ഷെമീർ
ഓരോ ഫുട്ബാൾ കാലവും ഓർമയിലേക്കുള്ള തിരിച്ചുപോക്കിന്റെതാണ്. ലോകകപ്പാവുമ്പോൾ അതിന് ആഴവും പരപ്പും കൂടും. തൃശൂർ ചിറനെല്ലൂരിലെ കുട്ടികാലവും പന്തു കളികളും, ക്ലബും സൗഹൃദങ്ങളുമെല്ലാം ഓർമയിൽ എത്തുന്ന കാലം. ചെറുപ്പം മുതലേ അത്യാവശ്യം ഫുട്ബാൾ കളിച്ചിരുന്നതിനാൽ നാട്ടിലെ ക്ലബുകളിലും സൗഹൃദകൂട്ടങ്ങളിലും സജീവമായിരുന്നു. സ്കൂൾ വിട്ടുവന്നാൽ നേരെ പാടത്തേക്ക് പാഞ്ഞിരുന്ന കാലം. ഇരുട്ടുവീഴും വരെയാകും അന്ന് മൽസര സമയം. കളിക്കു വാശിയേറുമ്പോൾ പന്തുകാണും വരെ കളിതുടരും.
ചെറിയ വഴക്കങ്ങളും വാശിയും എല്ലാം ഇതിനിടയിൽ ഉടലെടുക്കുമെങ്കിലും കളി തീരുന്നതോടെ അതെല്ലാം മാഞ്ഞുപോകും. ഒരുകുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു തോളിൽ കയ്യിട്ട് വീട്ടിലേക്ക് മടങ്ങും. ഏറ്റവും മനോഹരമായ സൗഹൃദത്തിന്റെ കാലമായിരുന്നു അത്. നാട്ടിലെ ക്ലബിനുവേണ്ടി പഞ്ചായത്ത് മേളയിലും മറ്റു മൽസരങ്ങളിലും കളിച്ചതും മനോഹരമായ ഓർമയാണ്. അക്കാലത്ത് അൽപ്പ കാലം ചാത്തുണ്ണി സാറിനു കീഴിൽ പരിശീലനം നേടുകയുമുണ്ടായി. ഫുട്ബാൾ എന്നത് പന്തിനുപിറകെയുള്ള പാച്ചില്ലല്ല, മികവോടെ കളിമികവിനെ ഉപയോഗപ്പെടുത്തലാണെന്ന് മനസ്സിലായത് അന്നു മുതലാണ്.
ലോകകപ്പും, യൂറോകപ്പും, കോപ്പയും എല്ലാം എത്തുമ്പോൾ നാട്ടിലെ ക്ലബിൽ ടിവി എത്തും. പിന്നെ രാത്രിയാകാനുള്ള കാത്തിരിപ്പാണ്. വ്യത്യസ്ത ടീമുകളുടെ ആരാധകർ നേരത്തെ അവിടെ ഇടം പിടിച്ചിട്ടുണ്ടാകും. ബെറ്റും, തർക്കങ്ങളും, ആഹ്ലാദവും, ആഘോഷവുമായി മൽസരങ്ങൾ കണ്ടിരുന്ന കാലം. ആ കാലത്തു തന്നെയാണ് ബ്രസീലും മഞ്ഞകുപ്പായക്കാരും മനസ്സിൽ ഇടം പിടിച്ചത്. ലോക ഫുട്ബാളിലെ ഇതിഹാസങ്ങൾ അങ്ങനെ മനസ്സിലേറി. റൊമാരിയോയും, കഫുവും കഴിഞ്ഞ് റൊണാൾഡോ, റെണാൾഡിഞ്ഞോ,റിവാൾഡോ, റോബർട്ടോ കാർലോസ്, കക്ക, നെയ്മർ തുടങ്ങിയവരിൽ എത്തി നിൽക്കുന്ന ഇഷ്ടം.
നാട്ടിൽ അങ്ങനെ കളികൾ കണ്ടു നടക്കുന്നതിനിടെയാണ് കുവൈത്തിലേക്ക് വിമാനം കയറുന്നത്. 2019 ൽ കുവൈത്തിൽ എത്തുമ്പോൾ പന്തുകളിക്കാൻ സൗകര്യമുണ്ടാകുമോ എന്നായിരുന്നു പ്രധാന ആശങ്ക. തൃശൂർ സോക്കർ കേരള, മാക് എന്നിവയിലൂടെ പിന്നെ അതിന് സൗകര്യം ഒരുങ്ങി. ഇതിനിടയിൽ ലോകകപ്പു മൽസരങ്ങൾ പലതും കടന്നുപോയി. കുവൈത്തിലെ കൂട്ടുകാർകൊപ്പം മൽസരങ്ങൾ കണ്ടും അതിനെ കുറിച്ചു ചർച്ചകൾ നടത്തിയും ഈ ലോകകപ്പിനെയും വരവേൽക്കുന്നു.
ഇപ്പോൾ മൽസരങ്ങൾ കാണൽ മൊബൈൽ സ്ക്രീനിന്റെ ചെറിയ ചതുരത്തിലാണ്. നാട്ടിലെ ആരവങ്ങൾ ശരിക്കും ഓർമവരുന്ന ഘട്ടം. ഈ ലോകകപ്പിലും ഇഷ്ട ടീം ബ്രസീൽ തന്നെയാണ്. അപ്പോഴും മറ്റൊരിഷ്ടം കൂടിയുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തോട്. ലോക ഫുട്ബാളിലെ പകരം വെക്കാനില്ലാത്ത ഈ പോരാളി ഒരു ലോക കിരീടം അർഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.