ഒരേ ഒരു രാജാവ്; ലോകകപ്പിൽ ഗോൾവേട്ടക്കാരിൽ ക്ലോസെക്കൊപ്പമെത്തി മെസ്സി

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി. ഗ്രൂപ് ജെ-യിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയതോടെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം (16 ഗോളുകൾ) നേടി മെസ്സിയുമെത്തി. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കാണിത്. മെസ്സിയുടെ ജൈത്രയാത്രയുടെ കരുത്തിൽ അർജന്റീന മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അൾജീരിയയെ വീഴ്ത്തി.

മറുവശത്ത് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും നോർവേയുടെ എർലിങ് ഹാലൻഡും ഇരട്ട ഗോളുകളുമായി തിളങ്ങിയ രാത്രിയിലാണ്, പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനവുമായി മെസ്സി ഫുട്ബാൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിയത്. കൃത്യം 20 വർഷങ്ങൾക്ക് മുമ്പ്, സെർബിയക്കെതിരെ മെസ്സി തന്റെ ലോകകപ്പ് അരങ്ങേറ്റം കുറിച്ച അതേ ദിവസം തന്നെയാണ് ഈ ചരിത്രനേട്ടവും പിറന്നത് എന്നത് മധുരമേറിയ യാദൃശ്ചികതയായി.

മത്സരത്തിന്റെ 17-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ഇന്റർ മയാമിയിലെ സഹതാരം റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നും അൾജീരിയൻ ഗോൾകീപ്പറും ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകനുമായ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി മെസ്സി പന്ത് വലയിലെത്തിച്ചു.

രണ്ടാം ഗോൾ താരതമ്യേന എളുപ്പമുള്ളതായിരുന്നു. അർജന്റീനൻ താരത്തിന്റെ ഷോട്ട് തട്ടിയകറ്റുന്നതിൽ ലൂക്കാ സിദാന് പിഴച്ചപ്പോൾ, ബോക്സിലേക്ക് ഓടിക്കയറിയ മെസ്സി പന്ത് ലക്ഷ്യത്തിലെത്തിച്ചു. തൊട്ടുപിന്നാലെ സഹതാരങ്ങളുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ താരം ഹാട്രിക് തികച്ചു.

ഹാട്രിക് പൂർത്തിയായ ഉടൻ തന്നെ പരിശീലകൻ മെസ്സിയെ പിൻവലിച്ചപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആരാധകർ എഴുന്നേറ്റു നിന്നാണ് തങ്ങളുടെ നായകന് ആദരവർപ്പിച്ചത്. 16 ഗോളുകളുമായി മെസ്സിയും ക്ലോസെയും ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, നിലവിലെ ഫോം തുടർന്നാൽ ഈ ലോകകപ്പിൽ തന്നെ മെസ്സിക്ക് ക്ലോസെയെ മറികടന്ന് ഏകനായി ഒന്നാമതെത്താം. കിലിയൻ എംബാപ്പെയും തൊട്ടുപിന്നാലെയുണ്ട്.

ലോകകപ്പിലെ ഗോൾവേട്ടക്കാർ:

  • മിറോസ്ലാവ് ക്ലോസെ- (ജർമനി) (16 ഗോളുകൾ)
  • ലയണൽ മെസ്സി- (അർജന്റീന) (16 ഗോളുകൾ)
  • റൊണാൾഡോ- (ബ്രസീൽ) (15 ഗോളുകൾ)
  • ഗെർഡ് മുള്ളർ- (വെസ്റ്റ് ജർമനി) (14 ഗോളുകൾ)
  • കിലിയൻ എംബാപ്പെ- ഫ്രാൻസ് (14 ഗോളുകൾ)
  • ജസ്റ്റ് ഫോണ്ടെയ്ൻ- ഫ്രാൻസ് (13 ഗോളുകൾ)
  • പെലെ- (ബ്രസീൽ) (12 ഗോളുകൾ)
  • സാന്റോർ കോസിസ്- (ഹംഗറി) (11 ഗോളുകൾ)
  • യുർഗൻ ക്ലിൻസ്മാൻ- (ജർമനി) (11 ഗോളുകൾ)
Tags:    
News Summary - There is only one king; Messi joins Klose as the top scorer in the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.