കൊച്ചി: പുറത്ത് കോരിച്ചൊരിയുന്ന മഴ. അകത്ത് ലോകകപ്പ് ആവേപ്പോരിന്റെ പെരുമഴക്കാലം. കൂടെ ഒരു കട്ടൽ ചായയുമായാൽ.. പോരേ പൂരം. യു.എസിലെ ന്യൂ ജെഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയം, കാനഡയിലെ ടൊറൻറോ ബി.എം.ഒ ഫീൽഡ്, മെക്സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയം... കളി എവിടെയുമാകട്ടെ, ആവേശം ഇങ്ങ് എറണാകുളം ജില്ലയിലെ ഫോർട്ടുകൊച്ചി വെളി, പരേഡ് മൈതാനങ്ങളിലും മൂവാറ്റുപുഴ തൃക്കളത്തൂര്‍ പള്ളിപ്പടിയിലും കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലും ചെങ്ങമനാട് പനയക്കടവ് ഗ്രാമത്തിലും കോതമംഗലം ഇഞ്ചൂർ അമ്പലപടിയിലുമെല്ലാമാണ്.
ജില്ലയുടെ വിവിധ മുക്കിലും മൂലയിലും ലോകകപ്പിനെ വരവേറ്റും ഇഷ്ട ടീമിന് അഭിവാദ്യങ്ങളർപ്പിച്ചും കൂറ്റൻ ഫ്ലെക്സുകളും ബാനറുകളുമെല്ലാം നിരന്നിരിക്കുന്നതു കാണാം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമെല്ലാം പാടത്തും പറമ്പിലും ചിരിച്ചു നിൽക്കുന്ന കാഴ്ചയാണ്. യഥാർഥ ലോകകപ്പിന് കിക്കോഫ് ഇതുവരെ ആയില്ലെങ്കിലും തങ്ങളുടെ ടീമിന്റെ കട്ടൗട്ടിന്റെ വലിപ്പം പറഞ്ഞും വിജയ-പരാജയ സംവാദങ്ങളിൽ മുഴുകിയും ഇതിനകം മത്സരം മുറുകിക്കഴിഞ്ഞു.
ലോകമൊന്നാകെ ഒരു പുൽമൈതാനത്തിനുള്ളിൽ കറങ്ങിത്തിരിയുന്ന തുകൽപന്തിലേക്ക് കണ്ണും മനസും നട്ടിരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, നാലുവർഷത്തിലൊരിക്കൽ വരുന്ന ഭൂമിയിലെ വിശ്വപൂരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും.
ക്ലബ്ബുകൾ മാത്രമല്ല, റെസിഡൻസ് അസോസിയേഷനുകൾ, സൗഹൃദക്കൂട്ടായ്മകൾ, കൊച്ചി കോർപറേഷൻ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ, എൻ.ജി.ഒകൾ തുടങ്ങിയവയെല്ലാം ആഘോഷാരവങ്ങളിൽ സജീവമാണ്.
മൂവാറ്റുപുഴയൊരുങ്ങീ....
മൂവാറ്റുപുഴ: ഫുട്ബാൾ രാജാക്കൻമാരുടെ കൂറ്റൻ ഫ്ലക്സുകൾ സ്ഥാപിച്ചും കൂട്ടായ്മകൾ രൂപീകരിച്ചും ആരാധക കൂട്ടം ലോക ഫുട്ബോൾ മത്സരങ്ങൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ആരക്കുഴ, മാറാടി, തൃക്കളത്തൂര്‍, പേഴയ്ക്കാപ്പിള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രിയതാരങ്ങളുടെയും ടീമുകളുടെയും കൂറ്റന്‍ ഫ്ലക്സുകളാണ് ഉയര്‍ന്നത്.
തൃക്കളത്തൂര്‍ പള്ളിപ്പടിയില്‍ അര്‍ജന്റീന ഫാന്‍സ് സ്ഥാപിച്ച 20 അടി ഉയരവും 12 അടി വീതിയുമുള്ള ഭീമന് ബോർഡ് ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
ആരക്കുഴയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയും ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും നേര്‍ക്കുനേര്‍ നില്ക്കുന്ന ഫ്ലക്സ് ബോർഡും നേർക്കുനേരെയുള്ള പോരാട്ടമാണ് കാണാന്‍ സാധിക്കുന്നത്.
