ബേൺ: രാജ്യത്തെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം 1 കോടിയായി (10 മില്യൺ) പരിമിതപ്പെടുത്തണമെന്ന വിചിത്രവും കടുത്തതുമായ നിയമ ഭേദഗതിയിന്മേൽ സ്വിറ്റ്സർലൻഡിൽ ജനവിധി. വലതുപക്ഷ കക്ഷിയായ സ്വീസ് പീപ്പിൾസ് പാർട്ടി കൊണ്ടുവന്ന "സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്" എന്ന ജനകീയ പ്രമേയത്തിന്മേലാണ് രാജ്യവ്യാപകമായി വോട്ടെടുപ്പ് നടക്കുന്നത്.
ഈ നിർദ്ദേശം വോട്ടർമാർ അംഗീകരിച്ചാൽ, ജനസംഖ്യക്ക് ഔദ്യോഗികമായി ഒരു ഉയർന്ന പരിധി നിശ്ചയിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്വിറ്റ്സർലൻഡ് മാറും. നിലവിൽ 91 ലക്ഷത്തിലധികമാണ് സ്വിറ്റ്സർലൻഡിലെ ജനസംഖ്യ. 2050-ഓടെ സ്വിറ്റ്സർലൻഡിലെ ജനസംഖ്യ യാതൊരു കാരണവശാലും 1 കോടി കടക്കാൻ പാടില്ല എന്നാണ് ഈ ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്നത്.
ഭവനക്ഷാമം, പൊതുസേവനങ്ങളിലെ സമ്മർദ്ദം, പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം എന്നിവ കുറയ്ക്കാനാണ് ജനവിധി തേടുന്നതെന്ന് പീപ്പിൾസ് പാർട്ടി പറയുന്നു. എന്നാൽ വിമർശകർ ഇത് കുടിയേറ്റവിരുദ്ധ അജണ്ടയുടെ പുതിയ രൂപമാണെന്നാണ് ആരോപിക്കുന്നത്. സർക്കാർ, മറ്റ് രാഷ്ട്രീയ പാർട്ടികൾ, വ്യവസായ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ എന്നിവ ഈ നിർദേശത്തെ "അരാജകത്വത്തിന് വഴിവെക്കുന്ന പദ്ധതി" എന്നാണ് വിശേഷിപ്പിക്കുന്നത്. ആശുപത്രികൾക്കും ഹോട്ടൽ മേഖലക്കും ആവശ്യമായ വിദേശ തൊഴിലാളികളെ നഷ്ടപ്പെടുമെന്നും യൂറോപ്യൻ യൂനിയനുമായുളള ബന്ധം ദുർബലമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
2002-ൽ സ്വിറ്റ്സർലൻഡിലെ ജനസംഖ്യ 73 ലക്ഷം ആയിരുന്നു. ഇന്ന് അത് ഏകദേശം 91 ലക്ഷമായി ഉയർന്നു. നിലവിൽ രാജ്യത്തെ താമസക്കാരിൽ 27 ശതമാനവും വിദേശത്ത് ജനിച്ചവരാണ്. സ്വിറ്റ്സർലൻഡിന്റെ നേരിട്ടുള്ള ജനാധിപത്യ സംവിധാനപ്രകാരം, 1 ലക്ഷം ഒപ്പുകൾ ശേഖരിച്ചാൽ ഏത് പ്രധാന വിഷയവും രാജ്യവ്യാപക ജനഹിതപരിശോധനക്ക് വിധേയമാക്കണം.നിർദേശം അംഗീകരിക്കപ്പെട്ടാൽ 2050-ന് മുമ്പ് രാജ്യത്തിന്റെ ജനസംഖ്യ 1 കോടി കടക്കാൻ പാടില്ല. ജനസംഖ്യ 95 ലക്ഷം എത്തുമ്പോൾ തന്നെ സർക്കാർ നിയന്ത്രണ നടപടികൾ ആരംഭിക്കും.
ഗവൺമെന്റ് കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ. വിദേശ തൊഴിലാളികൾക്ക് പുതിയ റസിഡൻസി പെർമിറ്റുകൾ നൽകുന്നത് കുറയ്ക്കുക, അഭയാർത്ഥി അപേക്ഷകൾ കർശനമായി നിയന്ത്രിക്കുക, വിദേശികൾക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനുള്ള അവകാശം റദ്ദാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. .
പ്രമേയത്തെ അനുകൂലിക്കുന്ന എസ്.വി.പി പാർട്ടിയും മറ്റ് വലതുപക്ഷ സംഘടനകളും പറയുന്നത് അനിയന്ത്രിതമായ കുടിയേറ്റം മൂലം രാജ്യം ശ്വാസം മുട്ടുകയാണെന്നാണ്. ഇത് കടുത്ത ഭവനക്ഷാമത്തിനും, വാടക കുതിച്ചുയരുന്നതിനും, ട്രെയിനുകളിലും റോഡുകളിലും വൻ തിരക്കിനും കാരണമാകുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. സ്വിറ്റ്സർലൻഡിന്റെ പ്രകൃതി ഭംഗിയും ജീവിതനിലവാരവും നിലനിർത്താൻ ഈ നിയന്ത്രണം അനിവാര്യമാണെന്നാണ് ഇവരുടെ വാദം.
രാജ്യത്തെ ഹോസ്പിറ്റലുകൾ, കെയർ ഹോമുകൾ, ഹോട്ടലുകൾ, കൺസ്ട്രക്ഷൻ മേഖലകൾ എന്നിവ ഭൂരിഭാഗവും വിദേശ തൊഴിലാളികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.ജനസംഖ്യാ നിയന്ത്രണം നടപ്പായാൽ യൂറോപ്പിൽ നിന്ന് പ്രാവീണ്യമുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.നെസ്‌ലെ, റോച്ചെ, നൊവാർട്ടിസ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളുടെ പ്രധാന ഹബ്ബാണ് സ്വിറ്റ്സർലൻഡ്. അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കാൻ സാധിച്ചില്ലെങ്കിൽ ഈ കമ്പനികൾ രാജ്യം വിട്ടേക്കാം.
യൂറോപ്യൻ യൂണിയനുമായുള്ള കരാർ റദ്ദാക്കിയാൽ അത് സ്വിറ്റ്സർലൻഡിന്റെ കയറ്റുമതിയെയും വ്യാപാരത്തെയും ബാധിക്കും. സ്വിറ്റ്സർലൻഡിന്റെ ആകെ കയറ്റുമതിയുടെ പകുതിയിലധികവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന സർവേകൾ പ്രകാരം ജനങ്ങൾ ഈ വിഷയത്തിൽ കൃത്യമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഏകദേശം 52% ആളുകൾ പ്രമേയത്തെ എതിർക്കുമ്പോൾ 48% ആളുകൾ അനുകൂലിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.