കോർപ്പറേറ്റ് ഭീമനെ മുട്ടുകുത്തിച്ച് ലാ കലേര; കൊക്കകോളക്കെതിരെ പോരാടി ജലാവകാശം തിരിച്ചുപിടിച്ച് കൊളംബിയൻ ജനത

ബൊഗോട്ട: കടുത്ത വരൾച്ചയിൽ കുടിവെള്ളത്തിനായി ജനങ്ങൾ തെരുവിൽ അലയുമ്പോൾ, തങ്ങളുടെ മണ്ണിലെ നീരുറവകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഊറ്റിയെടുത്ത ആഗോള പാനീയ ഭീമൻ കൊക്കകോള ഫെംസയുടെ അനുബന്ധസ്ഥാപനമായ ഇൻഡെഗക്കെതിരെ കൊളംബിയയിലെ ഒരു ചെറുപട്ടണം നടത്തിയ നിയമ-സാമൂഹിക പോരാട്ടം. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടക്ക് സമീപമുള്ള ലാ കലേര എന്ന നഗരമാണ് കോർപ്പറേറ്റ് ചൂഷണത്തിനെതിരെ ചരിത്രപരമായ വിജയം വരിച്ചത്.

വരൾച്ചയുടെ നാളുകളും കോർപ്പറേറ്റ് വൈരുദ്ധ്യവും

2024 മുതൽ 2025 വരെയുള്ള കാലയളവിൽ എൽ നിനോ പ്രതിഭാസം മൂലം കൊളംബിയ കടുത്ത വരൾച്ചയെയാണ് നേരിട്ടത്. തലസ്ഥാന നഗരത്തിന് 70 ശതമാനത്തോളം കുടിവെള്ളം നൽകുന്ന ചിംഗാസ ജലസംഭരണിയുടെ തൊട്ടടുത്താണ് ലാ കലേര സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി ജലസമൃദ്ധമായ പ്രദേശമാണെങ്കിലും, കടുത്ത ജലക്ഷാമം മൂലം ഈ നഗരത്തിലെ ജനങ്ങൾക്ക് മാസത്തിൽ 15 ദിവസത്തോളം കടുത്ത ജലറേഷൻ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായി.

ജനങ്ങൾക്ക് കുടിക്കാനും ആഹാരം പാകം ചെയ്യാനും കൃഷിക്കും വെള്ളമില്ലാതെ വലഞ്ഞപ്പോൾ, ഇതേ നഗരത്തിലെ പ്രകൃതിദത്ത നീരുറവകളിൽ നിന്ന് കൊക്കകോളയുടെ ലാറ്റിൻ അമേരിക്കൻ ഫ്രാഞ്ചൈസിയായ കൊക്കകോള ഫെംസ ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം യഥേഷ്ടം വലിച്ചെടുക്കുകയായിരുന്നു. കൊളംബിയയിലുടനീളം വിൽക്കുന്ന ജനപ്രിയ അഗ്വ മാനാന്ഷ്യൽ സ്പ്രിംഗ് വാട്ടർ ബ്രാൻഡിന് കീഴിൽ ആയിരക്കണക്കിന് വാട്ടർ ബോട്ടിലുകൾ ദിവസവും നിറഞ്ഞുകൊണ്ടിരുന്നു.കമ്പനിയുടെ പ്ലാന്റിൽ ഉത്പാദനം തടസ്സമില്ലാതെ തുടർന്നപ്പോൾ നാട്ടുകാരുടെ പൈപ്പുകൾ പൂർണ്ണമായും വരണ്ടുണങ്ങി.

