ലോകകപ്പ് ചരിത്രത്തിൽ ആദ്യം; പരാഗ്വ താരത്തിന് ചുവപ്പ് കാർഡ് കിട്ടിയത് പുതിയ നിയമപ്രകാരം

ന്യൂയോര്‍ക്ക്: കളിക്കളത്തിലെ തർക്കത്തിനിടെ വായ കൈകൊണ്ട് മറച്ചുപിടിച്ച് സംസാരിച്ചതിന് ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്ന ആദ്യ താരമായി പരാഗ്വയുടെ മധ്യനിരതാരം മിഗ്വല്‍ അല്‍മിറോണ്‍. ലോകകപ്പിൽ ശനിയാഴ്ച രാവിലെ തുർക്കിയക്കെതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലാണ് താരത്തിന് ചുവപ്പ് കാർഡ് കിട്ടിയത്.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഈ കുറ്റത്തിന് ഒരു താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് താരത്തിന് പുറത്തുപോകേണ്ടി വന്നത്. ഈ സമയം പരാഗ്വ 1-0ന് മുന്നിലായിരുന്നു. പകുതി സമയവും പത്തുപേരുമായി പൊരുതിയ പരാഗ്വ, തുർക്കിയയുടെ ആക്രമണ ഫുട്ബാളിനെ പിടിച്ചുകെട്ടി മത്സരം ജയിക്കുകയും ചെയ്തു.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. കളിക്കളത്തിൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. അതോടെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടു. ഇതിനിടെ തുര്‍ക്കിയ താരം മെര്‍ട്ട് മള്‍ഡറിനോട് എന്തോ സംസാരിക്കുന്നതിനിടെ അല്‍മിറോണ്‍ തന്റെ വായ കൈകൊണ്ട് മറച്ചുപിടിക്കുകയായിരുന്നു. തുർക്കിയ താരം ഇത് ഉടന്‍ തന്നെ റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഗ്രൗണ്ടിലെ മോണിറ്ററിലൂടെ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി അല്‍മിറോണിന് വുചപ്പ് കാർഡ് നൽകുകയായിരുന്നു.

മത്സരത്തിനിടെ എതിരാളികളുമായി തർക്കത്തിലേർപ്പെടുമ്പോൾ വായ കൈകൊണ്ട് മറച്ചുപിടിക്കുന്ന കളിക്കാർക്ക് ചുവപ്പ് കാർഡ് നൽകുന്ന നിയമം ഈ ലോകകപ്പ് മുതലാണ് നടപ്പാക്കിയത്. മൈതാനത്തെ വംശീയ അധിക്ഷേപങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് ഫിഫ നിയമം നടപ്പാക്കിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്ക വിങ്ങർ ജിയാൻലൂക്ക പ്രെസ്റ്റിയാനി വംശീയമായി അധിക്ഷേപിച്ചെന്ന് മഡ്രിഡിന്‍റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പരാതിപെട്ടിരുന്നു.

വംശീയമായി അധിക്ഷേപിച്ചെന്ന കാര്യം പ്രെസ്റ്റിയാനി നിഷേധിച്ചെങ്കിലും, വായ മറച്ചുപിടിച്ചതിനാല്‍ വിഡിയോ പരിശോധനയിൽ താരം എന്താണ് പറഞ്ഞതെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്, തര്‍ക്കങ്ങള്‍ക്കിടെ വായ പൊത്തുന്ന കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാന്‍ ഫിഫ ഫെബ്രുവരിയിൽ പുതിയ നിയമം കൊണ്ടുവന്നത്. "നിങ്ങൾക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ, സംസാരിക്കുമ്പോൾ വായ കൈ കൊണ്ട് മറച്ചുപിടിക്കേണ്ട കാര്യമില്ല. അത്രയേയുള്ളൂ, കാര്യം വളരെ ലളിതമാണ്," -എന്നാണ് ഫിഫ പ്രസിഡന്‍റ് ഇൻഫാന്‍റിനോ അന്ന് പ്രതികരിച്ചത്.

Tags:    
News Summary - FIFA World Cup History: Paraguay's Miguel Almiron Shown Red Card Under New Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.