ലിസ്ബൺ: അവസാന സന്നാഹവും ജയിച്ച് പോർചുഗൽ ലോകകപ്പിനുള്ള തയാറെടുപ്പ് പൂർത്തിയാക്കിയെങ്കിലും നൈജീരിയക്കെതിരായ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയ ഗോളവസരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ആഫ്രിക്കൻ കരുത്തരായ നൈജീരിയക്കെതിരെ 2-1നായിരുന്നു പറങ്കിപ്പടയുടെ ജയം. പെഡ്രോ നെറ്റോ (23ാം മിനിറ്റിൽ), ഫ്രാൻസിസ്കോ കോൺസീസാവോ (75) എന്നിവരാണ് പോർചുഗലിനായി വലകുലുക്കിയത്. അകോർ ആദംസ് (37ാം മിനിറ്റ്) നൈജീരിയക്കായി ആശ്വാസ ഗോൾ നേടി. ജയിക്കാനായെങ്കിലും ക്രിസ്റ്റ്യാനോയുടെ ഫോം ആരാധകരെ ആശങ്കപ്പെടുത്തുകയാണ്. ഗോളെന്നുറുപ്പിച്ച ഒന്നിലധികം അവസരങ്ങളാണ് വെറ്ററൻ താരം നഷ്ടപ്പെടുത്തിയത്. ഗ്രൂപ്പ് ‘കെ’യിൽ ജൂൺ 17നെതിരെ കോംഗോക്കെതിരെയാണ് ലോകകപ്പിൽ പോർചുഗലിന്‍റെ ആദ്യ മത്സരം. മത്സരത്തിൽ ഒമ്പതാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോക്ക് ആദ്യ സുവർണാവസരം ലഭിക്കുന്നത്.
നെൽസൺ സെമേദോ വലതുവിങ്ങിലൂടെ പന്തുമായി മുന്നേറി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസിന് ക്രിസ്റ്റ്യോനോ ഓടിയെത്തുമ്പോൾ, മുന്നിൽ ഗോൾകീപ്പർ മാത്രം. ക്രിസ്റ്റ്യാനോയുടെ ഷോട്ട് പുറത്തേക്ക്. 49ാം മിനിറ്റിലും സമാനരീതിയിൽ അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ‘മാനത്തേ’ക്കാണ് പോയത്. 65ാം മിനിറ്റിൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ക്രിസ്റ്റ്യാനോയെ പിൻവലിച്ച് ഗോൺസാലോ റാമോസിനെ കളത്തിലിറക്കി. പോർചുഗലിനായി ആറാം ലോകകപ്പാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളായ റൊണാൾഡോ 227 മത്സരങ്ങളിൽനിന്ന് 143 ഗോളുകളാണ് സ്വന്തം പേരിലാക്കിയത്.
താരത്തിെന്റ വിസ്മയകരമായ കറിയറിൽ ലോകകപ്പ് മാത്രമാണ് എത്തിപ്പിടിക്കാനാകാതെ പോയത്.
അവസാന സന്നാഹ മത്സരത്തിൽ കോസ്റ്റാറികയെ മറുപടിയില്ലാതെ മൂന്നു ഗോളിന് തകർത്ത ഇംഗ്ലണ്ടിന് ഇനി ആത്മവിശ്വാസത്തോടെ ലോകകപ്പിൽ പന്തുതട്ടാനിറങ്ങാം. മത്സരത്തിൽ ഡെക്ലാൻ റൈസ് (ഒമ്പതാം മിനിറ്റ്), ആന്‍റണി ഗോർഡൻ (69, പെനാല്‍റ്റി), ഓലീ വാറ്റ്കിൻസ് (87) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ഗ്രൂപ്പ് എല്ലിലാണ് ഇംഗ്ലണ്ട്. കരുത്തരായ ക്രൊയേഷ്യ, ഘാന, പനാമ എന്നിവരാണ് മറ്റു ടീമുകൾ. ജൂൺ 18ന് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.