ബ്രസീൽ ദേശീയ കുപ്പായത്തിൽ ഇറങ്ങുമ്പോൾ റയൽ മാഡ്രിഡിലെ വിനീഷ്യസ് ജൂനിയറിനെ കാണാനില്ലെന്ന വിമർശകർക്കുള്ള കൃത്യമായ മറുപടിയാണ് ഫിലാഡൽഫിയയിൽ കണ്ടത്. ക്ലബ്ബിന് വേണ്ടി മാത്രമേ ഫോം ആകൂ എന്ന് പരിഹസിച്ചവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനവുമായി വിനീഷ്യസ് കളം നിറഞ്ഞപ്പോൾ, 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ തകർത്തു. ഒരു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ വിജയശിൽപ്പിയായ വിനി, ടൂർണമെന്റിൽ ബ്രസീലിന്റെ പ്രീ-ക്വാർട്ടർ സാധ്യതകൾ കൂടുതൽ സജീവമാക്കുന്നതിനൊപ്പം ചരിത്രപരമായ ഒരു നേട്ടവും തന്റെ പേരിലാക്കി.
ലോകകപ്പ് വേദിയിൽ സാക്ഷാൽ ഇതിഹാസങ്ങൾക്കൊപ്പം തന്റെ പേരും എഴുതിച്ചേർത്താണ് വിനീഷ്യസ് വിമർശകരുടെ വായടപ്പിച്ചത്. രണ്ട് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോളും അസിസ്റ്റും നേടുന്ന മൂന്നാമത്തെ ബ്രസീലിയൻ താരമെന്ന അതുല്യ നേട്ടമാണ് വിനി സ്വന്തമാക്കിയത്. ഇതിഹാസ താരങ്ങളായ ജൈർസിഞ്ഞോ (1970, 1974), റിവാൾഡോ (1998, 2002) എന്നിവരാണ് ഇതിനുമുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ ഗോൾ നേടിയ താരം, ഈ ലോകകപ്പിൽ ഇതുവരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി കഴിഞ്ഞു. തന്റെ രാജ്യാന്തര ഫോമിനെ ചോദ്യം ചെയ്തവർക്ക് ഇതിലും മികച്ചൊരു മറുപടി നൽകാനില്ല.
ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയതിന്റെ കടുത്ത സമ്മർദ്ദത്തിലായിരുന്ന പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ബ്രസീൽ ടീമിനും ഈ ആധികാരിക വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. സ്ട്രൈക്കർ മാത്യൂസ് കുഞ്ഞയിലൂടെയാണ് ബ്രസീൽ ആദ്യ രണ്ട് ഗോളുകൾ നേടിയത്. ഇതിൽ കുഞ്ഞയുടെ രണ്ടാമത്തെ ഗോൾ പിറന്നത് വിനീഷ്യസിന്റെ കൃത്യതയാർന്ന പാസിൽ നിന്നായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഹെയ്തിയുടെ പ്രതിരോധ നിരയെ കീറിമുറിച്ച് മുന്നേറിയ വിനീഷ്യസ് ബ്രസീലിന്റെ മൂന്നാം ഗോളും വലയിലാക്കി കളി പൂർണ്ണമായും തങ്ങളുടെ വരുതിയിലാക്കി.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. ഗോൾ വ്യത്യാസത്തിലാണ് അവർ മൊറോക്കോയെ പിന്നിലാക്കിയത്. ആദ്യ പകുതിയിൽ പരിക്കേറ്റ് റഫീഞ്ഞയ്ക്ക് കളം വിടേണ്ടി വന്നത് മാത്രമാണ് മത്സരത്തിൽ ബ്രസീലിന് നേരിയ ആശങ്ക സൃഷ്ടിച്ചത്. രണ്ടാം പകുതിയിൽ മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാൻ കഴിയാതിരുന്ന ഹെയ്തി ഈ തോൽവിയോടെ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ കരുത്തരായ ബ്രസീൽ സ്കോട്ട്‌ലൻഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.