ആവേശത്തിരയിൽ ഫോർട്ട്കൊച്ചി
ഫോർട്ട്കൊച്ചി: ബ്രിട്ടീഷുകാർ കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പകർന്നു നൽകിയ ഫോർട്ട്കൊച്ചിയുടെ പഴയ ആവേശത്തിന് ഇന്നും നിറം മങ്ങിയിട്ടില്ല. ലോകകപ്പ് വരുമ്പോൾ ഈ ആവേശം മാനംമുട്ടെ വളരും. ഫിഫ അണ്ടർ 17 ലോകകപ്പിനു വേണ്ടി ഫോർട്ടുകൊച്ചിയിലൊരുക്കിയ വെളി, പരേഡ് മൈതാനങ്ങളിൽ കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പന്തുതട്ടലിന്റെ ആവേശത്തിലാണ്. കവലകൾ തോറും പ്രധാന ടീമുകളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകളാണ് ഉയർന്നിരിക്കുന്നത്. പ്രിയ താരങ്ങളുടെ കുറ്റൻ കട്ടൗട്ടുകളൊരുക്കി കണ്ണമാലിയിലും ആവേശ തിരയിളക്കമാണ്. കളി കാണുവാൻ പ്രധാന ഇടങ്ങളിൽ ബിഗ് സ്ക്രീനുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
പൊളിച്ചടുക്കി പറവൂർ...
പറവൂർ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി പറവൂരും പരിസരപ്രദേശങ്ങളും വിവിധ ടീമുകളുടെ ബഹുവർണ കൊടികളാൽ നിറഞ്ഞു. താരങ്ങളുടെയും ടീമുകളുടേയും കൂറ്റൻ കട്ടൗട്ടുകളാണ് എവിടെ നോക്കിയാലും. പറവൂർ, വെടിമറ, മാഞ്ഞാലി, തട്ടാം പടി, നീറിക്കോട്, ആലങ്ങാട്, കരിങ്ങാംതുരുത്ത്, കണ്ണീരിത്തി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം കൂറ്റൻ കട്ടൗട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചെങ്ങമനാടിന്റെ ചങ്കാണീ ടീമുകൾ
അങ്കമാലി: ചെങ്ങമനാട് പഞ്ചായത്തിലെ ചെങ്ങമനാട് സൗത്ത് നാലാം വാർഡിൽപ്പെട്ട പനയക്കടവ് ഗ്രാമത്തിൽ കാൽപ്പന്ത് ഹരമായ ബ്രസീലിനെ നെഞ്ചേറ്റിയ കാനറിപ്പടയും, പോർച്ചുഗലിനെ പ്രണയിക്കുന്ന പറങ്കിപ്പടയും ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി... മീസാൻ യുനൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സജീവ പ്രവർത്തകരും, ക്ലബിൽ അംഗങ്ങളല്ലാത്തവരും, മറ്റ് ഫുട്ബാൾ പ്രേമികളായ ഏതാനും യുവാക്കളുമാണ് വിശ്വമേളയെ വരവേൽക്കാൻ വിവിധ ടീമുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചത്.
കോതമംഗലത്തിന്റെ മെസ്സിയെ കണ്ടോ!
കോതമംഗലം: ലോകകപ്പ് ആരവങ്ങൾക്ക് ചൂട് പകർന്ന് നഗരവും ഗ്രാമങ്ങളും ഒരുങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് കോതമംഗലം ഇഞ്ചൂർ അമ്പലപടിയിൽ മെസിയുടെ 32 അടി ഉയരത്തിലുള്ള കൂറ്റൻ കട്ടൗട്ടിലേക്കാണ്. മെസ്സി മാത്രമല്ല, ഇഷ്ട ടീമുകളുടെ കൂറ്റൻ ബോർഡുകളും താരങ്ങളുടെ കട്ടൗട്ടറുകളും പതാകകളും കൊടിതോരണങ്ങളും ഒരോ പ്രദേശങ്ങളിലും ഉയർന്നു കഴിഞ്ഞു. അർജന്റീന, ബ്രസിൽ, പോർച്ചുകൽ ടീമുകളുടെ ഫ്ലക്സുകളാണ് കൂടുതൽ. ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങി ടീമുകളുടെയും ആരാധകർ രംഗത്തുണ്ട്. നെല്ലിക്കുഴി, ചിറപ്പടി, ചെറുവട്ടൂർ, നങ്ങേലിപ്പടി, കോട്ടപ്പടി, പാനിപ്ര, തുരങ്കം, അയിരൂർപാടം, വാരപ്പെട്ടി, മൈലൂർ, അടിവാട്, കവളങ്ങാട്, നെല്ലിമറ്റം തുടങ്ങിയ ഇടങ്ങളിലെല്ലാം ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ക്ലബുകളും യുവജന കൂട്ടായ്മകളും കളിയാവേശത്തിന്റെ ആരവങ്ങളിലേക്ക് ഉണർന്നു.
