വായുമലിനീകരണം; ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 2ലക്ഷത്തോളം ശ്വാസകോശസംബന്ധമായ അസുഖങ്ങൾ

ന്യൂഡൽഹി: തലസ്ഥാനത്തെ വർധിച്ച് വരുന്ന മലിനീകരണത്തിൽ 2022 നും 2024നും ഇടയിൽ ഡൽഹിയിലെ ആറ് ആശുപത്രികളിലായി 2 ലക്ഷത്തോളം ശ്വാസകോശസംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡൽഹി സർക്കാർ പാർലമെന്‍റിൽ അറിയിച്ചു.

മൂന്ന് വർഷത്തിനുളളിൽ മുപ്പതിനായിരത്തിലധികം ആളുകളെ വിവിധ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശൈത്യക്കാലത്ത് വായുവിൽ വിഷാംശം വർധിക്കുന്നതിന്‍റെ ഭാഗമായിട്ടാണിതെന്നും സർക്കാർ അറിയിച്ചു.

ഡൽഹിയിലെ വായുനിലവാര സൂചിക ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നതിനെക്കാൾ ഇരുപത് മടങ്ങ് കൂടുതലാണ്. വ്യാവസായിക കെട്ടിടങ്ങൾ, വാഹനങ്ങളിൽ നിന്നും പുറന്തളളുന്ന പുക, താപനിലയിലെ കുറവ്, കുറഞ്ഞ കാറ്റിന്‍റെ വേഗത, അയൽ സംസ്ഥാനങ്ങളിലെ വിളകൾ കത്തിക്കൽ എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഡൽഹിയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളിൽ 2022 ൽ 67054 , 2023 ൽ 69293, 2024 ൽ 68411 ശ്വാസകോശ സംബന്ധമായ കേസുകളും റിപ്പോർട്ട് ചെയ്തു. മലിനീകരണതോതിലെ വർധനവ് രോഗികളിലെ എണ്ണത്തിലുളള വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡൽഹി സർക്കാർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 'ഗുരുതരമായ 400' കടന്നിട്ടുണ്ട്.

ശൈത്യകാലങ്ങളിൽ ആരോഗ്യമുള്ള ആളുകളെ പോലും ദോഷകരമായി ബാധിക്കുന്ന തരത്തിലും നിലവിൽ രോഗങ്ങളുളളവർക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമായ രീതിയിലാണ് ഡൽഹിയിലെ വായുനിലവാരത്തിന്‍റെ പോക്ക്. അപകടകരമായ വായുമലിനീകരണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജികൾ ബുധനാഴ്ച പരിഗണിക്കും.

Tags:    
News Summary - Delhi records 200,000 acute respiratory illness cases amid toxic air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.