ഗാന്ധിനഗർ (ഗുജറാത്ത്): ഗുജറാത്തിലെ പ്രശസ്തമായ ഗിർ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഏഷ്യാറ്റിക് സിംഹക്കുട്ടികൾ ചത്തത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു. എന്നാൽ, ഈ സിംഹക്കുട്ടികളുടെ മരണം ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ മൂലമല്ലെന്നും, കടുത്ത വേനൽച്ചൂടും അതുമൂലമുണ്ടായ കടുത്ത ശാരീരിക ബലഹീനതയുമാണ് കാരണമാെയന്നും ഗുജറാത്ത് വനംവകുപ്പ് മന്ത്രി അർജുൻ മോദ് വാദിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തുടക്കത്തിൽ വന്യജീവികളിൽ കണ്ടുവരുന്ന 'ബേബിസിയ' എന്ന മാരകമായ പരാദബാധയോ മറ്റ് വൈറസുകളോ ആകാം മരണകാരണമെന്ന വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഗാന്ധിനഗറിലെ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിൽ നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെയാണ് പകർച്ചവ്യാധിയുടെ സാധ്യതകൾ പൂർണ്ണമായി തള്ളിക്കളഞ്ഞത്.
ഗിർ സോമനാഥ്, അമ്രേലി ജില്ലകളിൽ ഉൾപ്പെടുന്ന വനമേഖലയിൽ വൻതോതിൽ താപനില ഉയർന്നതാണ് സിംഹക്കുട്ടികളെ ബാധിച്ചത്. കടുത്ത ചൂട് കാരണം നിർജ്ജലീകരണവും ക്ഷീണവും അനുഭവപ്പെടുകയും പ്രതിരോധശേഷി കുറഞ്ഞ പ്രായം കുറഞ്ഞ കുട്ടികൾ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സിംഹക്കുട്ടികളുടെ ശരീരസാമ്പിളുകളിൽ അപായകരമായ വൈറസുകളോ പകർച്ചവ്യാധിയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല.
ആദ്യഘട്ടത്തിൽ രോഗബാധയാണോ എന്ന് സംശയമുണ്ടായതിനെ തുടന്ന് രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ കാണിച്ച 17 സിംഹങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ച് പ്രത്യേക പരിചരണവും ചികിത്സയും നൽകി. ഇതിൽ 12 സിംഹങ്ങൾ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് അവയെ തിരികെ വനത്തിലേക്ക് തന്നെ തുറന്നുവിട്ടു. ബാക്കിയുള്ള 5 എണ്ണം നിലവിൽ സസാൻ ലയൺ ഹോസ്പിറ്റലിൽ വിദഗ്ധ നിരീക്ഷണത്തിലാണ്. ബേബിസിയ രോഗം പടർത്തുന്ന പേൻ, ചെള്ള് തുടങ്ങിയവയെ നശിപ്പിക്കുന്നതിനായി ഗിർ വനമേഖലയിലെ ഏകദേശം 600-ഓളം സിംഹങ്ങൾക്ക് വിരനാശക മരുന്നുകളും പ്രതിരോധ ചികിത്സകളും വനംവകുപ്പ് ഉദ്യോഗസ്ഥർ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.
ഒരുകാലത്ത് ഏഷ്യയിലുടനീളം വ്യാപിച്ചുകിടന്നിരുന്ന ഏഷ്യാറ്റിക് സിംഹങ്ങളുടെ ലോകത്തിലെ ഏക സ്വാഭാവിക വാസസ്ഥലമാണ് ഗുജറാത്തിലെ ഗിർ ദേശീയോദ്യാനവും അതിനോട് ചേർന്നുള്ള വനമേഖലകളും. അതിനാൽ തന്നെ ഇവിടെയുണ്ടാകുന്ന ചെറിയ പ്രതിസന്ധികൾ പോലും ആഗോള വന്യജീവി സംരക്ഷണ മേഖലയിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ 2025-ലെ സിംഹക്കണക്കെടുപ്പ് പ്രകാരം ഗുജറാത്തിൽ ആകെ 891 ഏഷ്യാറ്റിക് സിംഹങ്ങളാണ് ഉള്ളത്.മുമ്പ് 2018-ൽ കനൈൻ ഡിസ്റ്റംപർ വൈറസും പ്രോട്ടോസോവ ബാധയും കാരണം ഒരു മാസത്തിനുള്ളിൽ 11 സിംഹങ്ങൾ ചത്തതുപോലെയുള്ള വൻ ദുരന്തങ്ങൾ മുന്നിലുള്ളതിനാൽ, ഇത്തവണയും വനംവകുപ്പ് കർശനമായ നിരീക്ഷണമാണ് വനമേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.