മലയാളി സിനിമ ആരാധകരുടെ ഇടയിൽ ഒരു ചൊല്ലുണ്ട് ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റിപ്പോർട്ട് വന്നാൽ അയാൾ സകല റെക്കോഡും തിരുത്തി കുറിക്കും. മലയാളികളുടെ ഇടയിൽ അത്രത്തോളം സ്വാധീനമാണ് മോഹൻലാൽ എന്ന നടന്. അതുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ പോലൊരു സംവിധായകൻ അദ്ദേഹത്തെ 'മലയാളത്തിന്‍റെ മോഹൻലാൽ' എന്ന് വിശേഷിപ്പിച്ചതും. 2025 മോഹൻലാലിനെ സംബന്ധിച്ച് മികച്ച ഒരു വർഷമാണ്. നടനായും താരമായും മോഹൻലാൽ ഒരിക്കൽ കൂടി തീപടർത്തുകയാണ് ഈ വർഷം.
എമ്പുരാൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം 250 കോടിയോളം ലോകമെമ്പാട് നിന്നും കളക്ട് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നുവെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രകടനമായിരുന്നു ലഭിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ തരുൺ മൂർത്തി ചിത്രവും ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് നടത്തിയത്. ആരാധകരും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം കേരളത്തിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്.
ആഗോളതലത്തിൽ 170 കോടിയോളം കളക്ട് ചെയ്ത തുടരും കേരളത്തിൽ നിന്നും മാത്രം 89 കോടി നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018- എവരി വൺ ഈസ് ഹീറോ എന്ന മൾട്ടി സ്റ്റാർ ചിത്രത്തെ മറികടന്നാണ് തുടരും ഇൻഡസ്ട്രി ഹിറ്റായത്. 88 കോടിയയായിരുന്നു 2018ന്‍റെ കളക്ഷൻ. റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ ഒഴിച്ച് ബാക്കി സകല കളക്ഷൻ റെക്കോഡും മോഹൻലാൽ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.