അടിച്ചമർത്തലിനെതിരെയുള്ള ജനകീയ പ്രതിരോധം

തങ്ങളുടെ കൺമുന്നിൽ വച്ച് പ്രകൃതിവിഭവങ്ങൾ കോർപ്പറേറ്റുകൾ കൊള്ളയടിക്കുന്നത് തിരിച്ചറിഞ്ഞതോടെയാണ് ലാ കലേരയിലെ ജനങ്ങൾ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ച് പ്രതിഷേധത്തിലേക്ക് കടന്നത്. വെറും തെരുവ് സമരങ്ങളിൽ ഒതുങ്ങാതെ, കമ്പനിയുടെ ജല ചൂഷണത്തിനെതിരെ അവർ ശക്തമായ നിയമപോരാട്ടം ആരംഭിച്ചു. അതിന് നേതൃത്വം നൽകിയ പ്രവർത്തകരായ ഹെർമിനിയ ക്രിസ്റ്റാഞ്ചോയും ജാവിയർ സിഫുവെന്റസിനും അവരുടെ ആക്ടിവിസത്തിന്റെ പേരിൽ  വ്യക്തിപരമായ ആക്രമണങ്ങൾ മുതൽ വധഭീഷണി ഉൾപ്പെടെ നേരിടേണ്ടി വന്നു.

"ജനങ്ങളോട് വെള്ളം മിതമായി ഉപയോഗിക്കാൻ പറഞ്ഞു, പക്ഷേ കമ്പനികളോട് പറഞ്ഞില്ല,"- പ്രദേശവാസിയായ അലക്സാണ്ടർ ഹെർണാണ്ടസ് പറയുന്നു. ഏകദേശം 40 വർഷമായി കമ്പനി പ്രാദേശിക ജലവിഭവങ്ങൾ ഉപയോഗിച്ചുവരികയാണെന്നും അതിന് തക്ക പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കമ്പനിയുടെ ജലവിനിയോഗ പുനഃപരിശോധിക്കണമെന്നും, പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് അവർ കോടതികളെ സമീപിച്ചു. കൃത്യമായ വിവരശേഖരണത്തിലൂടെയും സോഷ്യൽ മീഡിയ കാമ്പെയ്നുകളിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ഈ ജനകീയ സമരത്തിലേക്ക് ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു.

ചരിത്രപരമായ വിജയം

ശക്തമായ ജനകീയ പ്രതിരോധത്തിനും നിയമപരമായ സമ്മർദ്ദങ്ങൾക്കും ഒടുവിൽ കൊക്കകോള കമ്പനിയുടെ അനിയന്ത്രിതമായ ജലചൂഷണത്തിന് തടയിടാൻ പ്രദേശവാസികൾക്ക് സാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ അടിസ്ഥാന ജലാവകാശത്തിനും മുന്നിൽ കോർപ്പറേറ്റ് ഭീമന്മാർക്ക് പിൻവാങ്ങേണ്ടി വന്നു. ഏപ്രിലിൽ കൺസെഷൻ പുതുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനിച്ചു. എന്നാൽ ഇൻഡെഗയുടെ ജലചൂഷണ നിരക്ക് സെക്കൻഡിൽ 3.23 ലിറ്ററിൽ നിന്ന് 1.9 ലിറ്ററായി കുറച്ചു. കമ്പനിക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന നീരുറവകളുടെ എണ്ണം ഏഴിൽ നിന്ന് നാലായി കുറച്ചു, കൺസെഷൻ ദൈർഘ്യം 10 ​​വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറച്ചു.

ലാറ്റിൻ അമേരിക്കയിൽ ഉടനീളം കോർപ്പറേറ്റുകൾ നടത്തുന്ന ജല സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് വലിയ ഊർജ്ജം നൽകുന്നതാണ് ലാ കലേരയിലെ ജനങ്ങളുടെ ഈ വിജയം. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് പ്രകൃതിവിഭവങ്ങൾക്കുമേൽ കോർപ്പറേറ്റുകൾക്കല്ല, മറിച്ച് ജനങ്ങൾക്കാണ് ഒന്നാമത്തെ അവകാശമെന്ന് ഈ സമരം അടിവരയിടുന്നു.

Tags:    
News Summary - La Calera brings corporate giant to its knees: Colombian citizens win back water rights after fighting Coca-Cola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.