ആസ്ത്രേലിയൻ താരം അവർ മാബിൽ
അൽമേഡ (യു.എസ്): യുദ്ധവും പട്ടിണിയും മറ്റ് ദുരിതവും കാരണം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അഭയാർഥിയായി എത്തി ലോകകപ്പിൽ പന്തുതട്ടുന്ന താരങ്ങൾ നിരവധിയാണ്. ഈ ഹതഭാഗ്യരെ ഇരുകൈയും നീട്ടി സ്വീകരിച്ച് രാജ്യത്തിനൊപ്പം ചേർക്കുന്ന രാജ്യങ്ങൾക്കും നൽകണം കൈയടി. ഇന്ന് ലോക അഭയാർഥി ദിനം ആചരിക്കുമ്പോൾ ആസ്ട്രേലിയൻ നിരയിലുണ്ട് നാല് അഭയാർഥികൾ. ചെറുപ്രായത്തിൽ ജനിച്ച നാടു വിട്ട്, പല നാടുകളിൽ കറങ്ങി കംഗാരുക്കളുടെ നാട്ടിലെത്തിയവരാണിവർ. 30കാരനായ ഫോർവേഡ് അവർ മാബിലാണ് ഇതിൽ പ്രമുഖൻ.
ദക്ഷിണ സുഡാനിലാണ് മാബിൽ ജനിച്ചത്. ആഭ്യന്തര യുദ്ധത്തിൽ നാട്ടിൽ നിൽക്കാൻ പറ്റാതെ എട്ടു വയസ്സുകാരനായ മാബിലുമായി മാതാപിതാക്കൾ കെനിയയിലേക്ക് കുടിയേറുകയായിരുന്നു. രണ്ടു വർഷത്തിനുശേഷം ആസ്ട്രേലിയയിലെ അഡലെയ്ഡിലെത്തി. സിരകളിൽ കാൽപന്ത് കളിയെ ആവാഹിച്ച താരം പടിപടിയായി ഉയർന്ന് സോക്കറൂസ് ടീമിലെത്തി. എന്തും നേടിയെടുക്കാനാകുമെന്നും പ്രയത്നം തുടരണമെന്നുമാണ് ലോകമെങ്ങുമുള്ള അഭയാർഥികളോട് മാബിലിന് പറയാനുള്ളത്. നിങ്ങൾ എവിടെ നിന്നുവരുന്നു എന്നതല്ല കാര്യം. ഫുട്ബാളാണ് എല്ലാം. ലോകകപ്പിനിടെ ലോക അഭയാർഥി വാരവും ദിനവും എത്തിയത് യാദൃച്ഛികതയാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ തവണ ഖത്തറിലൊഴികെ എല്ലാ ലോകകപ്പുകൾക്കുമിടയിലാണ് അഭയാർഥി ദിനം എത്തുന്നത്.
ആസ്ട്രേലിയൻ ടീമിലെ മറ്റ് അഭയാർഥി താരങ്ങളായ മോ ടൂറെയുടെയും നെസ്ട്രോയി ഇറാങ്കുണ്ടയുടെയും ‘വല്യേട്ടൻ’ ആണ് മാബിൽ. പലപ്പോഴും കളിക്കാൻ അവസരം കിട്ടാറില്ലെങ്കിലും ടീമംഗങ്ങൾക്ക് മാബിൽ ഇഷ്ടതോഴനാണ്. കഴിഞ്ഞ തവണ രണ്ട് ഗ്രൂപ് മത്സരങ്ങളിൽ അൽപനേരം പകരക്കാരനായി കളിച്ചിരുന്നത് മാത്രമാണ് മാബിലിന്റെ ലോകകപ്പ് കളിയനുഭവം. 20കാരനായ ഇറാങ്കുണ്ട തുർക്കിയക്കെതിരെ ഗോൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.