഭാരം കുറയ്ക്കാനും കളിക്കാർക്ക് ആഘോഷവേളകളിൽ എളുപ്പത്തിൽ ഉയർത്തിപ്പിടിക്കാനും സഹായിക്കുന്നു. ട്രോഫിയുടെ താഴ്ഭാഗത്ത് 'മാലക്കൈറ്റ്' എന്ന് വിളിക്കുന്ന പച്ച നിറത്തിലുള്ള അർധ വിലപിടിപ്പുള്ള ധാതുവിന്റെ രണ്ട് പാളികൾ നൽകിയിട്ടുണ്ട്. ഇതാണ് ട്രോഫിയുടെ അടിഭാഗത്തിന് സവിശേഷമായ ഭംഗി നൽകുന്നത്.
നിർമാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ മാത്രം കണക്കെടുത്താൽ കോടികൾ വിലമതിക്കുന്നതാണ് ഈ കനകക്കിരീടം. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താൽ മാത്രം, ലേലവിപണിയിൽ ഇതിന് ലഭിക്കാവുന്ന തുക ഊഹിക്കാവുന്നതിലും അപ്പുറമാണ്. അത്രയും അമൂല്യവും വില പേശാൻ കഴിയാത്തതുമാണ് ലോകകപ്പ് ട്രോഫി.
നിലവിലെ വിപണി മൂല്യമനുസരിച്ച് ട്രോഫി നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന സ്വർണത്തിനും മറ്റ് വസ്തുക്കൾക്കും മാത്രമായി ഏകദേശം 2.38 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ചരിത്രപരമായ പ്രാധാന്യവും അപൂർവതയും കണക്കിലെടുത്ത് ഈ ഒറിജിനൽ ട്രോഫി എപ്പോഴെങ്കിലും ലേലത്തിൽ വെക്കുകയാണെങ്കിൽ ഇതിന്റെ മൂല്യം 190.5 കോടി രൂപയ്ക്ക് (20 മില്യൺ യു.എസ് ഡോളർ) മുകളിലായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ലോകകപ്പ് നേടുന്ന ടീമുകൾക്ക് ഒറിജിനൽ ട്രോഫി സ്വന്തമായി കൈവശം വെക്കാൻ ഫിഫ അനുവദിക്കാറില്ല. ഫൈനൽ മത്സരത്തിനു ശേഷമുള്ള ആഘോഷങ്ങൾക്കുശേഷം ഒറിജിനൽ ട്രോഫി സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഫിഫ തിരികെ വാങ്ങുന്നതാണ് രീതി. പകരം, വിജയികളായ ചാമ്പ്യന്മാർക്ക് സ്വർണം പൂശിയ വെങ്കലത്തിൽ തീർത്ത ഒരു പ്രതിരൂപം മാത്രമാണ് നൽകുന്നത്. ലോക കായികരംഗത്തെ ഏറ്റവും മൂല്യമേറിയ ഈ ട്രോഫി വരുംതലമുറകൾക്കായി സംരക്ഷിക്കുന്നതിനാണ് ഫിഫ ഈ സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നത്. സ്വർണത്തിന്റെ വിപണി മൂല്യത്തിനപ്പുറം, ലോകകപ്പ് ട്രോഫിയുടെ യഥാർഥ വിലമതിപ്പ് അളക്കാനാവാത്തതാണ്. അത് ഒരു രാജ്യത്തിന്റെ അഭിമാനത്തെയും കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.