ലണ്ടൻ: യൂറോപ്പിലുടനീളമുള്ള കോടിക്കണക്കിന് മനുഷ്യർ ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളികളുണ്ടാക്കുന്ന ഉയർന്ന തോതിലുള്ള ശബ്ദമലിനീകരണം അനുഭവിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഫലമായുണ്ടാകുന്ന ശാരീരിക സമ്മർദ്ദവും ഉറക്ക അസ്വസ്ഥതയും മൂലം പ്രതിവർഷം 66,000 പേരെങ്കിലും അകാല മരണങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും പ്രമേഹത്തിനും വിഷാദത്തിനും കാരണമാകുന്നുവെന്നും യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാറുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. യൂറോപ്യൻ സാമ്പത്തിക മേഖലയിലെ ജനസംഖ്യയുടെ 20 ശതമാനം പേരെ ഈ തരം മലിനീകരണം ബാധിച്ചതായി കണ്ടെത്തി. ബ്രിട്ടനിലെ ജനസംഖ്യയുടെ 40 ശതമാനം പേർ ദോഷകരമായ ഗതാഗത ശബ്ദത്തിന് വിധേയമാകുന്നതായും കണ്ടെത്തി.
1.7കോടി ആളുകൾ പ്രത്യേകിച്ച് ഉയർന്ന ശബ്ദമലിനീകരണത്തിന്റെ ഇരകളാവുന്നു. ഏകദേശം 50 ലക്ഷം പേർ ‘കടുത്ത’ ഉറക്ക അസ്വസ്ഥത അനുഭവിക്കുന്നു. 1.5കോടി കുട്ടികൾ ദോഷകരമായ ശബ്ദ മേഖലകളിലാണ് താമസിക്കുന്നത്. പുകയിലയുടെയോ ലെഡിന്റെയോ പുറന്തള്ളൽ മൂലം ഉണ്ടാവുന്ന ഉയർന്ന അപകടസാധ്യതകളേക്കാൾ വലുതാണ് ശബ്ദത്തിൽ നിന്നുള്ള ആരോഗ്യപരമായ ദോഷം. കൂടാതെ പ്രതിവർഷം ഏകദേശം 100 ബില്യൺ യൂറോ സാമ്പത്തിക ചെലവിനും ഇത് കാരണമാകുമെന്ന് വിശകലനം കണ്ടെത്തി.
ആരോഗ്യത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറച്ചുകാണാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അപകടകരമായ ശബ്ദ മലിനീകരണ പരിധി വെച്ച് അളക്കുമ്പോൾ യൂറോപ്പിലുടനീളം 15 കോടിയോളം ആളുകൾ ഇതിന്റെ ഇരകളാവുന്നതായി കണക്കാക്കപ്പെടുന്നു. 2030 ആകുമ്പോഴേക്കും ഗതാഗത ശബ്ദത്താൽ സ്ഥിരമായി അസ്വസ്ഥരാകുന്ന ആളുകളുടെ എണ്ണം 30ശതമാനം കുറക്കുക എന്ന യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം തുടർനടപടികളില്ലാതെ കൈവരിക്കാനാവില്ലെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകി.
‘നാം ബോധപൂർവ്വം തിരിച്ചറിയുന്നില്ലെങ്കിൽ കൂടിയും നമ്മുടെ ശരീരത്തെ നിരന്തരമായ സമ്മർദത്തിൽ നിലനിർത്തുന്നതിലൂടെ ശബ്ദ മലിനീകരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്ന്’ യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ ഡോ. യൂലാലിയ പെരിസ് പറഞ്ഞു. ഇത് നീർവീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് തുടങ്ങിയ ദോഷകരമായ ശാരീരിക പ്രതികരണങ്ങൾക്ക് കാരണമാകും. കാലക്രമേണ, ഇത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, പൊണ്ണത്തടി, കുട്ടികളിലെ വൈജ്ഞാനിക വൈകല്യം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഏറ്റവും വ്യാപകവും പ്രധാനപ്പെട്ടതുമായ ശബ്ദ മലിനീകരണമായ ഗതാഗത ശബ്ദത്തെക്കുറിച്ച് രാജ്യങ്ങൾ റിപ്പോർട്ട് ചെയ്ത ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ പഠനം. ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന അയൽക്കാർ, ബാറുകളിൽ നിന്നുള്ള സംഗീതം തുടങ്ങിയ മറ്റ് തരത്തിലുള്ള ശബ്ദങ്ങളും ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ട്.
യൂറോപ്പിലുടനീളം 9.2 കോടി ആളുകൾ റോഡ് ഗതാഗത ശബ്ദത്താലും 1.8 കോടി പേർ റെയിൽവേ ശബ്ദത്താലും 26 ലക്ഷം പേർ വിമാന ശബ്ദത്താലും കഷ്ടപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണം ഉപയോഗിച്ച് പ്രതിവർഷം 66,000 അകാല മരണങ്ങളും 50,000 ഹൃദയ സംബന്ധമായ അസുഖങ്ങളും 22,000 ടൈപ്പ് 2 പ്രമേഹ കേസുകളും കണക്കാക്കി.
നഗരപ്രദേശങ്ങളിലെ വാഹനങ്ങളുടെ വേഗ പരിധി കുറക്കുന്നതും കുറഞ്ഞ ശബ്ദമുള്ള ടയറുകളുടെ ഉപയോഗം വർധിപ്പിക്കുന്നതും റോഡ് ഗതാഗത ശബ്ദം കുറക്കുമെന്ന് അവർ പറഞ്ഞു. പൊതുഗതാഗതം, നടത്തം, സൈക്ലിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.