ലോകത്തിലെ ഏറ്റവും വലിയ ഐസ്ബർഗ് A23a
അന്റാർട്ടിക്ക: ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായിരുന്ന A23a, ഏകദേശം നാല് പതിറ്റാണ്ട് നീണ്ട യാത്രക്കൊടുവിൽ വലിയ തോതിൽ ഉരുകി ചെറിയ കഷണങ്ങളായി ചിതറുകയാണ്. 1986ൽ അന്റാർട്ടിക്കയിലെ ഫിൽഷ്നർ ഐസ് ഷെൽഫിൽ നിന്ന് വേർപെട്ട ഈ കൂറ്റൻ മഞ്ഞുമല, പിന്നീട് A23 എന്ന മഞ്ഞുമലയിൽ നിന്ന് വേർപിരിഞ്ഞതോടെയാണ് A23a എന്ന പേര് ലഭിച്ചത്.
2,000 ചതുരശ്ര മൈൽ വിസ്തൃതിയുണ്ടായിരുന്ന A23a ബാലി ദ്വീപിനോളം വലുതായിരുന്നു. ഇത് വേർപെട്ടതിന് പിന്നാലെ വെഡൽ കടലിൽ കുടുങ്ങിയ മഞ്ഞുമല പതിറ്റാണ്ടുകളോളം അവിടെത്തന്നെ തുടർന്നു. സമുദ്രനിലത്ത് അടിഭാഗം ഉറച്ചിരുന്നതാണ് ഇതിന് പ്രധാന കാരണം.
2020ലാണ് A23a വീണ്ടും നീങ്ങിത്തുടങ്ങിയത്. സമുദ്രപ്രവാഹങ്ങൾക്കൊപ്പം സഞ്ചരിച്ച ഇത് 2023 നവംബറിൽ തെക്കൻ മഹാസമുദ്രത്തിലെ തുറന്ന ജലത്തിലെത്തി. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന മഞ്ഞുമലയെന്ന നിലയിൽ A23a ശാസ്ത്രജ്ഞരുടെ പ്രത്യേക ശ്രദ്ധ നേടി.
A23a
യാത്രക്കിടെ മഞ്ഞുമല നിരവധി പ്രതിസന്ധികളും നേരിട്ടു. 2024ൽ കടലിനടിയിലെ ഒരു പർവതത്തിന് മുകളിലുണ്ടായ ‘ടെയ്‌ലർ കോളം’ എന്ന ശക്തമായ ജലചുഴിയിൽ A23a കുടുങ്ങി. മാസങ്ങളോളം ഒരേ പ്രദേശത്ത് കറങ്ങിയശേഷം വീണ്ടും യാത്ര തുടർന്നു. തുടർന്ന് ചൂടേറിയ ജലത്തിലേക്ക് നീങ്ങിയതോടെ വേഗത്തിൽ മഞ്ഞ് നഷ്ടപ്പെടാൻ തുടങ്ങി.
2025ൽ ദക്ഷിണ ജോർജിയക്കടുത്തെത്തിയതോടെ A23aയുടെ വിഘടനം കൂടുതൽ വേഗത്തിലായി. ഇതിനിടെ മഞ്ഞുമലയുടെ സമീപത്ത് തിമിംഗലങ്ങൾ, പെൻഗ്വിനുകൾ, പക്ഷികൾ, ലെപ്പാർഡ് സീലുകൾ, സ്നോ പെട്രലുകൾ തുടങ്ങിയ ജീവികളുടെ സാന്നിധ്യവും ഗവേഷകർ കണ്ടെത്തി. അന്റാർട്ടിക്കയുടെ ഒരു ഭാഗം തന്നെ ജീവജാലങ്ങളുമായി സഞ്ചരിക്കുന്ന ദ്വീപുപോലെയായിരുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകൻ ജെറോം ബൂവിയർ വിശേഷിപ്പിച്ചു.
2025 ജൂണോടെ A23aയുടെ വിസ്തീർണം 1,200 ചതുരശ്ര മൈലിൽ താഴെയായി. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയെന്ന പദവിയും നഷ്ടപ്പെട്ടു. 2026 ജനുവരിയോടെ അതിന്റെ വിസ്തീർണം ഏകദേശം 456 ചതുരശ്ര മൈലായി കുറഞ്ഞിരുന്നു. ഉപഗ്രഹ ചിത്രങ്ങളിൽ മഞ്ഞുമല പല ഭാഗങ്ങളായി പിളരുന്നതും വ്യക്തമായി.
2026 മാർച്ചിൽ A23a യുഎസ് നാഷണൽ ഐസ് സെന്ററിന്റെ ഔദ്യോഗിക നിരീക്ഷണ മാനദണ്ഡങ്ങൾ പാലിക്കാത്തത്ര ചെറുതായതോടെ ട്രാക്കിങ് അവസാനിപ്പിച്ചു. എന്നാൽ ശാസ്ത്രജ്ഞർ തുടർന്നും അതിന്റെ അവശിഷ്ടങ്ങൾ നിരീക്ഷിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളിൽ മഞ്ഞുമല ചെറിയ കഷണങ്ങളായി പിളർന്ന് സമുദ്രത്തിൽ വ്യാപിക്കുന്നതായി കണ്ടെത്തി.
ഏകദേശം 40 വർഷം നീണ്ട യാത്രക്കൊടുവിൽ A23a ഇപ്പോൾ വലിയ തോതിൽ ഉരുകിമാഞ്ഞ് അവശിഷ്ടങ്ങളായി ചിതറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ബാലിയോളം വലുപ്പമുണ്ടായിരുന്ന മഞ്ഞുമലയുടെ യാത്രക്ക് ഇതോടെ അവസാനമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.