ഹൂസ്റ്റൺ: ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ താരങ്ങൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റോണാൾഡോ. ടീമിൽ ഭിന്നതയില്ലെന്നും തങ്ങൾ 'എപ്പോഴും ഒറ്റക്കെട്ടാണെന്നും' വ്യക്തമാക്കിയാണ് റൊണാൾഡോ രംഗത്ത് വന്നത്.
ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയുള്ള നിർണായക മത്സരത്തിന് മുന്നോടിയായുള്ള പരിശീലന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ പ്രതികരിച്ചത്. ‘നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്നും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ടീമിൽ വൻ ആഭ്യന്തര കലഹമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പോർച്ചുഗൽ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ജോവ നെവസ് എന്നിവർക്കെതിരെ സോഷ്യൽ മീഡിയയിൽ റൊണാൾഡോ ആരാധകരുടെ കടുത്ത സൈബർ ആക്രമണമുണ്ടായത്. പ്രമുഖ പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ വിറ്റർ പിന്റോ ടീമിനുള്ളിൽ ആഭ്യന്തര യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ പുകഞ്ഞത്.
കോംഗോക്കെതിരായ മത്സരത്തിൽ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മോശം പ്രകടനമാണ് റൊണാൾഡോ പുറത്തെടുത്തതെന്ന വിമർശനം ശക്തമാണ്. മത്സരത്തിനിടെ സഹതാരങ്ങളോട് റൊണാൾഡോ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ റൊണാൾഡോ ആരാധകർ ബ്രൂണോ ഫെർണാണ്ടസിനെ പ്രതിക്കൂട്ടിലാക്കി സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു.
ഇതിനിടെ റൊണാൾഡോയുടെ സഹോദരി കാതിയ അവീറോ ബ്രൂണോയെ വിമർശിക്കുന്ന പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ലൈക്ക് ചെയ്തത് വിവാദം കൂടുതൽ വഷളാക്കിയിരുന്നു. ‘രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ബ്രൂണോ അപ്രത്യക്ഷനാകുന്നു’ എന്നായിരുന്നു ആ പോസ്റ്റിലെ വിമർശനം.
മത്സരത്തിൽ പോർച്ചുഗലിനായി ഗോൾ നേടിയ യുവതാരം ജോവോ നെവസും റൊണാൾഡോ ആരാധകരുടെ കടുത്ത സൈബർ ആക്രമണത്തിന് ഇരയായി. ‘റൊണാൾഡോ ഫുട്ബാളിന് നൽകിയ സംഭാവനകൾ വലുതാണ്. എന്നാൽ നിലവിൽ അദ്ദേഹം ഞങ്ങളിൽ ഒരാൾ മാത്രമാണ്, ടീമിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനല്ല. ഞങ്ങളെപ്പോലെ ടീമിനെ സഹായിക്കാൻ എത്തിയ മറ്റൊരു താരം മാത്രമാണ് അദ്ദേഹം,’ എന്ന നെവസിന്റെ പ്രസ്താവനയാണ് ആരാധകരെ ചൊടിപ്പിച്ചത്.
തന്റെ അവസാന ലോകകപ്പ് കളിക്കുന്ന റൊണാൾഡോക്ക് മേൽ വലിയ സമ്മർദമാണ് ഇപ്പോഴുള്ളത്. ആദ്യ മത്സരത്തിലെ സമനില ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നും വരും മത്സരങ്ങളിൽ ശക്തമായി തിരിച്ചുവരുമെന്നും താരങ്ങളും കോച്ചും വ്യക്തമാക്കുന്നുണ്ടെങ്കിലും പോർച്ചുഗൽ ക്യാമ്പിലെ അസ്വാരസ്യങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.