മനാമ: ചരിത്ര പ്രാധാന്യം നിറഞ്ഞ അൽ സയ്യാഹ് ദ്വീപിനെ ബഹ്‌റൈനിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാൻ പദ്ധതി. ദ്വീപിന്റെ പ്രകൃതിഭംഗിയും ചരിത്രപരമായ തനിമയും സംരക്ഷിച്ചുകൊണ്ട് തന്നെ കഫേകളും റസ്റ്റാറന്റുകളും പൈതൃക അധിഷ്ഠിത ബിസിനസ്സ് സ്ഥാപനങ്ങളും ഉൾപ്പെടുത്തി ഒരു ടൂറിസം ഹബ്ബ് നിർമ്മിക്കാനാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ലക്ഷ്യമിടുന്നത്.
ദ്വീപിന്റെ വികസനത്തിനായുള്ള ഈ നിർദ്ദേശത്തിന് കൗൺസിലിലെ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും ഏരിയ കൗൺസിലറുമായ മുഹമ്മദ് അൽ മഹ്മൂദ് ആണ് നേതൃത്വം നൽകുന്നത്. ദ്വീപിന്റെ ചരിത്രപരമായ പ്രത്യേകതകൾ തിരിച്ചറിയാനുള്ള ആദ്യഘട്ട ഉത്ഖനനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും നഗരവൽക്കരണ പദ്ധതികളിൽ നിന്നും ഈ ദ്വീപിനെ സംരക്ഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയും ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ദ്വീപിനെ ദേശീയ പൈതൃക സൈറ്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ, ഇതിന്റെ സംരക്ഷണവും വികസനവും സംബന്ധിച്ച പദ്ധതികൾക്ക് കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്.
ബുസൈതീന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപ് പുരാതനമായ ഒരു കോട്ടയുടെയോ പ്രതിരോധ കെട്ടിടത്തിന്‍റേയോ അവശിഷ്ടങ്ങൾക്കും, മധ്യഭാഗത്തായുള്ള ആറുമീറ്റർ വ്യാസമുള്ള കുളം പ്രകൃതിദത്തമായ ജലസ്രോതസ്സിനും പേരുകേട്ടതാണ്. ചരിത്രപരമായ പ്രാധാന്യത്തിനപ്പുറം ഒട്ടേറെ ഐതിഹ്യങ്ങളും ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി ഈ പ്രദേശം സന്ദർശിച്ചിരുന്നു എന്ന വിശ്വാസവും, ബു ഗെദോ എന്ന് വിളിക്കപ്പെടുന്ന ഒരു ജിന്നിനെക്കുറിച്ചുള്ള നാടോടിക്കഥകളും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാൽ, ഐതിഹ്യങ്ങളിൽ പറയുന്ന നിഗൂഢമായ കാര്യങ്ങൾ വേലിയേറ്റവും വേലിയിറക്കവും മൂലമുണ്ടാകുന്ന സ്വാഭാവികമായ സംഭവങ്ങളാണെന്ന് ശാസ്ത്രീയ പഠനങ്ങൾ പിന്നീട് തെളിയിച്ചിട്ടുണ്ട്.
ബഹ്‌റൈൻ-ബ്രിട്ടീഷ് വിദഗ്ധർ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ ഈ ദ്വീപിനെക്കുറിച്ച് പുതിയ അറിവുകൾ നൽകിയിട്ടുണ്ട്. 1,200 വർഷത്തിലേറെ പഴക്കമുള്ള ഒരു ശുദ്ധജല സംഭരണ കേന്ദ്രമായിരുന്നു ഇതെന്നും, പുരാതന മുത്ത് വ്യാപാരത്തിൽ ഈ ദ്വീപ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നുമാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ ബഹ്‌റൈന്റെ ഭൂതകാലത്തെ അനുഭവിച്ചറിയാൻ വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന അപൂർവ്വ അവസരമായി അൽ സയ്യാഹ് ദ്വീപ് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.