ഗുവാഹത്തി: കഴുകൻ സംരക്ഷണ രംഗത്ത് നിർണായകമായ ചരിത്രനേട്ടവുമായി അസം. ലോകത്ത് ആദ്യമായി ക്യത്രിമ കൂട്ടിൽ വളർത്തിയ സ്ലെൻഡർ-ബിൽഡ് വൾച്ചറുകളെ വിജയകരമായി കാട്ടിലേക്ക് തുറന്നുവിട്ടു. വംശനാശഭീഷണി നേരിടുന്ന ഈ പക്ഷികളുടെ സ്വാഭാവിക ജനസംഖ്യ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിൽ അസമിലെ ഗുവാഹത്തിക്ക് സമീപമുള്ള റാണിയിൽ പ്രവർത്തിക്കുന്ന വൾച്ചർ കൺസർവേഷൻ ബ്രീഡിങ് സെന്ററിൽ കൂട്ടിൽ വളർത്തിയ അഞ്ച് സ്ലെൻഡർ-ബിൽഡ് വൾച്ചറുകളെയും അഞ്ച് വൈറ്റ്-റംപ്ഡ് വൾച്ചറുകളും ഉൾപ്പെടെ 10 കഴുകന്മാരെയാണ് സ്വതന്ത്രമാക്കിയത്.
കൂട്ടിൽ വളർത്തിയ വൈറ്റ്-റംപ്ഡ് വൾച്ചറുകളെ നേരത്തെയും കാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ടെങ്കിലും സ്ലെൻഡർ-ബിൽഡ് വൾച്ചറുകളെ ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ വളർത്തി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയക്കുന്നത്.
ഇന്ത്യയിലെ ജിപ്സ് വിഭാഗത്തിൽപ്പെടുന്ന കഴുകന്മാരുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിനിടെ ഏകദേശം 99 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. കന്നുകാലികൾക്ക് നൽകുന്ന ചില വെറ്ററിനറി വേദനസംഹാരികളാണ് ഇതിന് പ്രധാന കാരണം.
വെറ്ററിനറി വേദനസംഹാരികളായ ഡിക്ലോഫെനാക്, അസിക്ലോഫെനാക്, കെറ്റോപ്രൊഫെൻ, നിമെസുലൈഡ് എന്നീ അപകടകാരിയായ മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും കന്നുകാലികൾക്ക് നൽകുന്നുണ്ട്. അതുപോലെ ചത്ത മൃഗങ്ങളുടെ ശരീരത്തിൽ കീടനാശിനികൾ തളിക്കുന്നതും കഴുകൻമാരുടെ എണ്ണം കുറയാൻ കാരണമാവുന്നു.
വിഷാംശമുള്ള കീടനാശിനികൾ ഉപയോഗിച്ച് വിഷം കലർത്തിയ മൃഗങ്ങളുടെ ജഡങ്ങൾ കഴുകന്മാർ ഭക്ഷിക്കുന്നതാണ് ഇത്തരം കൂട്ടമരണങ്ങൾക്ക് പ്രധാന കാരണം. 2018 മുതൽ അസമിൽ ഹിമാലയൻ ഗ്രിഫോൺ ഉൾപ്പെടെ 700-ലധികം കഴുകന്മാർ ഇത്തരത്തിൽ വിഷബാധയേറ്റ് ചത്തിട്ടുണ്ട്.
2007 മുതൽ ബി.എൻ.എച്ച്.എസ് സംസ്ഥാന വനംവകുപ്പുമായി ചേർന്ന് കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനുമായി പ്രവർത്തിക്കുന്നുണ്ട്. കഴുക സംരക്ഷണം ബ്രീഡിങ് സെന്ററുകളിലോ വനമേഖലകളിലോ മാത്രം ഒതുങ്ങുന്നില്ല. പ്രാദേശിക ജനങ്ങളുടെ സഹകരണവും അത്യാവശ്യമാണ്.
കന്നുകാലികൾക്ക് നിരോധിച്ച മരുന്നുകൾ നൽകാതിരിക്കുക, ചത്ത മൃഗങ്ങളുടെ ശരീരത്തിൽ കീടനാശിനി തളിക്കാതിരിക്കുക, വിഷം കലർന്ന ജഡങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുന്ന പരിപാടികൾ അസമിൽ സംഘടിപ്പിക്കുന്നുണ്ട്.
ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റീവ്-ബ്രീഡ് സ്ലെൻഡർ-ബിൽഡ് വൾച്ചർ റിലീസ് എന്ന നിലയിൽ ഈ നടപടി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമാണ്. വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിവർഗത്തെ കൂട്ടിലിട്ട് വിജയകരമായി പ്രജനനം നടത്തുന്നതിൽ നിന്ന് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്ന ഘട്ടത്തിലേക്ക് സംരക്ഷണ പ്രവർത്തനം എത്തിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം.
കാട്ടിലേക്ക് തുറന്നുവിട്ട ഒാരോ കഴുകനും പ്രത്യേക തിരിച്ചറിയൽ സംവിധാനമുണ്ട്. ഓരോ പക്ഷിയുടെയും കാലിൽ നമ്പർ രേഖപ്പെടുത്തിയ നീല നിറത്തിലുള്ള വളയം ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പുറത്ത് പ്രത്യേക ടാഗും നൽകിയിട്ടുണ്ട്. ഇതിലൂടെ പക്ഷികൾ എവിടെയൊക്കെ സഞ്ചരിക്കുന്നു, ഏത് പ്രദേശങ്ങളിൽ താമസിക്കുന്നു, മറ്റ് കഴുകൻ കൂട്ടങ്ങളുമായി ചേരുന്നുണ്ടോ, അവയുടെ അതിജീവനനിരക്ക് എത്രയാണ് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.