പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് നിർമിച്ച വീട്
ലോകമെമ്പാടും പ്ലാസ്റ്റിക് മാലിന്യം വലിയ പരിസ്ഥിതി വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുമ്പോൾ, മെക്സിക്കോയിലെ ഒരു സംരംഭകൻ അതിന് വ്യത്യസ്തമായൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിക്കുന്ന പദ്ധതിയാണ് അദ്ദേഹം നടപ്പാക്കുന്നത്.
മെക്സിക്കോയിലെ പുവെബ്ല സംസ്ഥാനത്തിലെ മലനിരകളിൽ വളർന്നുവന്ന ഗോൺസാലസ് എന്ന സംരംഭകൻ ദാരിദ്ര്യവും സുരക്ഷിതമായ ഭവനങ്ങളുടെ അഭാവവും അനുഭവിച്ച്, വളർന്ന വ്യക്തിയാണ്. ഈ അനുഭവങ്ങളാണ് അദ്ദേഹത്തെ ഭവനപ്രശ്നത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും ഒരേസമയം പരിഹാരം കണ്ടെത്താൻ പ്രേരിപ്പിച്ചത്. 2013-ൽ അദ്ദേഹം ഇക്കോഡോം (EcoDom) എന്ന പദ്ധതിക്ക് രൂപം നൽകി.
ഇക്കോഡോം പ്ലാസ്റ്റിക്കിനെ മാലിന്യമായി കാണുന്നില്ല. പകരം ഒരു നിർമാണ വസ്തുവായാണ് കാണുന്നത്.പെറ്റ് പ്ലാസ്റ്റിക്, ഹൈ-ഡെൻസിറ്റി പോളിഥിലീൻ, പോളിപ്രൊപ്പിലീൻ, എ.ബി.എസ് പ്ലാസ്റ്റിക് തുടങ്ങിയവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ബോട്ടിലുകൾ, ബക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവയിൽ നിന്ന് ശേഖരിക്കുന്ന ഈ മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധീകരിക്കുകയും ചെറുതായി പൊടിക്കുകയും ചെയ്യുന്നു.
പിന്നീട് പ്രത്യേക മോൾഡുകളിൽ ചൂടാക്കി അമർത്തി നിർമാണ പാനലുകളാക്കി മാറ്റുന്നു. ഓരോ ഭിത്തിയും നിർമ്മിക്കാൻ ഏകദേശം ആറു കിലോഗ്രാം പുനരുപയോഗിച്ച പ്ലാസ്റ്റിക് ആവശ്യമാണ്. ഭിത്തികൾ, സ്ലാബുകൾ, മേൽക്കൂരകൾ, മെസാനൈൻ നിലകൾ എന്നിവക്കുളള നിർമാണ ഘടകങ്ങൾ ഇതിലൂടെ നിർമ്മിക്കാനാകുന്നു.
പരമ്പരാഗത രീതിയിലുള്ള നിർമാണത്തേക്കാൾ വളരെ വേഗത്തിൽ വീടുകൾ പൂർത്തിയാക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 42 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു വീട് ഒരാഴ്ചക്കുള്ളിൽ നിർമിക്കാനാകും.
കമ്പനിയുടെ കണക്കുകൾ പ്രകാരം, ഇത്തരമൊരു വീട് ഏകദേശം 5,000 മെക്സിക്കൻ പെസോ ( 28,170 ഇന്ത്യൻ രൂപ) ചെലവിൽ ലഭ്യമാക്കാം. ഒരു കിടപ്പുമുറിയുള്ള ചെറിയ വീടുകൾ ഇതിലും കുറഞ്ഞ ചെലവിൽ നിർമ്മിക്കാനാകും. കുടുംബാംഗങ്ങൾ നിർമാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ ചെലവ് കൂടുതൽ കുറയുന്നു.
ഇക്കോഡോം വീടുകൾ വിൽക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായോ സബ്സിഡിയോടെയോ വീടുകൾ നൽകുന്ന പദ്ധതികളും കമ്പനി നടപ്പാക്കുന്നു. ഇതിനകം രണ്ട് വീടുകൾ വിറ്റഴിക്കുകയും അഞ്ച് വീടുകളും മൂന്ന് കിടപ്പുമുറികളും സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കുടുംബങ്ങൾക്ക് ഭവനസൗകര്യം ഒരുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും സഹകരണം തേടുകയാണ് കമ്പനി.
ഇക്കോഡോമിന്റെ സാങ്കേതികവിദ്യ ഇന്ത്യ, കാനഡ, ഫ്രാൻസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഗ്വാട്ടിമാല, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളെ പ്രയോജനപ്രദമായ നിർമാണ വസ്തുക്കളാക്കി മാറ്റി പരിസ്ഥിതി സംരക്ഷണവും ഭവനനിർമാണവും ഒരുമിച്ച് കൈകാര്യം ചെയ്യാമെന്നതിന് മികച്ച ഉദാഹരണമായാണ് ഇക്കോഡോം പദ്ധതി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.