ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പേര് ഫുട്ബാൾ ഫെഡറേഷൻ ഓഫ് ഭാരത്' (എഫ്.എഫ്.ബി) എന്ന് മാറ്റാൻ ഒരുങ്ങുന്നു. ശനിയാഴ്ച നടന്ന സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. പേരുമാറ്റത്തിന് അനുമതി തേടി കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ വ്യക്തമാക്കി.
പേരുമാറ്റത്തിന് കടമ്പകളേറെ
പേരുമാറ്റം യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഫിഫയുടെയും ഔദ്യോഗിക അംഗീകാരം ആവശ്യമാണ്. കായിക മന്ത്രാലയം ഇതിന് പച്ചക്കൊടി കാണിച്ചാൽ പ്രമേയം വീണ്ടും ജനറൽ ബോഡിയുടെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്നും, അതിനുശേഷം അന്തിമ അനുമതിക്കായി ഫിഫയ്ക്ക് അയക്കുമെന്നും കല്യാൺ ചൗബെ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. തുർക്കി, ചെക്കിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഫുട്ബാൾ അസോസിയേഷനുകളുടെ പേരുമാറ്റിയ നടപടിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.എസ്.എൽ സെപ്റ്റംബർ 4 മുതൽ
2026-27 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് സെപ്റ്റംബർ 4-ന് തുടക്കമാകും. എ.ഐ.എഫ്.എഫ് വാർഷിക ഫുട്ബാൾ കലണ്ടറിനും യോഗം അംഗീകാരം നൽകി. 14 ക്ലബ്ബുകൾ പങ്കെടുക്കുന്ന ഐ.എസ്.എൽ പൂർണ്ണമായും ഹോം ആൻഡ് എവേ ഫോർമാറ്റിലായിരിക്കും നടക്കുക. ലീഗ് ഏഴ് മാസം നീണ്ടുനിൽക്കും. അന്തിമ മത്സരക്രമം മാനേജിംഗ് കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും. അതേസമയം, ഐ.എസ്.എല്ലിന്റെ ഭാവി നടത്തിപ്പ് ഘടനയെക്കുറിച്ച് ജനറൽ ബോഡി യോഗത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ക്ലബ്ബുകൾ, എ.ഐ.എഫ്.എഫ്, വാണിജ്യ പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിഷയം വിട്ടിരിക്കുകയാണ്. ഈ കമ്മിറ്റിയുടെ തീരുമാനങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിക്കും.
ഐ.എസ്.എല്ലിന്റെ വാണിജ്യ അവകാശങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ലീഗിന്റെ വാണിജ്യ അവകാശങ്ങൾക്കായി ലണ്ടൻ ആസ്ഥാനമായുള്ള ജീനിയസ് സ്പോർട്സ് ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും ക്ലബ്ബുകൾ ഇതിനെ എതിർത്തു. പകരം അടുത്ത രണ്ട് വർഷത്തേക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള ഒരു പുതിയ നടത്തിപ്പ് രീതി അവർ നിർദ്ദേശിച്ചു. ഇതനുസരിച്ച് എ.ഐ.എഫ്.എഫിന് പ്രതിവർഷം 15.4 കോടി രൂപ നൽകാനും, പകരം റഫറിയിങ്, ഉത്തേജക വിരുദ്ധ നടപടികൾ, പ്ലെയർ രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം ഫെഡറേഷന് തന്നെ നൽകാനും ക്ലബ്ബുകൾ തയ്യാറായിട്ടുണ്ട്. നേരത്തെ കായിക മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ക്ലബ്ബുകളുടെ ഈ നിർദ്ദേശം തത്വത്തിൽ അംഗീകരിക്കാൻ എ.ഐ.എഫ്.എഫ് തയ്യാറായിരുന്നു. കൂടാതെ, എ.ഐ.എഫ്.എഫ് ഭരണഘടന നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ടുമായി സംയോജിപ്പിക്കാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.