അൽ കാമിൽ വൽ വാഫി വിലായത്തിലെ അൽ സലീൽ നാച്ചുറൽ പാർക്കിൽ മേയുന്ന മൃഗങ്ങൾ
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫി വിലായത്തിലെ അൽ സലീൽ നാച്ചുറൽ പാർക്ക് വികസിപ്പിക്കുന്നതിനുള്ള കരാറിൽ പരിസ്ഥിതി അതോറിറ്റി പദ്ധതി. ഇതുസംബന്ധിച്ച കരാറിൽ പരിസ്ഥിതി അതോറിറ്റി അടുത്തിടെ ഒപ്പുവെച്ചിരുന്നു. ഒമാൻ എൽ.എൻ.ജിയും ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയും ചേർന്നാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്.
പ്രകൃതിവിഭവ സംരക്ഷണത്തിനും സുസ്ഥിര സാമ്പത്തിക വികസനത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ ഉൾക്കൊള്ളുന്ന ഇക്കോടൂറിസം കേന്ദ്രമാക്കി അൽ സലീൽ നാച്ചുറൽ പാർക്കിനെ മാറ്റുകയാണ് കരാറിന്റെ ലക്ഷ്യമെന്ന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ നിസാർ ബിൻ സലേം അൽ അറൈമി പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുകയും സന്ദർശക അനുഭവം സമ്പന്നമാക്കുന്ന വിദ്യാഭ്യാസ, ടൂറിസം പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്ന രീതിയിൽ റിസർവിന്റെ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അൽ സലീൽ നാച്ചുറൽ പാർക്കിലേക്കുള്ള സൂചനാ ബോർഡ്
ഒരു പ്രധാന കെട്ടിടം, ഒരു സംയോജിത വെറ്ററിനറി ക്ലിനിക്, പക്ഷികൾക്കും വന്യമൃഗങ്ങൾക്കും കൂടുകൾ, പ്രത്യേക ജീവിവർഗങ്ങൾ, വിവിധ സേവന, വിവര സൗകര്യങ്ങൾക്ക് പുറമേ ഒരു ഐസൊലേഷൻ സോൺ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, വന്യജീവികളുടെയും സസ്യജാലങ്ങളുടെയും, പ്രത്യേകിച്ച് വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സംരക്ഷണം എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ ഈ പദ്ധതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവർണറേറ്റിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയും ടൂറിസവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് വിദ്യാർഥികൾക്കും പരിസ്ഥിതി സംരക്ഷണത്തിൽ താൽപര്യമുള്ള വ്യക്തികൾക്കും വിദ്യാഭ്യാസപരവും അവബോധപരവുമായ ഇടം നൽകുന്നതിലൂടെ പരിസ്ഥിതി അവബോധം വളർത്തുകയും ചെയ്യും. അറേബ്യന്‍ ഗസല്ലുകൾ എന്നറിപ്പെടുന്ന മരുഭൂവിലെ മാനുകളുടെ സുരക്ഷിത വാസസ്ഥലംകൂടിയായാണ് അൽ സലീൽ നാഷനൽ പാർക്ക് പരിഗണിക്കപ്പെടുന്നത്. നിരവധി വര്‍ഷങ്ങളായി നിയന്ത്രണങ്ങളില്ലാതെ വേട്ടകളും നടന്നത് ഗസല്ലുകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1997ല്‍ പാർക്ക് സ്ഥാപിക്കപ്പെട്ടത്. ഏകദേശം 220 ചതുരശ്ര കിലോമീറ്റര്‍ വിസ്തീണമുള്ളതാണ് അൽ സലീൽ പാർക്ക്. വടക്കുഭാഗത്തായി ഹജാര്‍ മലനിരകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.