66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച് ദിനോസറുകൾ ഉൾപ്പെടെയുള്ള ജീവിവർഗങ്ങളെ തുടച്ചുനീക്കിയ കൂറ്റൻ ബഹിരാകാശ ശില ഏതാണെന്ന് ശാസ്ത്രജ്ഞർ ഒടുവിൽ കണ്ടെത്തി. ഭൂമിയിലെ ഏകദേശം 75 ശതമാനം ജീവജാലങ്ങളുടെയും വംശനാശത്തിന് കാരണമായത് 'സി.ഒ കോൺഡ്രൈറ്റ്'(CO chondrite) എന്ന അതീവ അപൂർവ ഇനത്തിൽപ്പെട്ട ഉൽക്കശിലയാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാല, പാരീസ്, ബ്രസൽസ്, വിയന്ന എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനഫലങ്ങൾ പ്രമുഖ ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസ്ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപൂർവ ഉൽക്കയെ തിരിച്ചറിയാൻ, ക്രിറ്റേഷ്യസ്–പാലിയോജീൻ (K–Pg) അതിർത്തിയിലെ നേർത്ത കളിമൺപാളികളിലെ സാമ്പിളുകൾ ശേഖരിച്ചാണ് പഠനവിധേയമാക്കിയത്. ആഘാതാവശിഷ്ടങ്ങളിലെ നിക്കൽ ഐസോടോപ്പുകൾ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് ഗവേഷകർ ഉൽക്കയുടെ രാസഘടന തിരിച്ചറിഞ്ഞത്.
സി.ഒ കോൺഡ്രൈറ്റുകൾ സാധാരണയായി മ്യൂസിയങ്ങളിൽ കാണുന്ന ഉൽക്കാശിലകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് പഠനത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞനായ ഡോ. ഫിലിപ്പ് ക്ലെയ്സ് പറയുന്നത്. “ഇവയിൽ കാർബൺ, സിങ്ക്, ജലം, പ്രത്യേകിച്ച് സൾഫർ തുടങ്ങിയ വാതകസ്വഭാവമുള്ള മൂലകങ്ങൾ വളരെ കുറവാണ്. അതിനാൽ വംശനാശത്തിന് പ്രധാന കാരണം ഉൽക്കാപിണ്ഡത്തിലെ സൾഫറല്ലെന്നും, ഇടിച്ചുണ്ടായ സൂക്ഷ്മ പൊടിപടലങ്ങൾ അന്തരീക്ഷത്തിലാകെ വ്യാപിച്ചതാണ് ഭൂമിയിലെ ജീവജാലങ്ങളെ തകർത്ത പ്രധാന ഘടകമെന്നും ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ഉൽക്കാശിലയുടെ യഥാർത്ഥ ഉത്ഭവസ്ഥാനം ഇപ്പോഴും വ്യക്തമായിട്ടില്ല. വ്യാഴത്തിനടുത്തുള്ള ഛിന്നഗ്രഹ വലയത്തിന്റെ പുറംഭാഗത്തുനിന്നോ അതിലും അകലെയുള്ള ബഹിരാകാശ അവശിഷ്ട മേഖലകളിൽ നിന്നോ ഇത് ഭൂമിയിലേക്ക് എത്തിയിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഏകദേശം 10 മുതൽ 15 കിലോമീറ്റർ വരെ വ്യാസമുള്ള ഈ ഭീമൻ ഉൽക്ക മണിക്കൂറിൽ 64,000 കിലോമീറ്ററോളം വേഗതയിൽ ഭൂമിയിൽ പതിച്ചെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ആഘാതത്തിന്റെ തീവ്രതയിൽ ഉൽക്ക പൂർണമായും ബാഷ്പീകരിക്കപ്പെടുകയും പുറത്തുവന്ന അതിശക്തമായ ഊർജം മെക്സിക്കോയിലെ യുകത്താൻ ഉപദ്വീപിൽ 180 കിലോമീറ്റർ വീതിയുള്ള ചിക്സുലൂബ് ഗർത്തം സൃഷ്ടിക്കുകയും ചെയ്തു.
ഒപ്പം വൻതോതിൽ പൊടിപടലങ്ങളും അവശിഷ്ടങ്ങളും അന്തരീക്ഷത്തിലേക്ക് ഉയർന്നു. ഇതോടെ സൂര്യപ്രകാശം മാസങ്ങളോളം, ചില പഠനങ്ങൾ പ്രകാരം വർഷങ്ങളോളം ഭൂമിയിലെത്താതെ തടസ്സപ്പെട്ടു. ഈ ആഘാതത്തിന്റെ ഫലമായി ഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥ തകർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ, ഭൂമിയിൽ ആധിപത്യം പുലർത്തിയിരുന്ന ദിനോസറുകൾ ഉൾപ്പെടെയുള്ള ഏകദേശം 75 ശതമാനം ജീവിവർഗങ്ങൾക്കും വംശനാശം സംഭവിച്ചതെന്നാണ് ശാസ്ത്രീയ നിഗമനം.
പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ, ഭൂമിയെ ബാധിച്ച ഈ മഹാവിനാശത്തിന് കാരണമായ ഉൽക്ക സാധാരണയായി ഭൂമിയിൽ പതിക്കുന്ന കാർബണേഷ്യസ് ഉൽക്കകളിൽ നിന്ന് വ്യത്യസ്തമായ രാസഘടനയുള്ളതാണെന്നതാണ്. ഇതുവഴി സൗരയൂഥത്തിന്റെ രൂപീകരണ ചരിത്രത്തെയും വിവിധ തരം ഉൽക്കകളുടെ ഉത്ഭവത്തെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.