ഭോപാൽ: നടൻ ഷാരൂഖ് ഖാനെ വെല്ലുവിളിച്ച് മധ്യപ്രദേശ് സ്പീക്കർ ഗിരീഷ് ഗൗതം. പുതിയ ചിത്രമായ പത്താൻ മകൾക്കൊപ്പം കാണണമെന്നാണ് ആവശ്യം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രക്ക് പിന്നാലെയാണ് നടനെ വിമർശിച്ച് സ്പീക്കർ രംഗത്ത് എത്തിയത്.
'ഷാരൂഖ് മകളോടൊപ്പം പത്താൻ കാണണമെന്നാണ് സ്പീക്കർ ഗിരീഷ് ഗൗതം പറയുന്നത്. തിയറ്ററിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മകൾക്കൊപ്പം സിനിമ കാണുന്നു എന്ന് ലോകത്തോട് വിളിച്ച് പറയുകയും വേണം. കൂടാതെ പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ ഒരുക്കാൻ തയാറാണോ എന്നും സ്പീക്കർ വെല്ലുവിളിക്കുന്നുണ്ട്. അഞ്ച് ദിവസത്തെ നിയമസഭാ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് ഗൗതം ഇക്കാര്യം പറഞ്ഞത്.
പത്താനെതിരെ ശക്തനായ ബഹിഷ്കരണാഹ്വാനമാണ് മധ്യപ്രദേശിൽ നടക്കുന്നത്. പത്താന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് എം.എൽ.എ നാരായൺ ത്രിപാഠി വാർത്താ വിതരണ മന്ത്രി അനുരാഗ ഠാക്കൂറിന് കത്തയച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് തടയണമെന്നുമാണ് എം.എൽ. എ കത്തിൽ പറയുന്നത്.
'സിനിമയിൽ കാവി നിറം മോശമായി കാണിച്ചു, പ്രകടമായ വഞ്ചനയിൽ, സിനിമാക്കാർ നമ്മുടെ ദൈവങ്ങളെ കളിയാക്കാൻ ശ്രമിച്ചു. ഇത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അധിക്ഷേപകരമായ ഗാനങ്ങളും രംഗങ്ങളും നീക്കം ചെയ്യാനോ രാജ്യത്തുടനീളമുള്ള സിനിമയുടെ റിലീസ് നിർത്തിവയ്ക്കാനോ നിർദേശിക്കണമെന്നത് വിനീതമായ അഭ്യർത്ഥനയാണ്. ഇത് ഭാവിയിൽ മറ്റ് സിനിമാ പ്രവർത്തകർക്ക് മാതൃകയാകും, മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങൾ തടയും', നാരായൺ ത്രിപാഠി കത്തിൽ പറയുന്നു.
ജനുവരി 25 നാണ് പത്താൻ പ്രദർശനത്തിനെത്തുന്നത്. ഹിന്ദിയെ കൂടാതെ, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ദീപിക പദുകോണാണ് പത്താനിലെ നായിക. ജോൺ എബ്രഹാമും ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.