ഷാരൂഖ് ഖാനും കജോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റ് ചിത്രമായ 'ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ' അതിന്റെ മൂന്ന് പതിറ്റാണ്ട് (30 വർഷം) പിന്നിടുകയാണ്. 1995 ഒക്ടോബർ 20നാണ് ചിത്രം റിലീസ് ചെയ്തത്. ആദിത്യ ചോപ്രയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ യാഷ് ചോപ്രയാണ് നിർമിച്ചത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡ് ഡി.ഡി.എൽ.ജെക്ക് സ്വന്തമാണ്. മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിൽ റിലീസ് ചെയ്തതിനുശേഷം 25 വർഷത്തിലേറെ കാലം ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് ഒരുപാട് പരിപാടികളാണ് നടക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ചോപ്ര തന്നെ സംവിധാനം ചെയ്യുന്ന 'കം ഫാൾ ഇൻ ലവ് - ദി DDLJ മ്യൂസിക്കൽ' എന്ന പേരിൽ ഒരു ഇംഗ്ലീഷ് ഭാഷാ സ്റ്റേജ് മ്യൂസിക്കൽ നിർമിക്കുന്നുണ്ട്. ലണ്ടനിലെ പ്രശസ്തമായ ലെസ്റ്റർ സ്‌ക്വയറിൽ രാജ്-സിമ്രാൻ പ്രണയ ജോഡിയുടെ ഐക്കോണിക് പോസിലുള്ള വെങ്കല പ്രതിമ സ്ഥാപിക്കും. ഒരു ഇന്ത്യൻ സിനിമയിലെ കഥാപാത്രങ്ങൾക്ക് ലെസ്റ്റർ സ്‌ക്വയറിൽ ലഭിക്കുന്ന ആദ്യത്തെ ബഹുമതിയാണിത്. ഇവിടെ വെച്ചാണ് കഥാപാത്രങ്ങൾ സിനിമയിൽ ആദ്യമായി കണ്ടുമുട്ടുന്നത്.
ആധുനിക ബ്രിട്ടീഷ് റെയിൽവേയുടെ 200-ാം വാർഷികവും ദിൽവാലെ ദുൽഹാനിയ ലേ ജായേങ്കേയുടെ 30-ാം വാർഷികവും സംയുക്തമായി ആഘോഷിക്കുന്നതിന് യഷ് രാജ് ഫിലിംസുമായി (YRF) ബ്രിട്ടീഷ് റെയിൽവേ സഹകരിക്കുന്നുണ്ട്. കിങ്സ് ക്രോസ് റെയിൽവേ സ്റ്റേഷനിൽ വെച്ചുള്ള സിനിമയിലെ രംഗങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആഘോഷങ്ങൾ. ഇന്നും മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിൽ ഡി.ഡി.എൽ.ജെ പ്രദർശനം തുടരുന്നത് അതിന്റെ 30 വർഷത്തെ പ്രധാന്യം വിളിച്ചോതുന്നു. വാർഷിക ദിവസങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും സിനിമയുടെ അണിയറപ്രവർത്തകരുമായുള്ള അഭിമുഖങ്ങളും ഓർമ്മപ്പെടുത്തലുകളും ഉണ്ടാകാറുണ്ട്.
90കളിലെ തലമുറക്ക് ബോളിവുഡ് റൊമാൻസിന്റെ ഒരു പുതിയ മാനം നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി വൻ വിജയം നേടിയ ആദ്യത്തെ ഹിന്ദി ചിത്രങ്ങളിൽ ഒന്നാണിത്. വിദേശത്തെ ആധുനിക ജീവിതവും ഇന്ത്യൻ മൂല്യങ്ങളും ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ ചിത്രത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ഓൺ-സ്ക്രീൻ ജോഡിയായ ഷാരൂഖ് ഖാൻ-കജോൾ കൂട്ടുകെട്ടിന്റെ കെമിസ്റ്റിറിയും ചിത്രത്തിന്റെ വൻ വിജയത്തിന് പ്രധാന കാരണമാണ്. ജതിൻ-ലളിത് സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. 'തുജെ ദേഖാ തോ', 'മേഹന്ദി ലഗാ കെ രഖ്‌നാ', 'മേരെ ഖ്വാബോ മേം ജോ ആയെ' തുടങ്ങിയ ഗാനങ്ങൾ ഇന്ത്യൻ വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഇപ്പോഴും ഒഴിച്ചുകൂടാനാവാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.