പെരും ആവേശത്തിൽ പെരുമ്പാവൂർ..
പെരുമ്പാവൂര്‍: മേഖലയിലെ നാടും നഗരവും കാല്പന്ത് ലഹരിയിലാണ്. വല്ലം കൊച്ചങ്ങാടി, റയോണ്‍പുരം, മുടിക്കല്‍, ഒന്നാംമൈല്‍, അല്ലപ്ര, വെങ്ങോല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫുഡ്ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. വല്ലം കൊച്ചങ്ങാടി ഇപ്പോള്‍ ഫുട്ബാള്‍ പ്രേമികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി ബോര്‍ഡുകളാണ് കൊച്ചങ്ങാടിയിലെ ഓരോ കോണിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കളമശ്ശേരിയിലും കളിയാരവം..
കളമശ്ശേരി: ലോകകപ്പിനെ സ്വാഗതം ചെയ്ത് വമ്പൻ ബോർഡുകളും കട്ടൗട്ടുകളുമായി കാത്തിരിക്കുകയാണ് കളമശ്ശേരിയിലും ഏലൂരും ആരാധകർ. കളമശ്ശേരിയിൽ മൂലേപ്പാടം, മുട്ടാർ, എച്ച്.എം.ടി മറ്റക്കാട്, ഗ്ലാസ് കോളനി, ഏലൂരിൽ പാതാളം തുടങ്ങി പ്രദേശങ്ങളിലാണ് ആരാധകർ ബോർഡുകളും കട്ടൗട്ടുകളും പാതയോരങ്ങളിൽ സ്ഥാപിച്ച് കാത്തിരിക്കുന്നത്. മറ്റക്കാടിൽ പോർച്ചുഗൽ ഫാൻസ് എന്ന പേരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്. വ്യവസായ കേന്ദ്രമായ ഏലൂർ പാതാളം ജംഗ്ഷനിലും ഏറെ വാശിയിലാണ് ആരാധകർ. 45 അടി നീളത്തിൽ പോർച്ചുഗലിന്റെ ബോർഡ് സ്ഥാപിച്ചപ്പോൾ തൊട്ടടുത്തായി അർജൻറീന ഫാൻസും ബോർഡ് സ്ഥാപിച്ചു. എതിർ ഭാഗത്തായി പുതുതലമുറ ആരാധകർ ഒറ്റക്കായി മെസിയുടെ ഭീമൻ ബോർഡും സ്ഥാപിച്ചിരിക്കുകയാണ്.
ആലുവയിലും ആരവം
ആലുവ: ആവേശത്തിനും ആരവത്തിനും ആലുവയിലും സമീപപ്രദേശങ്ങളിലും ഒട്ടും കുറവില്ല, ഇതിൽ എടുത്തുപറയേണ്ടത് കുട്ടമശ്ശേരിയിലെ കാര്യമാണ്. കുട്ടമശ്ശേരി അമ്പലപ്പറമ്പിലെ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഫുട്ബാൾ കാണുന്നതിനു വിപുലമായ ഒരുക്കമാണുള്ളത്. വലിയ സ്ക്രീനിൽ കളി കാണുന്നതിനുള്ള പന്തൽ ഒരുങ്ങിക്കഴിഞ്ഞു. ബ്രസിൽ, അർജൻറീന, പോർച്ചുഗൽ, വിവിധ ഫാൻസുകളുടെ നേതൃത്വത്തിൽ വലിയ കട്ടൗട്ടറുകൾ നിരന്ന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.