ലോസ് ആഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാദ ഫൗളിൽ ചുവപ്പ് കാർഡ് നൽകാത്തത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി പരാതി നൽകി അൾജീരിയ.
ഐസ മാൻഡിയുടെ കാലിനു പുറകിൽ ചവിട്ടിയ മെസ്സിക്ക് ചുവപ്പ് കാർഡ് തന്നെ നൽകണമായിരുന്നെന്നും വി.എ.ആർ സംവിധാനം കൃത്യമായി ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അൾജീരിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കാൻസാസ് സിറ്റിയിൽ നടന്ന ഗ്രൂപ്പ് 'ജെ' മത്സരത്തിന്റെ 31-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം.
അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസ്സി പുറകിൽ നിന്ന് ബൂട്ടിന്റെ സ്റ്റഡുകൾ ഉയർത്തി കാലിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഈ ഫൗളിന് മെസ്സിക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കണമെന്ന് അൾജീരിയൻ ആരാധകരും താരങ്ങളും വാദിച്ചെങ്കിലും റഫറി കാർഡൊന്നും നൽകിയില്ല. ഇതിന് പുറമെ അർജന്റീന താരങ്ങളുടെ ഭാഗത്തുനിന്ന് രണ്ട് തവണ കൈമുട്ട് കൊണ്ടുള്ള ഫൗളുകൾ ഉണ്ടായിട്ടും റഫറിയോ വി.എ.ആറോ ഇടപെട്ടില്ലെന്ന് അൾജീരിയ ആരോപിക്കുന്നുണ്ട്.
‘അർജന്റീന ശക്തരായ ടീമല്ല എന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ കൺമുന്നിൽ നടന്ന അനീതിക്കെതിരെ ഞങ്ങൾക്ക് മിണ്ടാതിരിക്കാനാകില്ല. മെസ്സിയുടെ ഫൗൾ ചുവപ്പ് കാർഡ് അർഹിക്കുന്നതായിരുന്നുവെന്നാണ് എല്ലാവരുടെയും അഭിപ്രായം. വി.എ.ആർ പോലും ഇടപെടാതിരുന്ന മൂന്ന് വ്യക്തമായ നിയമലംഘനങ്ങളാണ് മത്സരത്തിൽ നടന്നത്,’ -അൾജീരിയൻ ഫെഡറേഷൻ വക്താവ് വ്യക്തമാക്കി.
മത്സരത്തിൽ ലയണൽ മെസ്സി ഹാട്രിക് നേടിയിരുന്നു. ഫൗൾ നടക്കുന്നതിന് തൊട്ടുമുമ്പ് അർജന്റീനയെ മുന്നിലെത്തിച്ച മെസ്സി, പിന്നീട് രണ്ട് ഗോളുകൾ കൂടി നേടി ഹാട്രിക് തികക്കുകയായിരുന്നു. ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്‍റെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ തിങ്കളാഴ്ച അൾജീരിയ ജോർദാനെയും അർജന്റീന ഓസ്ട്രിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.