ആഗോള സമുദ്രങ്ങളിൽ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ജീനുകൾ (Antibiotic Resistance Genes - ARGs) കണ്ടെത്തിയതായി ഇറ്റാലിയൻ പഠനം. റോമിൽ നടന്ന സമുദ്ര-മനുഷ്യ ആരോഗ്യ ഫോറത്തിൽ ഇറ്റലിയിലെ നാഷനൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 'സീ കെയർ' (SeA Care) ഗവേഷണത്തിൽ, കരയിൽ നിന്നുള്ള ബാക്ടീരിയൽ മലിനീകരണം ആഗോള സമുദ്രങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
മെഡിറ്ററേനിയൻ, അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ജീനുകൾ കണ്ടെത്തിയതായാണ് പഠനം പറയുന്നത്. കപ്പൽ ഗതാഗതം കൂടുതലുള്ള വഴികളിലും ജനസാന്ദ്രതയേറിയ തീരപ്രദേശങ്ങളിലും ഈ ജീനുകളുടെ അളവ് കൂടുതലായി കാണപ്പെട്ടു. മനുഷ്യവാസം കുറഞ്ഞ ആർട്ടിക് സമുദ്ര മേഖലകളിൽ പോലും ഇവ കണ്ടെത്തിയത് സമുദ്രജല പ്രവാഹങ്ങൾ വഴി മലിനീകരണം എത്രത്തോളം വ്യാപിക്കുന്നു എന്ന് തെളിയിക്കുന്നു. ആന്റിബയോട്ടിക് ജീനുകൾക്ക് പുറമെ മൈക്രോപ്ലാസ്റ്റിക്സ്, രാസവസ്തുക്കൾ, കോവിഡ് വൈറസിന്റെ ജനിതക അവശിഷ്ടങ്ങൾ എന്നിവയും സമുദ്രജലത്തിൽ നിന്നും കണ്ടത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 140 ഓളം വിവിധ സമുദ്രമേഖലകളിൽ നിന്നായി നാലായിരത്തിലധികം സമുദ്രജല സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചു. ബാക്ടീരിയകൾക്ക് പരസ്പരം ജനിതകഘടന കൈമാറാൻ സാധിക്കുന്നതായും നഗരങ്ങളിലെ മാലിന്യങ്ങൾ, കൃഷിസ്ഥലങ്ങളിൽ നിന്നുള്ള വെള്ളം, മറ്റ് മലിനജലം എന്നിവ സമുദ്രത്തിൽ കലരുമ്പോൾ ഈ ആന്റിബയോട്ടിക് പ്രതിരോധ ജീനുകൾ സമുദ്രത്തിലെ ബാക്ടീരിയകളിലേക്ക് പടരുന്നു.
ഇത് സമുദ്രത്തിലെ ജീവജാലങ്ങളെയും ഒടുവിൽ ഭക്ഷണ ശൃംഖല വഴി മനുഷ്യനെയും ബാധിക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സമുദ്രങ്ങളുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് -ഐ.എസ്.എസ് ഡയറക്ടർ ജനറൽ ആൻഡ്രിയ പിച്ചിഒലി വ്യക്തമാക്കി. പരിസ്ഥിതിയും മനുഷ്യന്റെ ആരോഗ്യവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇറ്റലിയുടെ നേതൃത്വത്തിലുള്ള ഒരു പദ്ധതിയാണ് സീ കെയർ. ആഗോള സമുദ്ര നിരീക്ഷണ സംവിധാനം രൂപീകരിക്കുന്നതിനായി ഇറ്റാലിയൻ നാവികസേന, ഐ.എസ്.എസ് , അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങൾ എന്നിവ സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.