മഴയില്ലാതെ മഹാപ്രളയം: ഹിമാലയത്തിൽ ഉയരുന്ന പുതിയ ഭീഷണി

നേപ്പാളിലെ ഭോട്ടെ കോശി നദിയിലെ പ്രളയം, ഉത്തരാഖണ്ഡിലെ ഋഷിഗംഗ (2021), ധരാലി (2025) ദുരന്തങ്ങൾ എന്നിവ ഹിമാലയൻ മേഖലയിലെ പുതിയ തരത്തിലുള്ള പ്രകൃതി ദുരന്ത ഭീഷണികളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതായി വിദഗ്ധർ. ഈ സംഭവങ്ങൾ സാധാരണ ശക്തമായ മഴയോ മേഘവിസ്ഫോടനമോ മൂലമുണ്ടായതല്ലെന്നും വൻതോതിലുള്ള മഞ്ഞ്-പാറ തകർച്ചകളാണ് പ്രധാന കാരണമെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.

2021 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിലെ ഋഷിഗംഗയിൽ ഉണ്ടായ ദുരന്തത്തെപ്പോലെ, വൻതോതിലുള്ള മഞ്ഞും പാറകളും അടങ്ങിയ ഒരു ഭാഗം തകർന്നുവീണ് നദീതടത്തിലേക്ക് പതിക്കുകയും തുടർന്ന് വെള്ളം, കല്ലുകൾ, ചെളി, അവശിഷ്ടങ്ങൾ എന്നിവ ചേർന്ന മഹാപ്രളയമായി മാറുകയും ചെയ്തിരിക്കാമെന്നാണ് വിലയിരുത്തൽ.

2025 ഓഗസ്റ്റിന് ഉത്തരകാശിയിലെ ധരാലിയിൽ ഉണ്ടായ ദുരന്തത്തിലും ശക്തമായ മഴയില്ലാതെയാണ് വൻനാശം ഉണ്ടായത്. നേപ്പാളിലെ പുതിയ പ്രളയത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള പഠനങ്ങൾ തുടരുകയാണെങ്കിലും ഈ മൂന്ന് ദുരന്തങ്ങളിലും ശ്രദ്ധേയമായ സാമ്യതകളുണ്ടെന്ന് വിദഗ്ധർ പറയുന്നു.

നേപ്പാളിലെ ഹൈഡ്രോളജി ആൻഡ് മെറ്റീരിയോളജി വകുപ്പ്, ബാധിത പ്രദേശത്ത് അതിതീവ്രമായ മഴ ലഭിച്ചിരുന്നില്ല. അതിനാൽ മഴ മാത്രമായി ഈ പ്രളയത്തെ വിശദീകരിക്കാൻ കഴിയില്ലെന്നും പറയുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് നടത്തിയ പ്രാഥമിക പഠനത്തിൽ ലെൻഡെ ഖോളയുടെ മുകൾഭാഗത്ത് വൻ മഞ്ഞ്-പാറ പാളി തകർന്നുവീണിരിക്കാമെന്നാണ് കണ്ടെത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഏകദേശം 5,200 മീറ്റർ ഉയരത്തിൽ നിന്നുള്ള വലിയൊരു ഭാഗം 1,200 മീറ്ററോളം താഴേക്ക് പതിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ നദിയെ താൽക്കാലികമായി തടഞ്ഞ് പ്രകൃതിദത്ത അണക്കെട്ട് രൂപപ്പെടുത്തിയിരിക്കാമെന്നും അത് തകർന്നതോടെ ഭോട്ടെ കോശിയിലൂടെ വൻതോതിൽ വെള്ളവും അവശിഷ്ടങ്ങളും ഒഴുകിയെത്തിയിരിക്കാമെന്നും കരുതപ്പെടുന്നു.

ഹിമാലയൻ നദികളിൽ ഇത്തരത്തിലുള്ള പ്രകൃതിദത്ത അണക്കെട്ടുകൾ രൂപപ്പെടുകയും തകരുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ ഇപ്പോൾ ഇത്തരം സംഭവങ്ങളുടെ ആവർത്തനവും തീവ്രതയും നാശനഷ്ടവും വർധിച്ചുവരുന്നതാണ് ആശങ്കാജനകം. ടിബറ്റൻ പീഠഭൂമിയിലും ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലുമായി ഉത്ഭവിക്കുന്ന ഭോട്ടെ കോശി, സത്‌ലജ്, ബ്രഹ്മപുത്ര തുടങ്ങിയ നദികളിൽ മുമ്പും ഇത്തരം സംഭവങ്ങൾ വലിയ നാശം വിതച്ചിട്ടുണ്ട്. 2016-ൽ നേപ്പാളിലെ തതോപാനി മേഖലയെയും അർണിക്കോ ഹൈവേയെയും ഗുരുതരമായി ബാധിച്ചിരുന്നു.

2000-ൽ ടിബറ്റിലെ യിഗോംഗ് പ്രകൃതിദത്ത തടാകം തകർന്നതിനെ തുടർന്ന് അരുണാചൽ പ്രദേശിലെ സിയാങ് താഴ്വരയിൽ വൻപ്രളയം ഉണ്ടായി. 2005-ൽ ടിബറ്റിലെ പാരെച്ചു തടാകം കരകവിഞ്ഞൊഴുകി ഹിമാചൽ പ്രദേശിലെ സത്‌ലജ് താഴ്വരയിൽ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 2008-ലെ കോസി ദുരന്തത്തിൽ നദി പഴയ പാതയിലേക്ക് മാറി ബിഹാറിൽ വ്യാപക നാശം വിതച്ചു.

2021ൽ ഋഷിഗംഗ ദുരന്തം മഹാപ്രളയങ്ങൾക്ക് എല്ലായ്പ്പോഴും മേഘവിസ്ഫോടനമോ അതിശക്തമായ മഴയോ ആവശ്യമില്ലെന്ന് തെളിയിച്ചു. ദുരന്തത്തിൽ ഏകദേശം 27 ദശലക്ഷം ഘനമീറ്റർ പാറയും മഞ്ഞും റൊന്തി കൊടുമുടിയിൽ നിന്ന് തകർന്നുവീണു. തുടർന്നുണ്ടായ അതിശക്തമായ അവശിഷ്ടപ്രവാഹം 200-ലധികം ആളുകളുടെ മരണത്തിനും കാണാതാകലിനും കാരണമായി.

2025-ലെ ധരാലി ദുരന്തവും സമാന പ്രാധാന്യമുള്ളതാണ്. ഖീർ ഗഡിൽ നിന്നുള്ള വെള്ളവും അവശിഷ്ടങ്ങളും നിമിഷങ്ങൾക്കകം ധരാലിയിലേക്ക് കുതിച്ചുകയറി. ഉപഗ്രഹ പഠനത്തിൽ ഏകദേശം 20 ഹെക്ടർ വിസ്തൃതിയിൽ വൻതോതിലുള്ള അവശിഷ്ട നിക്ഷേപം കണ്ടെത്തി.അന്ന് സമീപ പ്രദേശമായ ഹർസിലിൽ വെറും എട്ട് മില്ലീമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. അതിനാൽ ശക്തമായ മഴ മാത്രമല്ല, മുകളിലെ ഹിമാനികൾക്ക് സമീപമുള്ള അസ്ഥിരമായ പാറക്കൂട്ടങ്ങളും മൊറൈനുകളും വലിയ പങ്കുവഹിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

Tags:    
News Summary - Flood without rain: A new threat looms over the Himalayas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.