തെക്കുകിഴക്കൻ ഏഷ്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന രൂക്ഷമായ പുകമഞ്ഞ് നിയന്ത്രിക്കാൻ മലേഷ്യയും ഇന്തോനേഷ്യയും സംയുക്ത നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മലേഷ്യൻ ഏജൻസികൾക്ക് വ്യോമപാതയിലൂടെ പ്രവേശിച്ച് കൃത്രിമ മഴ (ക്ലൗഡ് സീഡിങ്) പെയ്യിക്കാൻ ഇന്തോനേഷ്യ ഔദ്യോഗിക അനുമതി നൽകി.
ഇന്തോനേഷ്യയിലെ നിരവധി പ്രവിശ്യകളിൽ വനങ്ങളിലും കൃഷിഭൂമിയിലും മറ്റും ഉണ്ടായ തീപിടിത്തങ്ങളാണ് ഇപ്പോഴത്തെ പുകമഞ്ഞിന്റെ പ്രധാന കാരണം. പുക അതിർത്തി കടന്ന് മലേഷ്യയിലേക്കും വ്യാപിക്കുകയും വായുമലിനീകരണം രൂക്ഷമാവുകയും ചെയ്തു.ഇതോടെ ഈ മാസം നിരവധി സ്കൂളുകളാണ് മലേഷ്യയിൽ അടച്ചുപൂട്ടേണ്ടി വന്നത്.
അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കാനുളള സമയക്രമം മലേഷ്യയുടെ ദേശീയ ദുരന്തനിവാരണ ഏജൻസിയും കാലാവസ്ഥാ വകുപ്പും തയ്യാറാക്കിവരികയാണ്. ഇന്തോനേഷ്യൻ സൈന്യവുമായി ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. ഇതിനകം തന്നെ തീ നിയന്ത്രണ പ്രവർത്തനങ്ങൾ ഇന്തോനേഷ്യ ശക്തമാക്കിയിട്ടുണ്ട്. അധിക സൈനികരെ വിന്യസിക്കുകയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തീപിടിത്ത മേഖലകളിൽ വെള്ളം ഒഴിക്കുകയും കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
കാട്ടുതീ നിയന്ത്രിക്കുന്നതിനായി ആവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് മലേഷ്യൻ പ്രകൃതിവിഭവ-പരിസ്ഥിതി സുസ്ഥിരത മന്ത്രി ആർതർ ജോസഫ് കുറുപ്പ് വ്യക്തമാക്കി. ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സഹായം ആവശ്യപ്പെട്ടാൽ വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം ഒക്ടോബറോടെ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ മൺസൂൺ സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ വരൾച്ചയും തീപിടിത്ത സാധ്യതയും വീണ്ടും വർധിക്കുമെന്ന ആശങ്കയുമുണ്ട്. ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യൻ പ്രവിശ്യയായ കലിമന്തനുമായി അതിർത്തി പങ്കിടുന്ന സരാവാക്കിലാണ് പുകമഞ്ഞ് ഏറ്റവും രൂക്ഷമായിരിക്കുന്നത്.
തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സരാവാക്കിലെ ആറ് ജില്ലകളിൽ വായു മലിനീകരണ സൂചിക അനാരോഗ്യകരമായ നിലയിലെത്തി. മലേഷ്യൻ ഉപദ്വീപിലെ നാല് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിലും സമാനമായ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങൾ കണക്കിലെടുത്ത് തീ നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 16ന് നടക്കുന്ന മലേഷ്യ ദിനാഘോഷത്തിന് മുന്നോടിയായിട്ടായിരിക്കും നടപടികൾ ശക്തമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.