ടെക്സാസ്: ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ തീപാറും അങ്കത്തിൽ കരുത്തരായ രണ്ടുപേർ മുഖാമുഖം. താരത്തിളക്കവും കളിശൈലിയും കൊണ്ട് സമാനരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗ്രൂപ് ‘എൽ’ ബുധനാഴ്ച രാത്രിയിൽ ബൂട്ടുകെട്ടും. ആദ്യ റൗണ്ടിൽ മുൻനിര റാങ്കുകാർ തമ്മിലെ അങ്കം എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും സെമി ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. 2018 റഷ്യയിൽ ഫൈനലിലെത്തി ഫ്രാൻസിന് മുന്നിൽ വീണുപോയവർ. 2022 ഖത്തറിൽ സെമിയിൽ അർജന്റീനയോട് പൊരുതി തോറ്റവർ, മൂന്നാം സ്ഥാനവുമായാണ് മടങ്ങിയത്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വൻ ക്ലബുകളുടെ താരപ്പടയുമായി പതിവു തെറ്റാതെ ഇംഗ്ലണ്ട് വരുന്നുണ്ട്. ഓരോ ലോകകപ്പ് എത്തുമ്പോഴും ഇംഗ്ലീഷ് ആരാധകർ ഏറ്റുചൊല്ലുന്ന ‘ഇറ്റ്സ് കമിങ് ഹോം...’ ഗാനത്തിന്റെ ഈരടികൾ പക്ഷേ കഴിഞ്ഞ കുറേ പതിറ്റാണ്ടായി പിഴക്കുന്നതാണ് കാഴ്ച. 1966ൽ ബോബി മൂറിന്റെ ടീം കിരീടം ജയിച്ചിട്ട് ഇപ്പോൾ 60 വർഷമായി. ഇതിനിടെ 1990ലും 2018ലും സെമിയിലെത്തിയതാണ് സമീപകാലത്തെ മികച്ച പ്രകടനം. ഖത്തറിൽ ഹാരി കെയ്നിന്റെ സംഘം ക്വാർട്ടറിൽ പുറത്തായി. ഇത്തവണ, തോമസ് തുഹെൽ എന്ന വിഖ്യാതനായ പരിശീലകനു കീഴിലാണ് ത്രീ ലയൺസ് ബൂട്ടുകെട്ടുന്നത്.
ഹാരി കെയ്ൻ നയിക്കുന്ന മുന്നേറ്റത്തിന് കരുത്തായി ജൂഡ് ബെല്ലിങ്ഹാം, ബുകായ സാക, ഡെക്ലൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, പ്രതിരോധത്തിൽ റീസ് ജെയിംസ്, മാർക് ഗുയി, എസ്റി കോൻസ, നികോ ഒറിലി എന്നിവരുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ന്യൂകാസിൽ പ്രതിരോധ താരം ടിനോ ലിവ്റമെന്റോയുടെ പരിക്കിനപ്പുറം കോച്ചിന് ആശങ്കകളൊന്നുമില്ല.
സ്ലാറ്റ്കോ ഡാലിചാണ് ക്രൊയേഷ്യൻ പരിശീലകൻ. 40കാരനായ ലൂകാ മോഡ്രിചിനും, പരിചയ സമ്പന്നനായ ഇവാൻ പെരിസിചിനുമൊപ്പം ഒരു പിടി യുവതാരങ്ങൾ കൂടി കളത്തിലിറങ്ങുമ്പോൾ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.