ഷാരൂഖ് ഖാൻ ആരാധകരെ കാണുന്നു.

ഷാറൂഖിന്‍റെ മന്നത്തിൽ നുഴഞ്ഞുകയറിയ ആരാധകൻ താരത്തെ കാണാൻ ശ്രമിക്കാതെ സ്വിമ്മിങ് പൂളിൽ കുളിച്ച് തിരിച്ചുപോയി; വിചിത്ര അനുഭവം പങ്കുവെച്ച് താരം

ബോളിവുഡിന്റെ താരചക്രവർത്തി ഷാറൂഖ് ഖാന് ഇന്ത്യയിലും പുറത്തും കോടിക്കണക്കിന് ആരാധകരുണ്ട്. ഷാറൂഖിനെ ഒരുനോക്കു കാണാൻ താരത്തിന്‍റെ വീടായ മന്നത്തിനു പുറത്ത് ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടാറുണ്ട്. വ്യത്യസ്ത തരക്കാരായ നിരവധി ആരാധകരെ ജീവിതത്തിൽ താൻ കണ്ടതായി ഷാറൂഖ് പറയുന്നു. അതിൽ ചിലർ ഓട്ടോഗ്രാഫ് വാങ്ങിക്കും. ചിലർക്ക് ഫോട്ടോ എടുക്കണം. മറ്റുചിലർക്ക് ഒന്നു തൊട്ടുനോക്കണം. അങ്ങനെ പലതരം ആളുകൾ. പക്ഷേ, ഒരിക്കൽ ഒരു ആരാധകൻ താൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ പെരുമാറിയത് പങ്കുവച്ചിരിക്കുകയാണ് താരം.

ഒരിക്കൽ ഒരു ആരാധകൻ മന്നത്തിൽ നുഴഞ്ഞു കയറി അദ്ദേഹത്തിന്‍റെ സ്വിമ്മിങ് പൂളിൽ കുളിച്ച ശേഷം തിരിച്ചുപോയി. 2016ൽ ആപ് കി അദാലത്ത് എന്ന ടോക്ക് ഷോയിൽ തന്റെ ‘ഫാൻ’ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി സംസാരിക്കവേയാണ് ഷാറൂഖ് തന്നെ ഈ വിചിത്ര സംഭവം വിവരിച്ചത്.

“അന്ന് ഞാൻ വല്ലാതെ ഞെട്ടിപ്പോയി. അന്ന് എന്റെ ജന്മദിനമോ അല്ലെങ്കിൽ അഭിമുഖമോ എന്തോ ആയിരുന്നു. നിരവധി മാധ്യമപ്രവർത്തകർ അഭിമുഖത്തിനായി മന്നത്തിൽ അന്ന് എത്തിയിരുന്നു. അവരുടെ കൂടെ ഒരു ആരാധകൻ കൂടി കടന്നുവന്നു. തുടർന്ന് അവൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റി എന്റെ സ്വിമ്മിങ് പൂളിലേക്ക് ചാടി നീന്താൻ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥൻ അവനെ പിടികൂടി നീ ആരാണെന്ന് ചോദിച്ചപ്പോൾ, 'എനിക്ക് ഒന്നും വേണ്ട, ഷാറൂഖ് ഖാന്റെ പൂളിൽ ഒന്നു കുളിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ ഷാറൂഖ് കുളിക്കുന്ന വെള്ളത്തിൽ കുളിച്ചു. ഇനി ഞാൻ പൊയ്ക്കോളാം' അയാൾ പറഞ്ഞു. അതുകേട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പോലും അമ്പരന്നു. അവർ ഉടനെ എന്നെ വിളിച്ചു. ഞാനും ഞെട്ടിപ്പോയി. ആ വ്യക്തിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. കാരണം അത് വളരെ വിചിത്രമായൊരു അനുഭവമായിരുന്നു എനിക്ക്. പക്ഷേ അവൻ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു തിരിച്ചു പോയി.” -ഷാറൂഖ് പറഞ്ഞു.

സിദ്ധാർത്ഥ് ആനന്ദിന്റെ കിങ് എന്ന ചിത്രത്തിലാണ് ഷാറൂഖ് അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുകോൺ, റാണി മുഖർജി, അനിൽ കപൂർ, ജയ്ദീപ് അഹ്ലാവത്, അർഷദ് വാർസി, അഭയ് വർമ, രാഘവ് ജുയാൽ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഷാറൂഖ് ഖാന്റെ 60-ാം ജന്മദിനത്തിൽ കിങ്ങിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഷാറൂഖ് തന്‍റെ മകൾ സുഹാന ഖാനൊപ്പം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് കിങ്.

Tags:    
News Summary - When a fan sneaked inside Mannat, took a swim, and left without meeting the superstar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.