ന്യൂഡൽഹി: സെപ്റ്റംബർ മാസത്തിൽ രാജ്യത്ത് ലഭിക്കുന്ന ശരാശരി മൺസൂൺ മഴ സാധാരണയേക്കാൾ കുറവായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. ജൂൺ മുതൽ തുടരുന്ന മഴക്കുറവ് പ്രവണതയുടെ തുടർച്ചയായാണ് ഈ പ്രവചനം. ഇതുവരെ രാജ്യത്തിന്റെ 47 ശതമാനം പ്രദേശങ്ങളിലും മഴ കുറവോ അത്യന്തം കുറവോ രേഖപ്പെടുത്തിയിട്ടുണ്ട്.
ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് സെപ്റ്റംബറിൽ മഴ കുറയാൻ പ്രധാന കാരണമെന്ന് ഐ.എം.ഡി വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ, കിഴക്കൻ, കിഴക്ക്-മധ്യ മേഖലകളിലെയും തെക്കുകിഴക്കൻ ഉപദ്വീപ് ഇന്ത്യയിലെ ചില ഭാഗങ്ങളിലെയും ഒഴികെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യത.
സെപ്റ്റംബറിൽ ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയുടെ 91 ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ് ഐ.എം.ഡിയുടെ പ്രവചനം. അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൺസൂൺ കാലയളവിൽ രാജ്യത്ത് 13.8 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റിൽ നാല് ന്യൂനമർദ സംവിധാനങ്ങൾ രൂപപ്പെട്ടിട്ടും മഴക്കുറവ് 16.3 ശതമാനമായി തുടരുകയായിരുന്നു. ഓഗസ്റ്റ് 31 വരെ ഏകദേശം 350 ജില്ലകളിൽ മഴ കുറവോ അതിതീവ്രമായി കുറവോ ആയിരുന്നു.
മഴക്കുറവും ഉയർന്ന താപനിലയും ചേർന്ന് കൃഷിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് വൈകി കൃഷി ചെയ്തതും മതിയായ ജലസേചന സൗകര്യമില്ലാത്തതുമായ പ്രദേശങ്ങളിലെ വിളകൾക്ക് ഇത് തിരിച്ചടിയാകാം.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ മൺസൂൺ സീസണിൽ 24.2 ശതമാനം മഴക്കുറവും, കിഴക്കൻ-വടക്കുകിഴക്കൻ ഇന്ത്യയിൽ 25.7 ശതമാനം മഴക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ, ദക്ഷിണ പശ്ചിമ ബംഗാൾ, സിക്കിം, മേഘാലയ എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതുവരെ സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്.
1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റും ഇത്തവണത്തേതായിരുന്നുവെന്ന് ഐ.എം.ഡി അറിയിച്ചു. ശരാശരി താപനില 28.01 ഡിഗ്രി സെൽഷ്യസായിരുന്നു. എൽ നിനോയുടെ സ്വാധീനം അടുത്ത വർഷം ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് വരെ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.