ട്രാക്കുകൾക്ക് രാമച്ചപ്പുല്ലിന്റെ സംരക്ഷണം; മണ്ണിടിച്ചിൽ തടയാൻ പുതിയ മാർഗവുമായി സെൻട്രൽ റെയിൽവേ

മുംബൈ: മഴക്കാലത്ത് റെയിൽവേ ഗാട്ട് സെക്ഷനുകളിൽ പതിവാകുന്ന മണ്ണിടിച്ചിലും കല്ല് വീഴ്ചയും തടയാൻ പുതിയതും പരിസ്ഥിതിസൗഹൃദവുമായ മാർഗവുമായി സെൻട്രൽ റെയിൽവേ. മണ്ണൊലിപ്പ് തടയാനും തടസ്സമില്ലാത്ത ട്രെയിൻ ഗതാഗതം ഉറപ്പാക്കാനുമായി രാമച്ചപ്പുല്ല് ഉപയോഗിച്ചുള്ളതാണ് ഈ ബയോ എൻജിനീയറിങ് മാതൃക.

ബോർ ഗാട്ട് (കർജ്ജത് -ലോണാവാല), തൽ ഗാട്ട് (കസാര -ഇഗത്പുരി) തുടങ്ങിയ ദുർഘടമായ ഗാട്ട് സെക്ഷനുകൾ കനത്ത മഴയിൽ മണ്ണിടിച്ചിലിനും മലയിടിച്ചിലിനും ഏറെ സാധ്യതയുള്ളവയാണ്. ഇത് സുരക്ഷിതമായ റെയിൽവേ യാത്രക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ‘വെറ്റിവർ സിസ്റ്റം’ പ്രകാരമുള്ള രാമച്ചം നട്ടുപിടിപ്പിക്കുന്നത്.

ആഴത്തിൽ വളരുന്ന വേരുകളാണ് ഔഷധ സസ്യമായ രാമച്ചത്തിന്റെ പ്രത്യേകത. ഒന്നു മുതൽ രണ്ടു വർഷം വരെയുള്ള കാലയളവിനുള്ളിൽ മൂന്നു മുതൽ നാലു മീറ്റർ വരെ ആഴത്തിൽ വളരുന്നതാണ് ഇതിന്റെ വേരുപടലം. ഈ ശക്തമായ നാരുകളുള്ള വേരുകൾ മണ്ണുമായി ഇഴചേർന്ന് മണ്ണിന്റെ ഉറപ്പ് 30 മുതൽ 40 ശതമാനം വരെ വർധിപ്പിക്കുന്നു. ഇത് മണ്ണിടിച്ചിലും ചരിവുകൾ ഇടിയുന്നതും തടയും.

രാമച്ചത്തിന്റെ ആഴത്തിലുള്ള വേരുകൾ മണ്ണിൽ വെള്ളം പിടിച്ചുനിർത്തുന്നു. ഉപരിതലത്തിലുള്ള ഇടതൂർന്ന ഇലകൾ മഴവെള്ളത്തിന്റെ കുത്തൊഴുക്കിനെ കുറക്കാനും സഹായിക്കും. കാലക്രമേണ ഒലിച്ചുവരുന്ന മണ്ണ് തടഞ്ഞുനിർത്തി സ്വാഭാവികമായ തട്ടുകൾക്ക് രൂപം നൽകാനും രാമച്ചത്തിന് കഴിയും. ഇത് ചരിവുകൾ കൂടുതൽ ഉറപ്പുള്ളതാക്കുന്നു.

സെൻട്രൽ റെയിൽവേയുടെ തെക്ക് -കിഴക്കൻ ഗാട്ട് സെക്ഷനിലെ എംബേങ്ക്മെന്റ് സംരക്ഷണത്തിനായി ഇതിനകം പൈലറ്റ് പ്ലാന്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഖണ്ഡാല - മങ്കി ഹിൽ സെക്ഷനിൽ 1050 ചതുരശ്ര മീറ്റർ വിസ്തൃതിയിലും താക്കൂർവാടി ക്യാബിൻ -പലാസ്ധാരി സെക്ഷനിൽ 4250 ചതുരശ്ര മീറ്റർ വിസ്തൃതിയിലുമാണ് രാമച്ചം വെച്ചുപിടിപ്പിച്ചിരിക്കുന്നത്.

ട്രാക്കുകളിലേക്ക് കല്ലുകളും അവശിഷ്ടങ്ങളും വീഴുന്ന സാഹചര്യം കുറക്കാൻ കഴിയുന്നതിന് പുറമേ, ട്രാക്കിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന വലിയ അറ്റകുറ്റപ്പണി ചെലവുകൾ ഗണ്യമായി കുറക്കാനും രാമച്ചം വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.