എൽ നിനോ ശക്തം; ഇന്ത്യയിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ മൺസൂണിന് സാധ്യത

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ നിലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ദീർഘകാല ശരാശരിയേക്കാൾ ഏകദേശം 15 ശതമാനം കുറവ് മഴ ലഭിച്ച് മൺസൂൺ സീസൺ അവസാനിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയായിരിക്കും ഇത്.

നേരത്തെ ശരാശരിയേക്കാൾ എട്ട് ശതമാനം മഴക്കുറവാണ് പ്രവചിച്ചിരുന്നത്. എന്നാൽ എൽ നിനോ പ്രതിഭാസം ശക്തമാകുന്നത് മൺസൂണിനെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിലയിരുത്തൽ. സെപ്റ്റംബറിലും മഴയിൽ ഇരട്ട അക്ക ശതമാനത്തിലുള്ള കുറവുണ്ടാകാൻ സാധ്യതയുണ്ട്.

മൺസൂൺ മഴ രാജ്യത്തിന്റെ വാർഷിക മഴയുടെ ഏകദേശം 70 ശതമാനവും നൽകുന്നതിനാൽ മഴക്കുറവ് കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാകാം. സെപ്റ്റംബറിലെ മഴ കുറയുന്നത് പരുത്തി, സോയാബീൻ, ചോളം, പയർവർഗങ്ങൾ തുടങ്ങിയ വേനൽക്കാല വിളകളുടെ ഉൽപാദനത്തെ ബാധിച്ചേക്കും. ഗോതമ്പ്, റാപ്സീഡ് തുടങ്ങിയ ശൈത്യകാല വിളകൾക്ക് ആവശ്യമായ മണ്ണിലെ ഈർപ്പവും കുറയാൻ സാധ്യതയുണ്ട്.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സെപ്റ്റംബറിൽ ശരാശരിയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. കിഴക്കൻ സംസ്ഥാനങ്ങളിലെ ചില മേഖലകൾക്ക് മാത്രമാണ് ഇതിൽ നിന്ന് വ്യത്യാസമുണ്ടാകാൻ സാധ്യത. അതേസമയം, പുതിയ കാലാവസ്ഥാ സംവിധാനം രൂപപ്പെടുന്നില്ലെങ്കിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ പിൻവാങ്ങൽ സാധാരണയേക്കാൾ നേരത്തെ ആരംഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ ഒന്നിന് മൺസൂൺ ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ ശരാശരിയേക്കാൾ 13 ശതമാനം  മഴകുറവാണ് ലഭിച്ചത്. ജൂണിൽ മഴ 35.4 ശതമാനം കുറഞ്ഞപ്പോൾ ജൂലൈയിൽ ഒരു ശതമാനം അധികമഴ ലഭിച്ചു. എന്നാൽ ഓഗസ്റ്റിൽ വീണ്ടും മഴ ദുർബലമായി. ഇതുവരെ ശരാശരിയേക്കാൾ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബർ മാസത്തേക്കുള്ള ഔദ്യോഗിക മഴ പ്രവചനം ഈ മാസം അവസാനം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറത്തുവിടും. എൽ നിനോ ശക്തമാകുന്ന സാഹചര്യത്തിൽ മഴക്കുറവ് കാർഷിക ഉൽപാദനത്തെയും ഭക്ഷ്യവിലകളെയും ഗ്രാമീണ വരുമാനത്തെയും ബാധിക്കാനുള്ള സാധ്യതയാണ് ആശങ്ക ഉയർത്തുന്നത്.

Tags:    
News Summary - El Nino Strong; Weakest Monsoon in Two Decades Likely in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.