കോവിഡ് വ്യാപനം; ടൊവിനോ ചിത്രം 'നാരദൻ' റിലീസ് മാറ്റി

കൊച്ചി: ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'നാരദൻ' സിനിമയുടെ റിലീസ് മാറ്റി. ചിത്രം ജനുവരി 27ന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോൺ വേരിയന്റിന്റെ വ്യാപനവും മൂലം റിലീസ് മാറ്റി വെക്കുകയായിരുന്നു.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു 'നാരദൻ' ഒരുക്കിയിരിക്കുന്നത്. വാർത്തകളിലെ ധാർമികതയാണോ അതോ മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ ഈ സിനിമയെന്ന ചർച്ച ചലച്ചിത്ര പ്രേമികൾക്കിടയിൽ സജീവമാണ്. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരെ ഓർമിപ്പിക്കുന്ന തരത്തിൽ 'ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് ' എന്ന ടൊവിനോയുടെ ഡയലോഗുള്ള ട്രെയ്ലർ ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലർ തരുന്ന സൂചന.

'മിന്നൽ മുരളി' എന്ന ഹിറ്റിന് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം, 'മായാനദി'ക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, 'സാറാസി'ന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് 'നാരദൻ'.

ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നു.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമാണം. ജാഫർ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരനാണ് എഡിറ്റിങ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ട് - ഗോകുൽ ദാസ്, വസ്ത്രലങ്കാരം -മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ആബിദ് അബു, വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, വിതരണം - ഒ.പി.എം സിനിമാസ്, പി.ആർ.ഒ- ആതിര ദിൽജിത്ത്.

Tags:    
News Summary - Tovino movie 'Naradan' release postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.