ടെക്സാസ്: ആദ്യ കളിയിൽ ജപ്പാൻകാർ പിടിച്ചുകെട്ടിയ ഓറഞ്ച് പടക്ക് എഫ് ഗ്രൂപ്പിൽ ഇന്ന് ജയം അനിവാര്യം. സ്വീഡനെതിരെയാണ് നെതർലൻഡ്സ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. തുനീഷ്യയെ 5-1ന് തകർത്താണ് സ്കാൻഡിനേവിയൻ കരുത്തരായ സ്വീഡന്റെ വരവ്. ഏഷ്യൻ വമ്പന്മാരായ ജപ്പാനെതിരെ സമനിലയാണ് നേടിയതെങ്കിലും ഓറഞ്ചു സംഘത്തിന്റേത് അതിശക്തമായ ടീമാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30നാണ് മത്സരം. ജയിച്ചാൽ റൗണ്ട് ഓഫ് 32ലേക്ക് നെതർലൻഡ്സിന് പ്രതീക്ഷ പുലർത്താം. തോറ്റാൽ പ്രതീക്ഷകൾ അൽപം മങ്ങും. യൂറോപ്യൻ യോഗ്യത മത്സരത്തിൽ ആറ് ജയവും രണ്ട് സമനിലയുമായി ലോകകപ്പിനെത്തിയ ടീമാണ് നെതർലൻഡ്സ്. 27 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. ലോകകപ്പിനുമുമ്പ് നെതർലൻഡ്സിനുമേൽ പ്രതീക്ഷ പുലർത്താൻ ആരാധകർക്ക് ആവേശമായത് ഈ യോഗ്യതയായിരുന്നു. എന്നാൽ, ലോകകപ്പ് അടുത്തപ്പോൾ കളി മാറി. സന്നാഹ കളിയിൽ അൽജീരിയയോട് തോൽവിയും എക്വഡോറിനോട് സമനിലയുമായിരുന്നു ഫലം. ഓറഞ്ചുകാരുടെ ആക്രമണനിര കരുത്തരാണ്. മെംഫിസ് ഡെപെയും കോഡി ഗാക്പോയും ഡോണിയൽ മാലനും മിടുക്കരാണ്. ക്രിസൻഷ്യോ സമ്മർവിലും ക്യാപ്റ്റൻ വിർജിൽ വാൻ ഡികുമാണ് കഴിഞ്ഞ കളിയിൽ ഗോളടിച്ചത്. വാൻഡികിന്റെ അധീനതയിലുള്ള പ്രതിരോധവും കടുപ്പമാണ്. തുനീഷ്യക്കെതിരെ ഇരട്ട ഗോൾ നേടിയ യാസിൻ അയാരിയും മറ്റ് സ്കോറർമാരായ അലക്സാണ്ടർ ഇസാക്കും മത്യാസ് സ്വാൻബെർഗും വിക്ടർ ഗ്യോകറസും അപകടകാരികളാണ്. 1947ൽ ഗ്രൂപ് ഘട്ടത്തിലാണ് അവസാനമായി ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.