'ഹണ്ട്' തുടങ്ങി 'ഹാലണ്ട്'; ലോകകപ്പ് അരങ്ങേറ്റത്തിൽ ഇറാഖിനെ തകർത്ത് നോർവേ

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിൽ 28 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തിയ നോർവേയ്ക്ക് രാജകീയ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്തെറിഞ്ഞാണ് സ്റ്റാലെ സോൾബാക്കന്റെ സംഘം വരവറിയിച്ചത്. ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ സൂപ്പർ താരം എർലിങ് ഹാലണ്ടാണ് നോർവേയുടെ വിജയശില്പി. കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തുടങ്ങിയ ലോകകപ്പിൽ തന്റെ മറുപടി എന്തായിരിക്കുമെന്ന് എർലിങ് ഹാലണ്ട് കാണിച്ച് തന്നിരിക്കുന്നു. 1998-ന് ശേഷം ആദ്യമായാണ് നോർവേ ലോകകപ്പ് കളിക്കുന്നത്. ഇറാഖാകട്ടെ 1986-ന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് അങ്കത്തിനാണ് ഇറങ്ങിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ നോർവേ 28-ാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്നു. ഡേവിഡ് മോളർ വോൾഫെയുടെ കൃത്യതയാർന്ന ക്രോസിൽ നിന്ന് പന്ത് വലയിലെത്തിച്ച് ഹാലണ്ട് ലോകകപ്പിലെ തന്റെ കന്നി ഗോൾ സ്വന്തമാക്കി. എന്നാൽ, നോർവേയുടെ ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 10 മിനിറ്റിനുശേഷം ഇറാഖ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അമീർ അൽ-അമ്മാരിയുടെ ക്രോസിൽ നിന്ന് നോർവേ പ്രതിരോധത്തെ മറികടന്ന് അയ്മൻ ഹുസൈൻ ഉതിർത്ത തകർപ്പനൊരു ഹെഡർ വലയിൽ പതിച്ചു (1-1).

ആദ്യ പകുതി സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസന് നിർണായക പിഴവ് സംഭവിക്കുന്നത്. ആദ്യ പകുതി അവസാനിക്കാൻ വെറും മൂന്ന് മിനിറ്റ് മാത്രം ബാക്കിനിൽക്കെ, ഒരു ബാക്ക് പാസ് ക്ലിയർ ചെയ്യുന്നതിൽ വന്ന ആശയക്കുഴപ്പം മുതലെടുത്ത ഹാലണ്ട് അനായാസം പന്ത് വലയിലാക്കി നോർവേയെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ നോർവേ ആക്രമണം കൂടുതൽ ശക്തമാക്കി.

ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡെടുത്ത കോർണർ കിക്ക് ലിയോ ഒസ്റ്റിഗാർഡ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചതോടെ നോർവേയുടെ ലീഡ് മൂന്നായി ഉയർന്നു. ഒടുവിൽ ഇൻജുറി ടൈമിൽ ക്രിസ്റ്റ്യൻ തോർസ്റ്റ്വെഡ്റ്റ് കൂടെ വല കുലുക്കിയതോടെ ഇറാഖിന്റെ പതനം പൂർത്തിയായി. തോർസ്റ്റ്വെഡ്റ്റിന്റെ ഗോളിന് വഴിയൊരുക്കിയതും ഹാലണ്ടായിരുന്നു.

ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ടഗോൾ നേടിയ ഹാലണ്ടാണ് മത്സരത്തിലെ താരം. കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്നായി നോർവേക്കായി താരം നേടുന്ന 11-ാം ഗോളാണിത്. ഗംഭീര വിജയത്തിലും അതിരുകടന്ന ആത്മവിശ്വാസം വേണ്ടെന്ന മുന്നറിയിപ്പാണ് മത്സരശേഷം ഹാലണ്ട് നൽകിയത്. 'ജയത്തിൽ സന്തോഷമുണ്ട്. പക്ഷേ, ശാന്തത കൈവിടാൻ പാടില്ല" - ഹാലണ്ട് വ്യക്തമാക്കി.

ഗ്രൂപ്പിലെ അടുത്ത മത്സരങ്ങൾ നോർവേയ്ക്ക് നിർണായകമാണ്. പ്രത്യേകിച്ച് ഫ്രാൻസിനെതിരായ വരാനിരിക്കുന്ന പോരാട്ടത്തിൽ, ഇറാഖിനെതിരെ വഴങ്ങിയതുപോലുള്ള പ്രതിരോധത്തിലെ പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ നോർവേയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് ഈ മത്സരം വ്യക്തമാക്കുന്നത്.

Tags:    
News Summary - Haaland scores 2 goals in World Cup debut to power Norway past Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.