ബീജിങ്: ചൈനീസ് അതിർത്തിക്കകത്തുള്ള സമുദ്രമേഖലകളിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണത്തിനായി സെൻസറുകൾ ഘടിപ്പിച്ച "ചാര ആമകളെയും" "ചാര മത്സ്യങ്ങളെയും" വ്യാപകമായി ഉപയോഗിക്കുന്നതായി ചൈനീസ് സുരക്ഷാ മന്ത്രാലയം വെളിപ്പെടുത്തി. ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ചൈനാ കടൽ, തായ്‌വാൻ കടലിടുക്ക് തുടങ്ങിയ അതീവ തന്ത്രപ്രധാനമായ ജലാശയങ്ങളിൽ വലിയൊരു "അദൃശ്യ രഹസ്യ യുദ്ധം" നിശബ്ദമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നാണ് ബീജിങിന്റെ ഔദ്യോഗിക മുന്നറിയിപ്പ്.
തങ്ങളുടെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലൂടെയാണ് സുരക്ഷാ മന്ത്രാലയം ഈ അസാധാരണ വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയുടെ സുരക്ഷാ സംവിധാനങ്ങളെയും സൈനിക നീക്കങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ട് സമുദ്രജീവികളെയും അത്യാധുനിക അണ്ടർവാട്ടർ സാങ്കേതികവിദ്യകളെയും വിദേശ രാജ്യങ്ങൾ ആയുധമാക്കുന്നു എന്നാണ് റിപ്പോർട്ട്.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ച് ഈ ചാര ശൃംഖല വലിയ സമുദ്രജീവികളായ കടലാമകൾ, വലിയ മത്സ്യങ്ങൾ എന്നിവയുടെ ശരീരത്തിൽ അത്യാധുനിക ട്രാക്കിംഗ് സെൻസറുകളും ആശയവിനിമയ ഉപകരണങ്ങളും വിദേശ ഏജൻസികൾ ഘടിപ്പിക്കുന്നു. ഈ ജീവികൾ നീന്തുമ്പോൾ കടലിലെ താപനില, ഉപ്പുരസം, ജലപ്രവാഹങ്ങളുടെ വേഗത എന്നിവ ഈ സെൻസറുകൾ തത്സമയം ശേഖരിക്കും. ഈ വിവരങ്ങൾ ഉപഗ്രഹങ്ങൾ വഴി നേരിട്ട് വിദേശ കൺട്രോൾ റൂമുകളിലേക്ക് അയക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം. ഈ വിവരങ്ങൾ ചൈനയുടെ തീരപ്രതിരോധത്തിലെ ദൗർബല്യങ്ങൾ കണ്ടെത്താൻ ഉപയോഗിക്കപ്പെടാമെന്നും അത് ദേശീയ സുരക്ഷക്ക് ഗുരുതര ഭീഷണിയാണെന്നും ചൈന അവകാശപ്പെടുന്നു.
മൃഗങ്ങളെ മാത്രമല്ല, തിരമാലകളുടെയും സൗരോർജത്തിന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന "വേവ് ഗ്ലൈഡറുകൾ", സമുദ്രത്തിൽ ഒഴുകുന്ന സെൻസർ ബോയികൾ, മറ്റ് ആളില്ലാ നിരീക്ഷണ ഉപകരണങ്ങൾ എന്നിവയും വിദേശ ശക്തികൾ വിന്യസിക്കുന്നുണ്ടെന്ന് ചൈന പറയുന്നു. ഇവ സമുദ്രപരിസ്ഥിതിയെയും കപ്പലുകളുടെയും അന്തർവാഹിനികളുടെയും ചലനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നുവെന്നാണ് ആരോപണം.
ഈ ചാര ജീവികളെ കൃത്യമായി ഏത് പ്രദേശത്തു നിന്നാണ് പിടികൂടിയതെന്നോ, ഇതിന് പിന്നിൽ ഏത് രാജ്യമാണെന്നോ ഔദ്യോഗിക റിപ്പോർട്ടിൽ ചൈന നേരിട്ട് പരാമർശിച്ചിട്ടില്ല. ചാര ഭീഷണിയെ ചെറുക്കാൻ ചൈന തങ്ങളുടെ മത്സ്യത്തൊഴിലാളികളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കടലിൽ നിന്നു സംശയസ്പദമായ രീതിയിലുള്ള വിദേശ ഉപകരണങ്ങളോ, സെൻസറുകൾ ഘടിപ്പിച്ച ജീവികളെയോ കണ്ടെത്തി കൈമാറുന്ന പൗരന്മാർക്ക് ചൈന 500,000 യുവാൻ (ഏകദേശം 60 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ വലിയ സാമ്പത്തിക പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
സമുദ്രജീവികളെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഇതാദ്യമല്ല. 2023 ൽ റഷ്യ സെവാസ്റ്റോപോൾ നാവിക താവളത്തിൽ പ്രത്യേക പരിശീലനം സിദ്ധിച്ച ബോട്ട്‌ൽനോസ് ഡോൾഫിനുകളെ നിയോഗിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുൻപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.