കൊടുംചൂടിന് ആശ്വാസം; സുഹൈൽ നക്ഷത്രമെത്തി

ദോഹ: അറേബ്യൻ ഉപദ്വീപിലെ കഠിനമായ വേനൽച്ചൂടിനും ഹുമിഡിറ്റിക്കും ആശ്വാസമായി സുഹൈൽ നക്ഷത്രം തിങ്കളാഴ്ച ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ജി.സി.സി ഉൾപ്പെടെ മേഖലയിൽ സുഹൈൽ നക്ഷത്രത്തിന്റെ ഉദയം നേരത്തെ തന്നെ അധികൃതർ പ്രവചിച്ചിരുന്നു. കാലവസ്ഥാ മാറ്റത്തിന്റെ അടയാളമായാണ് ഈ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്.

49 ഡിഗ്രിവരെ ഉയർന്ന താപനിലയും, പൊടിക്കാറ്റും വീർപ്പുമുട്ടിക്കുന്ന ഹുമിഡിറ്റിക്കും ശേഷം ആശ്വാസമായെത്തുന്ന സുഹൈൽ നക്ഷത്രം തിങ്കളാഴ്ച രാത്രിയിൽ ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗവും അറിയിച്ചിട്ടുണ്ട്. 53 ദിവസത്തോളം നീണ്ടുനിൽക്കുന്ന സുഹൈൽ സീസൺ വലിയ ആശ്വാസത്തോടെയാണ് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലുള്ളവർ കാത്തിരിക്കുന്നത്.

സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ മേഖലയിലെ അന്തരീക്ഷ താപനിലയിൽ ക്രമേണ കുറവുണ്ടാകാൻ തുടങ്ങും. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ചൂടിന്റെ കാഠിന്യം കുറയുകയും ജലാശയങ്ങളിലെ വെള്ളം തണുക്കുകയും ചെയ്യുന്നത് കാലാവസ്ഥ മാറ്റത്തിന്റെ ആദ്യ സൂചനയാണ്. ഇതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്.

അൽ തർഫ, അൽ ജബ്ഹ, അൽ സുബ്റ, അൽ സർഫ എന്നിങ്ങനെ 13 ദിവസം നീളുന്ന നാല് പ്രധാന ഘട്ടങ്ങളാണ് സുഹൈൽ നക്ഷത്രത്തിനുള്ളത്. ഇതില്‍ പ്രാഥമിക ഘട്ടമായ അൽ തർഫ സമയങ്ങളിൽ പകൽ ചൂട് തുടരുമെങ്കിലും പുലർച്ചെയോടെ കാറ്റിന് നേരിയ തണുപ്പ് അനുഭവപ്പെടും. അൽ ജബ്ഹ ഘട്ടത്തിൽ താപനില ക്രമേണ കുറയുകയും രാത്രികാലങ്ങൾ കൂടുതൽ സുഖകരമായ അന്തരീക്ഷവുമായിരിക്കും.

വേനലിന്റെ കാഠിന്യം പൂർണ്ണമായും മാറുകയും രാത്രിയിലെ തണുപ്പ് കൂടുകയും ചെയ്യുന്നത് മൂന്നാം ഘട്ടമായ അൽ സുബ്റ സീസണിലാണ്. എന്നാൽ അവസാന ഘട്ടമായ സർഫയിലേക്കെത്തുമ്പോൾ, ചൂട് പൂർണ്ണമായി ഇല്ലാതാകും.

Tags:    
News Summary - Relief From Extreme Heat as Suhail Star Rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.